special China is eyeing about the release position of Indian-occupied Kashmir

ന്യൂഡല്‍ഹി: അധിനിവേശ കാശ്മീരിനെ പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാകുക മാത്രമാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന ഇന്ത്യയുടെ മറുപടിയില്‍ ആശങ്കപ്പെട്ട് പാക്കിസ്ഥാനും ചൈനയും.

സ്വന്തം രാജ്യത്തിന്റേതെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്ന സ്ഥലത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഇന്ത്യ, അവസരം കിട്ടിയാല്‍ അധിനിവേശ കാശ്മീര്‍ പിടിച്ചെടുക്കുമെന്ന് തന്നെയാണ് പാക് ഭരണകൂടം കരുതുന്നത്.

പാക്ക് ഭരണകൂടവുമായി വലിയ രൂപത്തിലുള്ള സഹകരണം തുടങ്ങിയ ചൈനയെ സംബന്ധിച്ച് പാക്കിസ്ഥാനിലൂടെ നിര്‍മിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടനാഴിക്ക് ഇന്ത്യ നിലപാട് കടുപ്പിച്ചാല്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയുമുണ്ട്.

ഇന്ത്യയുമായി അമേരിക്ക പുലര്‍ത്തുന്ന അടുപ്പം മേഖലയില്‍ ഏതു തരത്തിലുള്ള ഇടപെടലുണ്ടായാലും ഇനി പ്രത്യക്ഷത്തില്‍ തന്നെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഇടപെടലില്‍ കലാശിക്കുമെന്നാണ് ചൈനയും കരുതുന്നത്.

എന്നും അമേരിക്കയുടെ എതിര്‍ ചേരിയില്‍ മാത്രം നിന്നിട്ടുള്ള റഷ്യയുമായും ഇന്ത്യക്ക് അടുത്ത ബന്ധമുള്ളതിനാല്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥയുണ്ടായാല്‍ ഇന്ത്യക്ക് അനുകൂലമായ നിലപാട് തന്നെയായിരിക്കും റഷ്യ സ്വീകരിക്കുകയെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ കണക്ക് കൂട്ടല്‍.

ലോകശക്തിയാണെങ്കിലും അമേരിക്കയും റഷ്യയും പിന്തുണയ്ക്കുന്ന ഒരു രാജ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ചൈനയെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയാകട്ടെ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചും ചൈനയുടെ പ്രഖ്യാപിത ശത്രുവായ വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സഹകരണം വര്‍ദ്ധിപ്പിച്ചും ഏത് വെല്ലുവിളികളും ഒറ്റക്ക് നേരിടാന്‍ തയ്യാറാണെന്ന സന്ദേശവും നല്‍കി കഴിഞ്ഞു.

പാക്കിസ്ഥാന് ചൈന നല്‍കുന്ന പിന്തുണയും ചൈനീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്ന ഇടപെടലുകളുമാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്നത്.

വിയറ്റ്‌നാമിനോടുള്ള സഹകരണത്തിനെതിരെ ചൈന ഉയര്‍ത്തിയ ഭീഷണി തള്ളികൊണ്ട് ആ രാജ്യത്തെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ വരെ ഇന്ത്യ തയ്യാറായതും ഒരു മറുപടിയാണ്.

ഇന്ത്യയില്‍ നാശം വിതച്ച പാക് കൊടും ഭീകരന് അനുകൂലമായി പോലും പരസ്യമായ നിലപാട് സ്വീകരിക്കുന്ന ചൈനയോട് ഒരു വിട്ടുവീഴ്ചയും വേണ്ടന്ന നിലപാടിലാണ് ഇന്ത്യ.

ചൈനയുടെ സാമ്പത്തിക ഇടനാഴി കടന്നു പോകുന്ന പാക്ക് നിയന്ത്രണത്തിലുള്ള ബലൂചിസ്ഥാനില്‍ ഉയര്‍ന്നു വരുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന പാക് പട്ടാളത്തിന്റെ നടപടിക്കെതിരെ ഇന്ത്യ നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. ഇന്ത്യയാണ് ബലൂചിസ്ഥാനിലെ പ്രക്ഷോഭകരെ സഹായിക്കുന്നതെന്നാണ് പാകിസ്ഥാന്റെ ആരോപണം.

കാശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന അവകാശവാദങ്ങള്‍ക്കും ഭീകരരെ മുന്‍നിര്‍ത്തിയുള്ള ആ ക്രമണങ്ങള്‍ക്കുമെതിരെ ബലൂചിസ്ഥാനെ മുന്‍നിര്‍ത്തി ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ പാക്കിസ്ഥാന് മാത്രമല്ല ചൈനയക്കും അവരുടെ സ്വപ്ന പദ്ധതിക്കും ഇനി എന്നും വെല്ലവിളി തന്നെയായിരിക്കുമെന്നാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നത്.

കാശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്ന പാക്ക് ഹൈകമ്മീഷണര്‍ അബ്ദുള്‍ ബാസിദിന്റെ പ്രസ്താവനക്ക് അപ്പോള്‍ തന്നെ മറുപടി നല്‍കവെയാണ് ഇന്ത്യ മുന്‍ നിലപാട് വീണ്ടും കടുപ്പിച്ച് ആഞ്ഞടിച്ചത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പ്രശ്‌നങ്ങള്‍ക്കുള്ള ഏക കാരണം കാശ്മീരിലെ പാക്കിസ്ഥാന്റെ അനധികൃത കടന്നുകയറ്റമാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ് അധിനിവേശ കാശ്മീരിനെ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കുക മാത്രമാണ് പോംവഴിയെന്നാണ് വ്യക്തമാക്കിയത്.ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ അടക്കമുള്ള മേഖലയിലെ കടന്നുകയറ്റം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top