കുടിവെള്ളത്തിലില്ല രാഷ്ട്രീയം, ചുവപ്പിന്റെ വാഹനം കാത്ത് രാഷ്ട്രീയം മറന്ന് ജനങ്ങൾ

മലപ്പുറം: കത്തിയെരിയുന്ന വേനലില്‍ കുടിവെള്ളമില്ലാതെ നരകിക്കുന്ന നാട്ടുകാര്‍ക്ക് ആവോളം വെള്ളം നല്‍കി സേവന വഴിയില്‍ വ്യത്യസ്തരാവുകയാണ് കളിയാട്ടമുക്കിലെ ചുവപ്പിന്റെ കൂട്ടുകാര്‍.

രാഷ്ട്രീയത്തില്‍ തമ്മിലടിച്ചു നില്‍ക്കുന്ന പ്രതിയോഗികള്‍ക്കടക്കം കുടിവെള്ളമെത്തിച്ചാണ് സേവനം. ഒരു മാസത്തിലേറെയായി ആറുനൂറിലേറെ കുടുംബങ്ങള്‍ക്ക് ആവശ്യാനുസരണം വെള്ളമെത്തിക്കുന്നു. രാവിലെ ആറു മുതല്‍ രാത്രി പത്തരവരെ 35.000 ലിറ്റര്‍ കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്.

രണ്ടു കുടം മൂന്നു കുടം എന്ന റേഷന്‍ കണക്കല്ല. ഓരോ വീട്ടുകാര്‍ക്കും ആവശ്യമായ വെള്ളം എത്രയാണോ അത്രതന്നെ നല്‍കും. അതു തികച്ചും സൗജന്യമായി. കുടിവെള്ളത്തിനായി ഒരു രൂപപോലും ഈടാക്കുന്നില്ല. കളിയാട്ടമുക്കിലെ എടശേരി മമ്മുറ്റി ഹാജിയുടെ പറമ്പിലെ കിണറ്റില്‍ നിന്നാണ് സൗജന്യമായി വെള്ളം നല്‍കുന്നത്.

രാഷ്ട്രീയ, ജാതി, മതഭേദങ്ങളൊന്നുമില്ലാതെയാണ് കുടിവെള്ള വിതരണമെന്നതും ശ്രദ്ധേയമാണ്. കിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാതിരുന്നപ്പോഴാണ് സ്വന്തം നിലക്ക് കുടിവള്ള വിതരണം ആരംഭിച്ചതെന്ന് സി.പി.എം കളിയാട്ടമുക്ക് ബ്രാഞ്ച് സെക്രട്ടറി സി.എം ദേവരാജന്‍ പറഞ്ഞു.

രണ്ടു ലക്ഷത്തിലേറെ രൂപ ഇതിനകം ചെലവായിക്കഴിഞ്ഞു. മഴക്കാലം വരെ കുടിവെള്ളം നല്‍കാനാണ് തീരുമാനം. സേവനനിരതരായി സലീം വലിയോളി, അബ്ദു പണ്ടങ്കാവില്‍, നവാസ് കളിയാട്ടമുക്ക്, ലത്തീഫ്, വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം പ്രവര്‍ത്തകരാണ് ദിവസവും കുടിവെള്ള വിതരണത്തിനിറങ്ങുന്നത്. മുസ്‌ലിം ലീഗിന്റെ കോട്ടയില്‍ ചുവപ്പിന്റെ കൂട്ടുകാരുടെ കുടിവെള്ളം കാത്തിരിക്കുന്നവരില്‍ ലീഗുകാരും കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും ഉണ്ടെന്നതാണ് മറ്റൊരു കൗതുകം.

Top