യു.എൻ.എക്കെതിരെ സി.പി.എമ്മിൽ വൻ പട, ഇങ്ങനെ വളരാൻ വിടരുതെന്ന് സി.ഐ.ടി.യു

തിരുവനന്തപുരം: നഴ്‌സിങ്ങ് സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ)ക്കെതിരെ നിലപാട് കടുപ്പിച്ച് സി.പി.എം.

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായതിന്റെ ക്രെഡിറ്റ് യുഎന്‍എ അവകാശപ്പെട്ട് പ്രചരണം നടത്തുന്നതാണ് സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ യുഎന്‍എയ്ക്ക് മുതലെടുപ്പു നടത്താന്‍ സാഹചര്യമുണ്ടായതിലുള്ള കടുത്ത അതൃപ്തി സി.ഐ.ടി.യു സംസ്ഥാന നേതൃത്വം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ആശുപത്രി ജീവനക്കാരില്‍ ഒരു വിഭാഗത്തെ സംഘടിപ്പിച്ച് സംഘടിത തൊഴിലാളി വര്‍ഗത്തെ തകര്‍ക്കാനാണ് യുഎന്‍എ ശ്രമിച്ചതെന്ന ഗൗരവമായ ആരോപണമാണ് സിപിഎം നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (സി.ഐ.ടി.യു) ഉന്നയിക്കുന്നത്.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.സി. ജോസഫൈനും സെക്രട്ടറി മാധവനും പുറത്തിറക്കിയ പ്രസ്താവനയില്‍ വിഭാഗീയതയും ചേരിപ്പോരും കൈമുതലാക്കിയ സംഘടനകളാണ് സമരം സംഘടിപ്പിച്ചതെന്ന് തുറന്നടിച്ചിട്ടുണ്ട്.

ഇതിനെതിരെ ഫേസ്ബുക്കിലൂടെ ശക്തമായി മറുപടി നല്‍കിയ യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ നടപടി സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെയാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയുമായ ജോസഫൈനിന്റെയും മാധവന്റെയും നിലപാടുകളെന്നാണ് ജാസ്മിന്‍ ഷാ തുറന്നടിച്ചത്.

പാര്‍ട്ടിയില്‍ ഭിന്നിപ്പ് ഉണ്ടെന്ന തരത്തില്‍ പ്രചരണം നടത്തിയാല്‍ യുഎന്‍എ വിവരമറിയുമെന്നാണ് സിപിഎമ്മിന്റെ പ്രമുഖനായ ഒരു എംഎല്‍എ പ്രതികരിച്ചത്.

ഏതെങ്കിലും ഒരു സംഘടനയുടെ സമ്മര്‍ദ്ദഫലമായല്ല ഇടതുപക്ഷത്തിന് ശരിക്കും ബോധ്യമുള്ളത് കൊണ്ട് തന്നെയാണ് പാവപ്പെട്ട നഴ്‌സുമാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് തീരുമാനമെടുപ്പിച്ചതെന്നാണ് അവകാശവാദം.

വ്യക്തികേന്ദ്രീകൃതമായ ഒരു നഴ്‌സിങ്ങ് സംഘടനക്കു മുന്നില്‍ ചെങ്കൊടി പ്രസ്ഥാനത്തിന് തല കുനിക്കാന്‍ കഴിയില്ലന്നും ഹോസ്പിറ്റല്‍ മേഖലയില്‍ ശക്തമായ ഇടപെടല്‍ നടത്തി ഇതിന് പരിഹാരം കാണുമെന്നും സിഐടിയു നേതൃത്വവും വ്യക്തമാക്കി.

ഇതിനായി പ്രൈവറ്റ് നഴ്‌സിങ്ങ് മേഖലയില്‍ പുതിയ ഒരു സംഘടന തന്നെ രൂപീകരിക്കാനാണ് ആലോചന.

അതേസമയം അപ്രതീക്ഷിതമായി കിട്ടിയ ‘സമര നേട്ടം’ പരമാവധി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് യുഎന്‍എ. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും യൂണിറ്റുകള്‍ രൂപീകരിക്കാനാണ് നീക്കം.

