സിപിഐ ‘ ഭരണ പ്രതിപക്ഷം’ സിപിഎമ്മിൽ പ്രതിഷേധം, ഇനിയും സഹിക്കേണ്ടതില്ലന്ന് . .

തിരുവനന്തപുരം: ലോ അക്കാദമി സമരം, യൂണിവേഴ്‌സിറ്റി കോളേജ് ,മൂന്നാര്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യമായി രംഗത്തിറങ്ങുന്ന സിപിഐ വൈപ്പിന്‍ സമരത്തില്‍ ഇടപെട്ടതും ‘സങ്കുചിത’ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് സിപിഎം.

സമരക്കാര്‍ക്കെതിരായി ഞായറാഴ്ച നടന്ന പൊലീസ് നടപടി ഇത്രതോളം വേണ്ടിയിരുന്നില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോഴും ഡി.സി.പി യതീഷ് ചന്ദ്രയെ ടാര്‍ഗറ്റ് ചെയ്ത് പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും മോശമാക്കി ചിത്രീകരിക്കാന്‍ നടത്തുന്ന നീക്കം ഒരു ഭരണപക്ഷ പാര്‍ട്ടിക്ക് ചേര്‍ന്നതല്ലന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനുള്ളത്.

ഉദയംപേരൂരിലെ സിപിഎം വിമതരെ സിപിഐയിലേക്ക് സ്വീകരിച്ചതു സംബന്ധമായി ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കത്തിന് ‘പകരം വീട്ടാന്‍’ ബോധപൂര്‍വ്വമായ നിലപാട് സിപിഐ ജില്ലാ നേതൃത്വം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം.

സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരു ‘ബുദ്ധി’ കേന്ദ്രം സിപിഐക്കാരനായ സമരസമിതി നേതാവാണെന്നതും ഗൗരവമായാണ് സിപിഎം കാണുന്നത്. പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ വിള്ളലുണ്ടാക്കി മുതലെടുപ്പ് നടത്താനാണത്രെ നീക്കം.

പൊലീസിനെ നിലക്ക് നിര്‍ത്താന്‍ തങ്ങള്‍ക്ക് അറിയാമെന്ന സിപിഐ ജില്ലാ സെക്രട്ടറി രാജുവിന്റെ വെല്ലുവിളിയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടും സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന് വടി കൊടുക്കുന്ന സാഹചര്യമുണ്ടാക്കിയെന്ന അഭിപ്രായവും സിപിഎം നേതൃത്വത്തിനുണ്ട്.

ഇതിനു പുറമെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പോലും സര്‍ക്കാറിനെ കടന്നാക്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് സഹായകരമായ നിലപാട് സിപിഐ മുഖപത്രം സ്വീകരിച്ച് വരുന്നത് ശരിയായ നിലപാടല്ലന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ പദ്ധതിക്ക് ഹൈക്കോടതി നിര്‍ദേശ പ്രകാരം സംരക്ഷണം നല്‍കാന്‍ എത്തിയ പൊലീസിനു നേരെ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതും പ്രധാനമന്ത്രി വരുന്നതിന് തലേ ദിവസം നഗരത്തില്‍ റോഡ് തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയതിന് പിന്നിലും വ്യക്തമായ ‘ അജണ്ട’ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തന്നെയാണ് സര്‍ക്കാറും കരുതുന്നത്.

എല്‍.പി.ജി പദ്ധതി സംബന്ധിച്ച് വൈപ്പിനിലെ ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക ‘ചിലര്‍’ദുരുപയോഗം ചെയ്തതാണ് സംഘര്‍ഷത്തിന് പ്രധാന കാരണമെന്നാണ് സര്‍ക്കാറിന്റെ നിഗമനം.

മുന്നണിയിലെ മറ്റു ഘടകകക്ഷികളൊന്നും സ്വീകരിക്കാത്ത നിലപാടുകളുമായി മുന്നോട്ട് പോകാന്‍ സിപിഐയെ അനുവദിക്കരുതെന്ന നിലപാട് മുഖ്യമന്ത്രിക്കും ഉണ്ടെന്നാണ് സൂചന.

പല വിഷയങ്ങളിലും സിപിഐ എടുക്കുന്ന നിലപാട് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പ്രമുഖ സിപിഎം നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

സിപിഐ ‘ഭരണ പ്രതിപക്ഷ’ പരിപാടി തുടര്‍ന്നാല്‍ പരസ്യമായി തന്നെ എതിര്‍ത്ത് രംഗത്ത് വരണമെന്ന അഭിപ്രായം നേതൃത്വത്തില്‍ ശക്തമാണ്.

നിലപാട് തിരുത്താന്‍ തയ്യാറാകാതെ തുടര്‍ച്ചയായി സര്‍ക്കാറിനും പാര്‍ട്ടിക്കും തലവേദന സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ മുന്നണിയില്‍ നിന്നും സിപിഐയെ പുറത്താക്കണമെന്ന ആവശ്യവും സിപിഎം സംസ്ഥാന നേതാക്കള്‍ക്കിടയിലുണ്ട്.

Top