ബിജെപിക്ക് രണ്ടാമൂഴമുണ്ടായാല്‍ ലാലിന്റെ രണ്ടാമൂഴം മഹാഭാരതമാകാന്‍ സാധ്യതയില്ല !

ചെന്നൈ: ആയിരം കോടി മുടക്കി നിര്‍മ്മിക്കുമെന്ന് പ്രമുഖ എന്‍ ആര്‍ ഐ വ്യവസായി ബി.ആര്‍ ഷെട്ടി പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം മഹാഭാരതമെന്ന പേരിലാണ് ഇറക്കുവാന്‍ ശ്രമിക്കുന്നതെങ്കില്‍ ‘പെട്ടിയില്‍’ തന്നെ കിടന്നേക്കും.

കേരളത്തിലെ പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തകയും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയുമായ കെ.പി ശശികല പറഞ്ഞ നിലപാടിനൊപ്പമാണ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വമെന്നാണ് സൂചന.

മഹാഭാരതം ഭാവിതലമുറയെ വഴിതെറ്റിക്കുന്ന സിനിമാ രൂപമായി മാറ്റരുത് എന്നാഗ്രഹിക്കുന്ന സംഘപരിവാര്‍ നേതൃത്വം മറ്റേതെങ്കിലും പേരില്‍ സിനിമ ഇറക്കുന്നതാണ് ഉചിതമെന്നാണ് അഭിപ്രായപ്പെടുന്നത്.

ഒരു വടക്കന്‍ വീരഗാഥ എന്ന മമ്മൂട്ടി ചിത്രത്തില്‍ തിരക്കഥാകൃത്തായ എം ടി വാസുദേവന്‍ നായര്‍ വില്ലനായ ചന്തുവിനെ നായകനാക്കി ചരിത്രം വളച്ചൊടിച്ചത് പോലെ മഹാഭാരതമാക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടാമൂഴത്തിലും കഥാകൃത്ത് എം ടി ചരിത്രം വളച്ചൊടിക്കുകയില്ല എന്നതിന് എന്താണ് ഉറപ്പെന്നാണ് മലയാളിയായ ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിലെ പ്രമുഖന്‍ ചോദിക്കുന്നത്.

എഴുതിയ കഥയും പറഞ്ഞ കഥകളുമല്ല സിനിമയായി പുറത്തിറങ്ങുമ്പോള്‍ പലതിലും ഇന്നുവരെ കണ്ടിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേവലം കച്ചവട താല്‍പര്യത്തിനായി ഒരു ജനതയുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന നിലപാടിലാണ് സംഘ പരിവാര്‍ നേതൃത്വം.

എതിര്‍പ്പ് മറികടന്ന് സിനിമാ ചിത്രീകരണവുമായി മുന്നോട്ടു പോയാല്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍ തന്നെ അതിന് ‘മറുപടി’യുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ആര്‍എസ്എസ് നിലപാട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മഹാഭാരതത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി റിലീസിങിന് തയ്യാറാകുമ്പോഴേക്കും മോദിയുടെ ‘രണ്ടാമൂഴം’ ആരംഭിക്കുമെന്നതിനാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഠിനമായ പരീക്ഷണങ്ങള്‍ നേരിടേണ്ടതായി വരുമെന്നാണ് പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നിരൂപകരും വിലയിരുത്തുന്നത്.

കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍ മാത്രമേ ഭരണതലത്തിലെ എതിര്‍പ്പ് ഒഴിവാകുകയുള്ളൂ എന്നാണ് അവരുടെ നിഗമനം.

ഇനി ഈ പ്രതിസന്ധികള്‍ എല്ലാം മറികടന്ന് സിനിമ മഹാഭാരതമെന്ന പേരില്‍ തിയറ്ററുകളില്‍ എത്തിയാല്‍ തന്നെ ആര്‍എസ്എസ് ദേശീയ തലത്തില്‍ കര്‍ശന തീരുമാനമെടുത്താല്‍ ചിത്രത്തിന്റെ പ്രദര്‍ശനം തന്നെ ‘ത്രിശങ്കു’വിലാകാനാണ് സാധ്യത.

Top