ഇതിനെതിരെ സംഘടനാ സംവിധാനം ഉപയോഗിച്ച് സിപിഎമ്മും വര്‍ഗ്ഗബഹുജന സംഘടനകളും രംഗത്തിറങ്ങിയാല്‍ യുഎന്‍എയുടെ ‘പണി’ പാളും.

നഴ്‌സിങ്ങ് മേഖലയില്‍ ശക്തമായ സംഘടനാ സംവിധാനം ഉണ്ടാക്കികൊണ്ടുവരാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എളമരം കരീമിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നഴ്‌സിങ്ങ് കോളേജുകളില്‍ എസ്എഫ്‌ഐ സംഘടനാ പ്രവര്‍ത്തനം ശക്തമായി തുടങ്ങി. കേഡര്‍മാരേയും പ്രവര്‍ത്തകരേയും വാര്‍ത്തെടുക്കാനാണ് പദ്ധതി.

ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ. . .

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പദവിക്ക് യോജിച്ച രൂപത്തില്‍ പ്രതികരണങ്ങള്‍ നടത്തണം. നേഴ്‌സിങ് സമരത്തിന്റെ വിജയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും ആശുപത്രി ജീവനക്കാരുടെ സി ഐ ടി യു സംഘടനയുടെ നേതാവുമായ എം സി ജോസഫൈന്‍ വിറളി പിടിക്കുന്നത് എന്തിനാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല .
മറ്റൊരു സര്‍ക്കാരും ഉള്‍ക്കൊള്ളാതെ രീതിയില്‍ തികഞ്ഞ അനുഭാവത്തോടെ ഞങ്ങളുടെ സമരത്തെ ഉള്‍ക്കൊണ്ട മുഖ്യമന്ത്രി യെ തള്ളിപ്പറയാന്‍ ജോസഫൈനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല .

ഞങ്ങള്‍ മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങള്‍ നേടിയെടുക്കുബോള്‍ അതില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതില്‍ എന്താണ് തെറ്റുള്ളത് ?
മുഖ്യമന്ത്രിക്ക് ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി നിഖപ്പെടുത്തുമ്പോള്‍ വനിതാ കമ്മീഷനും താങ്കള്‍ നേതൃത്വം കൊടുക്കുന്ന സംഘടനക്കും എന്തിനാണ് പൊള്ളുന്നത് ? നിങ്ങള്‍ മുഖ്യമന്ത്രിക്ക് എതിരാണോ ? അതോ ആശുപത്രി ജീവനക്കാര്‍ ഞങ്ങളുടെ സമരം കണ്ടു ആകര്‍ഷിക്കപ്പെട്ട് ഞങ്ങളിലേക്ക് വരുമെന്ന് ഭയന്നിട്ടാണോ ? എന്തായാലും ഈ നിമിഷം വരെ അങ്ങനെ ഒന്ന് ഞങ്ങളുടെ തീരുമാനങ്ങളില്‍ ഇല്ല .

പിന്നെ ഞങ്ങള്‍ സമരം ചെയ്തിട്ടല്ലേ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതും തീരുമാനം എടുത്തതും. അല്ല അതും ഇനി താങ്കള്‍ പറഞ്ഞിട്ടാണോ ? ആണെങ്കില്‍ അത് ഞങ്ങളോട് കൂടി പറഞ്ഞാല്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി രേഖപ്പെടുത്തിയ കൂട്ടത്തില്‍ നിങ്ങളുടെ പേര് കൂടി ഞങ്ങള്‍ പറയുമായിരുന്നല്ലോ ?
താങ്കളുടെ സേവനം ഞങ്ങള്‍ കൂടി അറിയണ്ടേ ?

