ഉമ്മന്‍ ചാണ്ടിയുടെ ‘കണ്ണുനീരാണ് ഒഴികിയത്’ പടയൊരുക്കം കുളമായതില്‍ എ വിഭാഗം . . !

തിരുവനന്തപുരം: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം കനത്ത മഴയെ തുടര്‍ന്ന് മാറ്റി വച്ചതില്‍ ഉള്ളാലെ സന്തോഷിച്ച് ഒരു വിഭാഗം.

സോളാറില്‍ പ്രതിരോധത്തിലായ ഉമ്മന്‍ചാണ്ടിയെ ‘അടുപ്പിക്കാതെ’ അവസരം മുതലെടുത്ത് കേരളത്തിലെ യു.ഡി.എഫിന്റെ നായകനായി വിലസാനുള്ള ചെന്നിത്തലയുടെ പടയൊരുക്കത്തിന് പ്രകൃതി നല്‍കിയ ‘തിരിച്ചടി’യാണ് തലസ്ഥാനത്ത് ആഞ്ഞടിക്കുന്ന മഴയും കാറ്റുമെന്നുമാണ് സോഷ്യല്‍ മീഡിയകളില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സ് അനുഭാവികള്‍ പ്രചരിപ്പിക്കുന്നത്.

പടയൊരുക്കം സമാപന യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ കൊണ്ടുവന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനു മുന്നില്‍ ശക്തി കാണിക്കാനുള്ള രമേശ് ചെന്നിത്തലയുടെ പദ്ധതിയാണ് കനത്ത മഴയെ തുടര്‍ന്ന് പാളിയത്.

ശംഖുമുഖത്ത് തയ്യാറാക്കിയ പൊതുയോഗ വേദിയിലേക്കും തിരമാലകള്‍ ആഞ്ഞടിച്ച് കേടുപാടുണ്ടാക്കി.

ഇതേ തുടര്‍ന്ന് വേദി നിര്‍മാണം നിര്‍ത്തിവയ്ക്കുകയും സമാപന സമ്മേളനം വെള്ളിയാഴ്ച നടക്കില്ലന്ന് യു.ഡി.എഫ് നേതൃത്വം ഔദ്യോഗികമായി അറിയിക്കുകയുമായിരുന്നു.

പ്രവര്‍ത്തകര്‍ക്ക് വരാന്‍ വാഹനങ്ങള്‍ അടക്കം മുന്‍കൂട്ടി ബുക്ക് ചെയ്ത വകയിലും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ച വകയിലും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ചെന്നിത്തലയുടെ പടം പതിച്ച കൂറ്റന്‍ ബോര്‍ഡുകള്‍ ശക്തമായ കാറ്റില്‍ പലയിടത്തും നിലംപൊത്തി. ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയായിരുന്നു ഫ്‌ളക്‌സുകളില്‍ ചെന്നിത്തല ‘ഷോ’ അരങ്ങേറിയിരുന്നത്.

പടയൊരുക്കം ജാഥ തുടങ്ങിയത് തന്നെ ശരിയായ സമയത്തല്ലന്ന യു.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ വിമശനത്തെ സാധൂകരിക്കുന്ന പ്രത്യാഘാതമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

സോളാര്‍ റിപ്പോര്‍ട്ട് പുറത്തു വരുന്ന സാഹചര്യത്തില്‍ ജാഥ നടത്തുന്നത് ശരിയായ നടപടിയല്ലന്ന നിലപാടിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍. എന്നാല്‍ ചെന്നിത്തല വാശി പിടിച്ചാണ് ജാഥക്കായി കളമൊരുക്കിയിരുന്നത്.

ഉദ്ഘാടന ചടങ്ങ് മാറ്റി നിര്‍ത്തിയാല്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല.

ഇതിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് നല്‍കണമെന്ന് ചെന്നിത്തല തന്നോട് പറഞ്ഞതായ സരിത എസ്.നായരുടെ വെളിപ്പെടുത്തലും പുറത്തുവന്നു.

ഇക്കാര്യം ചെന്നിത്തല നിഷേധിച്ചെങ്കിലും കോണ്‍ഗ്രസ്സിലെ എ വിഭാഗം ഇപ്പോഴും സംശയത്തോടെ തന്നെയാണ് ചെന്നിത്തലയെ കാണുന്നത്.

യു.ഡി.എഫിലും കോണ്‍ഗ്രസ്സിലും ഏറ്റവും അധികം സ്വാധീനമുള്ള ഉമ്മന്‍ ചാണ്ടിയെ മൂലക്കിരുത്താന്‍ ചെന്നിത്തല വേറെ ജനിക്കേണ്ടി വരുമെന്ന കടുത്ത പ്രതികരണം വരെ ഒരു വിഭാഗം പ്രവര്‍ത്തകരില്‍ നിന്നും ഉയരുകയുണ്ടായി.

പടയൊരുക്കം ജാഥ നനഞ്ഞ പടക്കമാണെന്നും ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലന്നുമുള്ള എ വിഭാഗം വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ പരമാവധി പ്രവര്‍ത്തകരെ സമാപനത്തിന് ശംഖുമുഖതെത്തിക്കാനായിരുന്നു ഐ ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നത്.

അതാണിപ്പോള്‍ നനഞ്ഞ പടക്കമായി മാറ്റി വയ്‌ക്കേണ്ടി വന്നിരിക്കുന്നത്.

ഇനി പിന്നീട് സമാപന സമ്മേളനം നടത്തിയിട്ട് എന്ത് കാര്യമെന്ന ചോദ്യവും അണികളില്‍ നിന്നും നേതാക്കളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

മറുപടി പറയാനില്ലാതെ ഇപ്പോള്‍ മൂലയ്ക്കിരിക്കേണ്ട സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല.

Top