മമതയുടെ മോദി ‘പ്രേമം’ പിടി വള്ളിയാക്കി ബംഗാള്‍ തിരിച്ചുപിടിക്കാന്‍ സി.പി.എം പദ്ധതി

കൊല്‍ക്കത്ത: സി.പി.എമ്മിന് പുതിയ പ്രതീക്ഷ നല്‍കി മമതയുടെ വലിയ ‘പിഴ’

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിരോധമില്ലന്ന് ബംഗാള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ അവര്‍ക്ക് തന്നെ വിനയായി മാറിയിരിക്കുന്നത്.

സംഘപരിവാര്‍ കൂടാരത്തിലേക്കുള്ള മമതയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിലപാടിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കിക്കാണുന്നത്.

ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമത പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്ത് വന്നത്.

‘ നരേന്ദ്ര മോദിയോട് എനിക്ക് താല്‍പ്പര്യമാണ്, പക്ഷേ അമിത് ഷായോടില്ല, പ്രധാനമന്ത്രിയെ ഞാന്‍ കണ്ണടച്ച് ആക്ഷേപിക്കില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം’ ഇതായിരുന്നു മമതയുടെ വിവാദമായ പരാമര്‍ശം.

സംഘപരിവാര്‍ അജണ്ട മാത്രം നടപ്പാക്കുന്ന മോദിയെ വേര്‍തിരിച്ച് കണ്ട മമത കാവിപ്പടയുടെ പാളയത്തിലേക്കുള്ള യാത്രയിലാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

അവസരം മുതലെടുത്ത് മമതക്കെതിരെ ആഞ്ഞടിച്ച് രംഗത്തിറങ്ങാനാണ് പാര്‍ട്ടി തീരുമാനം.

ആര്‍.എസ്.എസും ബി.ജെ.പിയും ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളെ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിര്‍ത്തി പ്രതിരോധിച്ചിരുന്ന മമതക്ക് ചുവട് പിഴച്ചുവോ എന്ന ചോദ്യം പ്രമുഖ രാഷ്ട്രീയ നിരീക്ഷകരിലും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

ഒരു കാലത്ത് ഇടത് വോട്ട് ബാങ്കായിരുന്ന ന്യൂനപക്ഷ സമുദായത്തിലെ പ്രബല വിഭാഗത്തെ തന്ത്രപരമായി അടര്‍ത്തിമാറ്റി കൂടെ നിര്‍ത്തിയതാണ് മമതയുടെ തുടര്‍ച്ചയായ വിജയത്തിന് പ്രധാന കാരണമായിരുന്നത്.

ത്രിണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആക്രമണത്തില്‍ പൊറുതിമുട്ടിയിട്ടും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് സംഘ പരിവാര്‍ വിരോധം ചൂണ്ടിക്കാട്ടിയായിരുന്നു.

മുന്‍പ് വാജ്‌പേയ് നേതൃത്വം നല്‍കിയ എന്‍.ഡി.എ സര്‍ക്കാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് അംഗമായിരുന്ന സാഹചര്യമല്ല ഇപ്പോള്‍ ബംഗാളിലേത്.

ഇടതുപക്ഷം ഭരണത്തില്‍ നിന്നും പുറത്തായതോടെ വര്‍ഗ്ഗീയ ശക്തികള്‍ പിടിമുറുക്കുന്ന അസാധാരണ സാഹചര്യം ബംഗാള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നുണ്ട്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തന്നെ ഇക്കാര്യം പരസ്യമായി ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്.

ഈ സാഹചര്യത്തില്‍ മമതയുടെ മോദി ‘പ്രേമം’ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ജന സ്വാധീനം തിരിച്ചു പിടിക്കാനുള്ള അവസരമാക്കി മാറ്റാന്‍ കഴിയുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രതീക്ഷ.

ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍ നിര്‍ത്തി ഇപ്പോഴേ ‘മുന്‍കരുതല്‍’ പ്രവര്‍ത്തനങ്ങള്‍ക്ക് ചെമ്പട തുടക്കമിട്ടു കഴിഞ്ഞു.

ത്രിണമൂല്‍ ആക്രമണം മൂലം നാടുവിട്ട സി.പി.എം അനുഭാവികളെ തിരികെ കൊണ്ടു പന്ന് പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടന്നു വരികയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും ചെമ്പട തീരുമാനിച്ചിട്ടുണ്ട്.

ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ അധികം താമസിയാതെ ബംഗാളിലെ പ്രചരണ രംഗത്തിറക്കാനാണ് തീരുമാനം.

ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകളെ ചെറുക്കാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂ എന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങള്‍, ദളിത് വിഭാഗങ്ങള്‍ എന്നിവരുടെ ഇടയില്‍ വ്യാപകമായ പ്രചരണം നടത്തും.

ഭൂരിപക്ഷ വിഭാഗത്തെ കൂടെ നിര്‍ത്തുന്നതോടൊപ്പം കൂട് വിട്ട് പോയവരെ തിരിച്ച് കൂട്ടിലാക്കാനാണ് പദ്ധതി.

ജാതിക്കും മതത്തിനും അപ്പുറം മഹത്തായ പാരമ്പര്യം രാജ്യത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച പഴയ ചരിത്രത്തിലേക്ക് ബംഗാളിനെ തിരികെ കൊണ്ടുവരിക എന്ന ദൗത്യമാണ് പാര്‍ട്ടി ഇപ്പോള്‍ എറ്റെടുക്കുന്നതെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി.

അതേ സമയം മമത മോദിയെ ‘വെള്ളപൂശിയ’ നടപടിയില്‍ ഒരു വിഭാഗം ത്രിണമൂല്‍ പ്രവര്‍ത്തകര്‍ രോഷാകുലരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top