ചെങ്ങന്നൂര്‍ ഇനി പിണറായി സര്‍ക്കാറിന്റെ വിലയിരുത്തലാകും, ഉപതിരഞ്ഞെടുപ്പിലേക്ക്

Chengannur by-election

ആലപ്പുഴ: കോണ്‍ഗ്രസ്സിന്റെ തീപ്പൊരി യുവ നേതാവ് പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ വിയോഗം ഇടതുപക്ഷത്തിന് വലിയ പരീക്ഷണമാകും.

കരള്‍ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ട രാമചന്ദ്രന്‍ പ്രസംഗത്തില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റായിരുന്നു. അതുകൊണ്ട് തന്നെയാണ് വിഷ്ണുനാഥിനെ പോലെയുള്ള ഒരു നേതാവിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നതും.

ഇനി പക്ഷേ കാര്യങ്ങള്‍ അത്ര സുഗമമാകില്ല. രാമചന്ദ്രന്റെ പിന്‍ഗാമിയെ കണ്ടെത്തല്‍ സി.പി.എമ്മിനെ സംബന്ധിച്ചും ