അമ്മയ്ക്ക് ബദലാണെങ്കില്‍ മഞ്ജുവും സംഘവും പുറത്ത്,താരസംഘടനയിൽ ചേരിപ്പോര് രൂക്ഷം

കൊച്ചി: താര സംഘടനയായ ‘അമ്മ’യെ വെല്ലുവിളിച്ച് പുതിയ സംഘടനയുമായി മുന്നോട്ട് പോകാനാണ് മഞ്ജു വാര്യര്‍ അടക്കമുളള ചിലര്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് സംഘടനയില്‍ നിന്നും പുറത്തു പോകേണ്ടി വരുമെന്ന് അമ്മ ഭാരവാഹിയായ പ്രമുഖ നടന്‍.

ഇക്കാര്യം ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങളിലൂടെയുള്ള അറിവേ ഇക്കാര്യത്തിലുള്ളൂ, അതുകൊണ്ട് വിശദാംശം അറിയാതെ പ്രതികരിക്കുന്നത് ശരിയല്ലന്ന് പേര് ഇപ്പോള്‍ വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ അദ്ദേഹം Express keralaയോട് പ്രതികരിച്ചു. താരസംഘടനയ്ക്ക് എതിരല്ലന്ന് വരുത്തിതീര്‍ക്കുന്നതിനു വേണ്ടിമാത്രമാണ് സിനിമാ രംഗത്തെ മറ്റു മേഖലകളിലെ വനിതകളെക്കൂടി ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം.

അതേസമയം ‘അമ്മ’ എല്ലാ വിഭാഗം താരങ്ങള്‍ക്ക് വേണ്ടിയും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ വനിത സിനിമ പ്രവര്‍ത്തകര്‍ക്കുമാത്രമായി സംഘടന രൂപീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് താരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. സംഘടനയോട് ആലോചിക്കാതെയാണ് നടിമാരുടെ ഈ നീക്കമെന്നതാണ് പലരേയും ചൊടിപ്പിക്കാന്‍ കാരണം.

മലയാള സിനിമാ താരങ്ങള്‍ക്കിടയില്‍ മോഹന്‍ലാല്‍ വിഭാഗവുമായി മമ്മുട്ടി-ദിലീപ് വിഭാഗങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നടിമാര്‍ മുന്‍കൈയെടുത്തുള്ള സംഘടനാ രൂപീകരണത്തിന് മോഹന്‍ലാലിന്റെ പിന്തുണയുണ്ടാകുമോ എന്നാണ് സിനിമാ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അങ്ങിനെ വന്നാല്‍ ‘അമ്മ’യുടെ സമ്പൂര്‍ണ്ണ പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തും. ലാലിന്റെ കൂടെ രണ്ട് സിനിമകളിലാണ് നായികയായി ഒരേ സമയം മഞ്ജു ഇപ്പോള്‍ വരുന്നത്.

നിലവില്‍ ഇന്നസെന്റ് പ്രസിഡന്റും, മോഹന്‍ലാലും ഗണേഷ് കുമാറും വൈസ് പ്രസിഡന്റുമാരും, മമ്മൂട്ടി ജനറല്‍ സെക്രട്ടറിയും ട്രഷറര്‍ ദിലീപുമാണ്.

മഞ്ജു വാര്യരുടെ നേതൃത്ത്വത്തില്‍ ആരംഭിക്കുന്ന പുതിയ സംഘടനയായ ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’യില്‍ ഇപ്പോള്‍ റിമ കല്ലിങ്കല്‍, പാര്‍വ്വതി, രമ്യാ നമ്പീശന്‍, സജിത മഠത്തില്‍, സംവിധായിക അഞ്ജലി മേനോന്‍, ബീനാ പോള്‍, ഗായിക സയനോര, വിധുവിന്‍സന്റ് തുടങ്ങിയവരാണ് ഉള്ളത്.

