പ്രധാനമന്ത്രിക്ക് ഭീഷണിയുണ്ടെന്ന് റിപ്പോർട്ട് ചെയ്തത് ഐ.ബി, വെട്ടിലായത് ബിജെപി

കൊച്ചി: ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ വെട്ടിലായി.

18ന് പുതുവൈപ്പിനില്‍ പൊലീസ് ലാത്തിചാര്‍ജ് നടക്കുമ്പോള്‍ യതീഷ് ചന്ദ്ര ജില്ലയില്‍ തന്നെ ഇല്ലായിരുന്നു എന്ന കാര്യമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

പ്രധാനമന്ത്രി വരുന്നതിന് തലേ ദിവസം നടന്ന പൊലീസ് നടപടി മാത്രമാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ നടന്നത്.

എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ ‘ചില’ കേന്ദ്രങ്ങളുടെ നിര്‍ദ്ദേശ പ്രകാരം സമരക്കാരില്‍ ചിലര്‍ യതീഷ് ചന്ദ്രയെ മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു.

മാധ്യമങ്ങളും കാര്യങ്ങള്‍ പരിശോധിക്കാതെ വാര്‍ത്ത കൊടുത്തതിനാല്‍ പ്രത്യക്ഷത്തില്‍ ‘വില്ലന്‍’ പരിവേഷമാണ് യതീഷ് ചന്ദ്രക്ക് ലഭിച്ചിരുന്നത്.

ഹൈക്കോടതി പരിസരത്തും, ഐ.ജി ഓഫീസിനു മുന്നിലും 16ന് സമരക്കാര്‍ നടത്തിയ ഉപരോധമാണ് മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ക്ലിയര്‍ ചെയ്തത്.

പ്രധാനമന്ത്രി 17ന് കടന്നു പോകേണ്ട റൂട്ടില്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധനയടക്കം പൊലീസ് പൂര്‍ത്തിയാക്കി നില്‍ക്കെ നടന്ന അപ്രതീക്ഷിത സമരം പൊലീസിനെ മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷക്കായി ഡല്‍ഹിയില്‍ നിന്നെത്തിയ എസ്.പി.ജി ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരുന്നു.

അന്ന് നടത്തിയ ബലപ്രയോഗം അനിവാര്യമായ നടപടിയായിരുന്നുവെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് യതീഷ് ചന്ദ്ര ഇപ്പോഴും.

പ്രധാനമന്ത്രിക്ക് ഗുരുതര ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ കൂടി അടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വം തന്നെയാണെന്നാണ് ഡി.ജി.പിയടക്കം ഉന്നത ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

16ന് ബോള്‍ഗാട്ടിക്കടുത്ത് റോഡ് തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയവര്‍ പിന്നീട് പൊലീസിന്റെ എതിര്‍പ്പ് അവഗണിച്ച് ഐജി ഓഫീസിനു മുന്നിലേക്കും ഹൈക്കോടതി പരിസരത്തേക്കും സമരം വ്യാപിപ്പിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ഡി.സി.പിയുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് സമരക്കാരെ നീക്കം ചെയ്തിരുന്നത്.

റോഡ് ഉപരോധത്തിനു പിന്നാലെ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രനിലപാടുള്ള ചില സംഘടനകള്‍ ഇടപെട്ടുവെന്ന ഗുരുതരമായ റിപ്പോര്‍ട്ടും പൊലീസിന് ലഭിച്ചിരുന്നു. അതിനാല്‍ തന്നെ സമരത്തിന്റെ ഭാഗമായി 17ന് കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഇതു സംബന്ധമായ മഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം ഞായറാഴ്ച വൈപ്പിനില്‍ ഐ.ഒ.സി ടെര്‍മിനലിന്റെ പ്രവര്‍ത്തനം തടയാന്‍ ശ്രമിച്ചത് ലാത്തിചാര്‍ജില്‍ കലാശിച്ചതോടെ ഈ പഴിയും യതീഷ് ചന്ദ്രയുടെമേല്‍ ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.

സ്ഥലത്ത് അന്നേ ദിവസം ഡി.സി.പി ഇല്ല എന്നത് പരിഗണിക്കാതെയായിരുന്നു കുറ്റാരോപണം. 16ലെ പൊലീസ് നടപടിയിലെ വിരോധമാണ് ഇതിനു കാരണമെന്നാണ് പറയപ്പെടുന്നത്.

യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ടവരില്‍ ബിജെപിയാണ് പ്രധാനമായും ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമുള്ള ജാഗ്രതയുടെ ഭാഗമായിക്കൂടിയാണ് പൊലീസ് നടപടി എന്ന് വ്യക്തമായതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

അതേസമയം ഡിസിപി യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്ന സിപിഐ അടക്കമുള്ളവരുടെ ആവശ്യത്തിന് മുന്നില്‍ വഴങ്ങേണ്ടതില്ലന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന.

Top