പിന്നെ ഞങ്ങളില്‍ വിഭാഗീയത ഉണ്ട് എന്ന് താങ്കളുടെ പ്രസ്താവനയില്‍ വായിച്ചു .രണ്ടോ മൂന്നോ സംഘടന ഉള്ളതാണ് ഉദ്ദേശിച്ചതെങ്കില്‍ ട്രേഡ് യൂണിയനുകള്‍ എത്ര സംഘടന ഉണ്ട് .സി ഐ ടി യു ,എ ഐ ടി യു സി ,ബി എം എസ് ,എസ് ടി യു അങ്ങനെ തുടങ്ങുന്ന നിരകള്‍ ,യുവജന സംഘടനകളില്‍ എത്ര സംഘടന ഉണ്ട് ,ഡി വൈ എഫ് ഐ യും യൂത്ത് കോണ്‍ഗ്രസ്സും യുവ മോര്‍ച്ചയും, എ വൈ എഫ് ഐ യും അങ്ങനെ വിരലില്‍ എണ്ണാന്‍ കഴിയാത്ത പേരുകള്‍ ,വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഒക്കെ ഉണ്ടല്ലോ ഒറ്റ ശ്വാസത്തില്‍ പറയാന്‍ പറ്റാത്ത അത്ര എണ്ണം സംഘടനകള്‍ .

പിന്നെ 15 ലക്ഷത്തിനു മീതെ വരുന്ന നേഴ്‌സിങ് സമൂഹത്തില്‍ ഒരു അഞ്ചു സംഘടന ഉണ്ടാവട്ടെ .അതിനു താങ്കള്‍ക്ക് എന്താണ് പ്രശ്‌നം ?
താങ്കള്‍ സിപിഎം ന്റെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണല്ലോ .പാര്‍ട്ടിയില്‍ വിഭാഗീയത കാണിച്ചതിന്റെ എത്രയോ സന്ദര്‍ഭങ്ങള്‍ ഞങ്ങള്‍ക്കും ഓര്‍മ്മയുണ്ട് .അതിപ്പോ പുറത്തെടുക്കാന്‍ പറ്റാത്ത വിഷമത്തില്‍ ആണെന്നും അറിയാം .ആ ഓര്‍മ്മയില്‍ യു എന്‍ എ യെയും നേഴ്‌സിങ് സമൂഹത്തെയും അളക്കണ്ട .

ഞങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കിലും ഭൂരിപക്ഷം സ്ത്രീകള്‍ ഉള്‍പ്പെടുന്ന നേഴ്‌സിങ് സമൂഹത്തിനു മാന്യമായി ജീവിക്കാനുള്ള ഒരു അവസരം വരുമ്പോ ഇങ്ങനെ വിഷമിക്കരുത് എന്ന് മാത്രം സ്‌നേഹത്തോടെ പറയുന്നു .താങ്കളുടെ സഹതാപവും സൗജന്യവും ഞങ്ങള്‍ക്ക് വേണ്ട അത് നല്ല വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞു തിരിച്ചയക്കുന്നു .
ഞങ്ങള്‍ ഒന്നും ഇരന്നു വാങ്ങാറില്ല പൊരുതി പൊരുതി തന്നെയാണ് ഞങ്ങളുടെ അവകാശങ്ങള്‍ മുദ്രാവാക്യങ്ങള്‍ നേടിയെടുക്കുന്നത് .
പിന്നെ ഞങ്ങളെ പ്രകോപിപ്പിച്ചു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരാക്കാനാണ് താങ്കളുടെ തീരുമാനമെങ്കില്‍ അതിനു മനപ്പായസം ഉണ്ണണ്ട .
ഈ നിമിഷം വരെ ഞങ്ങള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒപ്പമാണ് .

ഞങ്ങളുടെ ന്യായമായ അവകാശങ്ങളെ തള്ളിപ്പറയാത്ത നിമിഷം വരെ ഞങ്ങള്‍ അങ്ങനെ തന്നെ ആയിരിക്കും. നേഴ്‌സിങ് സമരത്തെയും സംഘടനകളെയും തള്ളിപ്പറയുന്ന സമയം മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും തീരുമാനം അംഗീകരിക്കില്ലാന്നു പറയുന്ന ആശുപത്രി മാനേജുമെന്റിനെതിരെ ആയിരുന്നു എം സി ജോസഫൈനും സി ഐ ടി യും പ്രസ്താവന നടത്തേണ്ടിയിരുന്നത്. ഇപ്പൊ ഈ നടത്തിയതിനെ കരിങ്കാലിപണി എന്നെ പറയാന്‍ ആകൂ.

Top