നടി ഭാവന, ഗീതു മോഹന്‍ദാസ് ,സംയുക്ത വര്‍മ്മ എന്നിവരടക്കമുള്ള സുഹൃത്തുക്കളെയും മറ്റ് നടിമാരെയും സാങ്കേതിക പ്രവര്‍ത്തകരേയും ഈ കൂട്ടായ്മയിലേക്ക് മഞ്ജുവും സംഘവും പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി വിപുലമായ കണ്‍വെന്‍ഷന്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ക്കും.

വനിതാ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും വരാനിടയുള്ള എതിര്‍പ്പ് മുന്നില്‍ കണ്ടാണെന്നാണ് സൂചന.PicsArt_05-18-06.19.33

അതേസമയം മഞ്ജുവുമായി സഹകരിച്ചാല്‍ സിനിമയില്‍ നിന്നും ഔട്ടാകുമോ എന്ന ഭയത്തില്‍ ഭൂരിപക്ഷം നടിമാരും ഉള്‍വലിഞ്ഞ് നില്‍ക്കുകയാണ്.

മഞ്ജു വാര്യര്‍, റിമ കല്ലുങ്കല്‍, പാര്‍വ്വതി, രമ്യാ നമ്പീശന്‍, സജിത മഠത്തില്‍ എന്നിവരോട് വിശദീകരണം ചോദിച്ച് ‘തൃപ്തികരമല്ലകില്‍’ പുറത്താക്കുമെന്ന് തന്നെയാണ് സൂചന. ഇതിനായി താരങ്ങള്‍ക്കിടയില്‍ ശക്തമായ ക്യാമ്പയിന്‍ തന്നെ ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്.

മമ്മുട്ടി-ദിലീപ് വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ താരങ്ങളുടെയും പിന്തുണയെന്നാണ് സൂചന.

മോഹന്‍ലാല്‍ മഞ്ജുവിനെ അനുകൂലിച്ചാല്‍ പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ബിജു മേനോന്‍ ,കഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങള്‍ കൂടെ നില്‍ക്കാനാണ് സാധ്യത.

സംഘടനയില്‍ ഒരു പിളര്‍പ്പിലേക്ക് തന്നെ കാര്യങ്ങള്‍ നീങ്ങുന്ന പശ്ചാത്തലത്തില്‍ സീനിയര്‍ സംവിധായകരും താരങ്ങളും സമവായത്തിനിറങ്ങണമെന്ന ആവശ്യവും ഇതിനകം ശക്തമായിട്ടുണ്ട്.

മഞ്ജു-ദിലീപ് ‘തര്‍ക്ക ‘മാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണമെന്നാണ് പറയപ്പെടുന്നത്.

മഞ്ജു വാര്യര്‍ക്ക് അവസരങ്ങള്‍ ദിലീപ് ഇടപെട്ട് നിഷേധിക്കുന്നു എന്ന് ഒരുവിഭാഗം ആരോപിക്കുമ്പോള്‍ ചെയ്യാത്ത തെറ്റിന് അവസരം നോക്കി ദിലീപിനെ പ്രതിക്കൂട്ടിലാക്കാന്‍ മഞ്ജു ശ്രമിച്ചുവെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. ദമ്പതികള്‍ പിരിഞ്ഞാല്‍ ‘അണിയറയില്‍’ഏറ്റുമുട്ടുന്നത് ശരിയല്ലന്ന അഭിപ്രായമാണ് ഭൂരിപക്ഷ താരങ്ങള്‍ക്കുമുള്ളത്. സ്ത്രീയെന്നോ പുരുഷനെന്നോ കുട്ടിയെന്നോ വ്യത്യാസമില്ലാതെ എല്ലാ താരങ്ങള്‍ക്കുമായി ‘അമ്മ’യുള്ളപ്പോള്‍ എന്തിനാണ് വനിത സിനിമ പ്രവര്‍ത്തകര്‍ക്കുമാത്രമായി ഒരു സംഘടനയെന്നാണ് ഇവരുടെ ചോദ്യം.

Top