ഡൽഹി മുഖ്യമന്ത്രിക്ക് പ്രിയം പിണറായിയോട്, കേരള പൊലീസിന്റെ സേവനം ആവശ്യപ്പെടും ?

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാള്‍ ഇപ്പോള്‍ വിശ്വാസം കേരള മുഖ്യമന്ത്രി പിണറായി വിജയനെ.

ഡല്‍ഹിയില്‍ അധികാരമേറ്റതിന് ശേഷം അഴിമതി തുടച്ചു നീക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി ) പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കാന്‍ ബീഹാറില്‍ നിന്നുള്ള പൊലീസുദ്യോഗസ്ഥരെയാണ് കെജ്‌രിവാളിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നിതീഷ് കുമാര്‍ വിട്ടു നല്‍കിയിരുന്നത്.

ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴില്‍ വരുന്നതിനാലും ഡല്‍ഹി പൊലീസും ഡല്‍ഹി സര്‍ക്കാറും പല വിഷയങ്ങളിലും പരസ്പരം ഏറ്റുമുട്ടുന്നതിനാലുമായിരുന്നു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ബീഹാറിന്റെ സഹായം കെജ്‌രിവാള്‍ തേടിയിരുന്നത്.

കേന്ദ്ര സര്‍ക്കാറിനും ഡല്‍ഹി പൊലീസിനും ഈ നടപടി ‘പിടിച്ചില്ലങ്കിലും’ കെജ്‌രിവാള്‍ വകവെച്ച് കൊടുത്തിരുന്നില്ല. ബീഹാറില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയായിരുന്നു എസിബി തലപ്പത്ത് പ്രതിഷ്ടിച്ചിരുന്നത്.

ഇപ്പോഴത്തെ ‘പ്രത്യേക’ സാഹചര്യത്തില്‍ എസിബിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകാനാണ് ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷുകുമാര്‍ അടുക്കുന്നതായ റിപ്പോര്‍ട്ടുകളാണ് ബീഹാര്‍ പൊലീസിന്റെ സേവനം അവസാനിപ്പിക്കാം എന്ന ആലോചനയിലേക്ക് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടി നേതൃത്ത്വത്തെയും ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.

ബീഹാര്‍ പൊലീസിന് പകരം കേരള പൊലീസിന്റെ സഹായം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും തേടാനാണ് ആലോചന.

ബിജെപിയോടും ആര്‍എസ്എസിനോടും ഒരു കാലത്തും കമ്യൂണിസ്റ്റുകള്‍ സന്ധി ചെയ്യില്ലന്ന ഉറപ്പാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലേക്ക് കെജ്‌രിവാളിന്റെ കണ്ണുകളെ എത്തിച്ചിരിക്കുന്നത്.

കേരളത്തിനു പുറത്ത് മുഖ്യമന്ത്രി പിണറായിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സംഘപരിവാര്‍ രംഗത്തിറങ്ങിയ സന്ദര്‍ഭത്തില്‍ തന്നെ കേരള ഹൗസിലെത്തി പിണറായിയുമായി ചര്‍ച്ച നടത്താനും കെജ്‌രിവാള്‍ ഈയിടെ തയ്യാറായിരുന്നു.

അടുത്ത കൂടിക്കാഴ്ച ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിലാക്കാമെന്ന ധാരണയിലാണ് അന്ന് ഇരു നേതാക്കളും പിരിഞ്ഞിരുന്നത്. ആം ആദ്മി പാര്‍ട്ടിയും സിപിഎമ്മും പരസ്പരം സഹകരണത്തിലേക്ക് പോകുമെന്ന സൂചന നല്‍കുന്നതായിരുന്നു ഈ കൂടിക്കാഴ്ച്ച.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെയടക്കം ഉള്‍പ്പെടുത്തി വിശാലമായ മതേതര സഖ്യം രൂപീകരിക്കണമെന്ന അഭിപ്രായമാണ് സിപിഎം കേന്ദ്ര നേതൃത്ത്വത്തിനുമുള്ളത്.

Top