സണ്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കാന്‍ ഡി.എം.കെ കരുനീക്കം തുടങ്ങി

ചെന്നൈ: അടുത്ത തമിഴക മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരുന്ന ഡി.എം.കെ നേതാവ് സ്റ്റാലിന്‍ പുതിയ കരുനീക്കത്തില്‍ !

മാധ്യമ രംഗത്തുള്ള സ്വാധീനം ഉപയോഗപ്പെടുത്തി രജനികാന്തിന്റെ വെല്ലുവിളിയെ അതിജീവിക്കാനാണ് ശ്രമം. തമിഴകത്ത് ഏറ്റവും ശക്തമായ മാധ്യമ ശൃംഘല സണ്‍ നെറ്റ് വര്‍ക്കിനാണ്. സണ്‍ ടിവി ഉള്‍പ്പെടെ നിരവധി മുഖ്യധാരാ മാധ്യമങ്ങള്‍ ഈ നെറ്റ് വര്‍ക്കിന്‍ കീഴിലാണ്.

ഡി.എം.കെ പരമോന്നത നേതാവ് കരുണാനിധിയുടെ അടുത്ത ബന്ധുക്കളായ മാരന്‍ സഹോദരന്‍മാരാണ് ഈ സ്ഥാപനത്തിന്റെ ഉടമകള്‍.

ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ദയാനിധി മാരന്‍ കേന്ദ്ര മന്ത്രി വരെ ആയിട്ടുണ്ട്. മറ്റൊരു മാരന്‍ സഹോദരനായ കലാനിധി മാരന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് വളരെ സജീവമാണ്.

കരുണാനിധിയുടെ സ്വന്തമായ കലൈഞ്ജര്‍ ടി.വിയും ഡി.എം.കെയുടെ കുന്തമുനയാണ്.

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുവെങ്കിലും സ്റ്റാലിനും ഡി.എം.കെയും കടുത്ത ആശങ്കയിലാണ്.

അണ്ണാ ഡി.എം.കെയുമായല്ല, മറിച്ച് രജനിയുടെ പാര്‍ട്ടിയുമായായിരിക്കും തങ്ങള്‍ക്ക് ഏറ്റുമുട്ടണ്ടി വരികയെന്ന് ഡി.എം.കെ നേതൃത്വം തിരിച്ചറിയുന്നുണ്ട്. അതിനാല്‍ തന്നെ രജനികാന്തിന് അമിത പ്രാധാന്യം നല്‍കുന്ന വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാനാണ് നീക്കം.

രജനിയുടെ നിരവധി സിനിമകളുടെ സംപ്രേക്ഷണ അവകാശം സണ്‍നെറ്റ് വര്‍ക്കിനാണ്. ഈ സിനിമകള്‍ ഇനി തല്‍ക്കാലം സംപ്രേക്ഷണം ചെയ്യേണ്ടതില്ലന്ന ആലോചനയും തലപ്പത്ത് നടക്കുന്നുണ്ട്.

രജനിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ യന്തിരന്‍ നിര്‍മ്മിച്ചതും സണ്‍ പിക്‌ചേഴ്‌സാണ്.

അതേ സമയം രജനിയുമായി ഏറെ അടുപ്പമുള്ള കലാനിധിമാരന്‍ ഡി.എം.കെയുടെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടറിയേണ്ട അവസ്ഥയും നിലവിലുണ്ട്.

യന്തിരന്‍ രണ്ടാം ഭാഗം 2.0 ഇപ്പോള്‍ പ്രദര്‍ശനത്തിന് തയ്യാറായി നില്‍ക്കുകയാണ്. ഈ സിനിമ പരാജയപ്പെടുത്താനും തമിഴകത്തെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമം നടത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇക്കാര്യത്തില്‍ സംവിധായകന്‍ ശങ്കറിനും ചില ആശങ്കകള്‍ ഉണ്ട്.

രജനി കര്‍ണ്ണാടക സ്വദേശിയാണെന്ന് പറഞ്ഞുള്ള പ്രചരണവും തമിഴകത്ത് ഇപ്പോള്‍ ഒരു വിഭാഗം തുടങ്ങിയിട്ടുണ്ട്. തമിഴനെ ഭരിക്കാന്‍ തമിഴന്‍ മതിയെന്നാണ് ഇക്കൂട്ടരുടെ വാദം.

രജനിയെ എത്രമാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ പേടിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ നീക്കങ്ങള്‍.

Top