ഒരു വോട്ട് കൂടുതൽ ലഭിച്ചാൽ പോലും ‘ മീശ ‘ വയ്ക്കാൻ വെള്ളാപ്പള്ളിക്ക് ബാധ്യതയുണ്ടെന്ന്

PicsArt_04-17-03.57.05

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍ മീശ വക്കുമോ? രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ കൗതുകത്തോടെ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണയില്ലന്നും വന്‍ തോല്‍വി ഉണ്ടാവുമെന്നും പ്രവചിച്ച വെള്ളാപ്പള്ളി മറിച്ചായാല്‍ താന്‍ മീശ വയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ബിഡിജെഎസ് അണികളെ ബിജെപി ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 64,705 വോട്ടിനേക്കാള്‍ 957 വോട്ടുകള്‍ കൂടുതല്‍ നേടി 65662 വോട്ടാണ് ഇവിടെ ബിജെപി സമാഹരിച്ചിരിക്കുന്നത്. ഇത് തിളക്കമാര്‍ന്ന നേട്ടമല്ലങ്കിലും വെള്ളാപ്പള്ളിയെ മീശ വയ്പ്പിക്കാന്‍ ഇത് ധാരാളമാണെന്നാണ് ഒരുവിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അവകാശവാദം.

മലപ്പുറം തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ട് സമാഹരിക്കാന്‍ വിയര്‍പ്പൊഴുക്കി പ്രവര്‍ത്തിച്ച ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കുന്ന നടപടിയായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍മ്പുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.

വെള്ളാപ്പള്ളിക്കെതിരെ ബിജെപിയില്‍ രോക്ഷം ഉയര്‍ന്നതിനെ തുടര്‍ന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി മലപ്പുറത്ത് ബിജെപിക്ക് പിന്തുണയുണ്ടെന്ന് അറിയിച്ചപ്പോഴും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ വെല്ലുവിളി പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല.

അച്ഛനും മകനും ഇടക്കിടെ നിലപാട് മാറ്റി പറയുന്നതിന്റെ ഭാഗമായി മാത്രം ഈ ‘അവസരവാദപരമായ ‘ നിലപാടുകളെ കണ്ട ബിജെപി നേതൃത്യം അവരെ കാര്യമായി വകവച്ചിരുന്നുമില്ല. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ബിഡിജെഎസ് ഒരു ഘടകമേ അല്ല എന്നതും ബിജെപിക്ക് ആത്മവിശ്വാസം നല്‍കിയ ഘടകമായിരുന്നു.

ചുമ്മാ ബിഡിജെഎസ് ആണെന്ന് പറഞ്ഞ് ചിലരെ എഴുന്നള്ളിക്കുന്നതില്‍ മലപ്പുറത്തെ സംഘപരിവാര്‍ സംഘടനകളിലും കടുത്ത അതൃപ്തിയുണ്ടായിരുന്നു.

കേന്ദ്രത്തിലെ പദവികള്‍ കിട്ടാനായി കൂടെ കൂടിയവരെ കണ്ടാല്‍ കിട്ടേണ്ട വോട്ടുകള്‍ പോലും കിട്ടില്ലന്ന അഭിപ്രായത്തിനായിരുന്നു പാര്‍ട്ടിയില്‍ മുന്‍തൂക്കം

ഇപ്പോള്‍ വോട്ട് ശതമാനം വലിയ രൂപത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്തത് ശക്തമായൊരു നേതാവിനെ രംഗത്തിറക്കാന്‍ കഴിയാത്തതുകണ്ടാണെന്നാണ് പാര്‍ട്ടിക്കകത്തെ അഭിപ്രായം. മുസ്ലിം ന്യൂനപക്ഷം ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഇടത്-വലത് മുന്നണികളും കൂടാതെ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ സകല വിഭാഗങ്ങളും ബിജെപിയെ എതിര്‍ത്തിട്ടും മലപ്പുറത്ത് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു വോട്ടിന് പോലും അതിന്റേതായ മൂല്യമുള്ള സാഹചര്യത്തില്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിനാല്‍ അന്തസ്സുണ്ടെങ്കില്‍ വെള്ളാപ്പള്ളി വാക്ക് പാലിക്കണമെന്നതാണ് പ്രവര്‍ത്തകരുടെ ആവശ്യം.

നിലവില്‍ വെള്ളാപ്പള്ളി മീശയുള്ള അവസ്ഥയിലാണെങ്കില്‍ അത് വടിച്ച് കളഞ്ഞ് പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന തരത്തില്‍ മീശ വയ്ക്കണമെന്നാണ് ഇവര്‍ പറയുന്നത്.

വെള്ളാപ്പള്ളിയുടെ പരിഹാസ വാക്കുകള്‍ യുഡിഎഫും എല്‍ഡിഎഫും തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ ബിജെപിക്കെതിരെ ‘പരിഹാസമായി’തന്നെ ഉപയോഗിക്കുകയും ചെയ്തിരുന്നു.Related posts

Back to top