‘ആക്രമണം’ തന്നെ ആയുധമാക്കി ‘രാമലീല’ പൊലീസിനെ പോലും അമ്പരപ്പിച്ച വീഡിയോ

 

കൊച്ചി: മജിസ്‌ട്രേറ്റ് കോടതിയുടെ ‘അപ്രതീക്ഷിതമല്ലാത്ത’ വിധിവന്നെങ്കിലും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ദിലീപിന്റെ ‘രാമലീല’യുടെ തേരോട്ടം തുടങ്ങി.

28 ന് പുറത്തിറങ്ങുന്ന സിനിമ കാണാന്‍ തങ്ങള്‍ക്കൊപ്പം ദിലീപ് ഉണ്ടായാലും ഇല്ലങ്കിലും ‘രാമലീല’ വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍.

അറസ്റ്റും ജയില്‍വാസവുമെല്ലാം ദിലീപിന് അനുകൂലമാക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ ‘രാമലീല’യുടെ പ്രചരണ വീഡിയോകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഈ സിനിമയുടെ കഥ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയംപോലും ജനിപ്പിക്കുന്നതാണ് വീഡിയോകളിലെ രംഗങ്ങള്‍.

21767393_2005285126374018_642766523_n

ദിലീപിന്റെ ജീവിതത്തിലെയും സിനിമയിലെയും അറസ്റ്റുകളും ഡയലോഗുകളും കോര്‍ത്തിണക്കിയാണ് ഏവരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് വിവിധതരം ടീസറുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കൊച്ചിയിലെ അബാദ് ഹോട്ടലില്‍ ദിലീപിനെ പൊലീസ് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ ചാനലുകാരനോട് ‘എന്താ ചേട്ടാ വെറുതെ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് ‘ എന്ന ദിലീപിന്റെ ചോദ്യത്തോടെയാണ് ചില വീഡിയോകള്‍ ആരംഭിക്കുന്നത്.

പിന്നീട് രാമലീലയിലെ ‘നെഞ്ചില്‍ എരിതീയേ എങ്കിലും നീയേ . . പുഞ്ചിരികളോടെ പോവിതങ്ങ് ദൂരെ ‘ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന ദൃശ്യം സിനിമയിലെ അറസ്റ്റിനോട് യോജിപ്പിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

‘ചിന്തിയുറയുന്നേ വഞ്ചന തീയേ . . അങ്കമതിലൂടെ പോവതിങ്ങ് ദൂരെ ‘ എന്ന സിനിമയിലെ ഗാനത്തിലെ വരികളും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതാണ്.

പൊലീസ് നിയന്ത്രണത്തില്‍ പിതാവിന്റെ ശ്രദ്ധത്തിന്റെ ചടങ്ങുകള്‍ നടത്തുന്ന ദിലീപിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ വൈകാരികമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

21767466_2005285139707350_770275566_n

നേരത്തെ പ്രമുഖ മലയാളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ ‘മാസ് ‘ഡയലോഗുകളും രാമലീലയുടെ ചില ടീസറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഈ സാധനം നമ്മുടെ നേര്‍ക്ക് തിരിഞ്ഞു വരുന്നത് . . സത്യം പറഞ്ഞാല്‍ ഈ ഗൂഢാലോചനയും ക്വട്ടോഷനുമൊക്കെ എനിക്കെതിരെയായിരുന്നില്ലേ ?

ഞാന്‍ ആരെയും ദ്രോഹിച്ചിട്ടില്ല, എന്റെ കൂടെയാണ് എന്ന് ഞാന്‍ വിശ്വസിച്ചയിടത്ത് നിന്നു തന്നെയാണ് എനിക്ക് തട്ട് കിട്ടിയിട്ടുള്ളത്.

കൂടുതല്‍ കുഴപ്പമുണ്ടാകുമ്പോള്‍ അത് ഞാന്‍ ഓപ്പണ്‍ ചെയ്യേണ്ട അവസ്ഥ ആരും ഉണ്ടാക്കരുതേയെന്നാണ് എന്റെ പ്രാര്‍ത്ഥന’

അറസ്റ്റിന് മുന്‍പ് ദിലീപ് നല്‍കിയ അഭിമുഖത്തിലെ ഈ വാക്കുകള്‍ ഇപ്പോള്‍ തിരഞ്ഞ് പിടിച്ച് സിനിമയുടെ പ്രചരണ വീഡിയോയില്‍ ഉള്‍പ്പെടുത്തിയത് അന്വേഷണ സംഘത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.

മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി എറണാകുളം കുടുംബകോടതിയില്‍ നല്‍കിയ തന്റെ ഹര്‍ജിയെ സൂചിപ്പിച്ചായിരുന്നു ദിലീപിന്റെ ഈ അഭിപ്രായപ്രകടനം.

ഹര്‍ജിയില്‍ യഥാര്‍ത്ഥ വില്ലന്‍മാരുണ്ടെന്ന് ദിലീപ് തുറന്ന് പറഞ്ഞിരുന്നു. കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നടി ആക്രമിക്കപ്പെട്ട കേസ് പോകുമ്പോള്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നായിരുന്നു ദിലീപിന്റെ മുന്നറിയിപ്പ്.

ഇപ്പോള്‍ കൂടുതല്‍ കുഴപ്പമുണ്ടായി ദിലീപ് ജയിലിലായ സാഹചര്യത്തില്‍ ഇനി കുടുംബകോടതിയില്‍ രഹസ്യമായി കിടക്കുന്ന ഹര്‍ജിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ദിലീപ് പുറത്തു വന്നാല്‍ വെളിപ്പെടുത്തുമെന്ന ശക്തമായ അഭ്യൂഹമുണ്ട്.

ദിലീപ് അകത്ത് തന്നെ കിടക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണിത്. ദിലീപ് പുറത്തു വന്നാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലപാടെടുത്ത് ജാമ്യഹര്‍ജി തള്ളിപ്പിച്ച പ്രോസിക്യൂഷന്‍ നിലപാട് അവര്‍ക്ക് താല്‍ക്കാലിക ആശ്വാസമായിട്ടുണ്ട്.

അതേ സമയം മജിസ്‌ട്രേറ്റ് കോടതിക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലന്ന് ഉറപ്പുണ്ടായിട്ടും അവിടെ തന്നെ ജാമ്യഹര്‍ജി നല്‍കിയത് ദിലീപിന്റെ അഭിഭാഷകന്റെ തന്ത്രമായിട്ടാണ് നിയമകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

പ്രോസിക്യൂഷന്റെ എതിര്‍ വാദമുഖങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിയിലെ വാദമുഖങ്ങളില്‍ നിന്നും മനസ്സിലാക്കിയതിനാല്‍ ഇനി മേല്‍ക്കോടതികളില്‍ അപ്പീലിനു പോകുമ്പോള്‍ അത് ദിലീപിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട് : എം വിനോദ്

Top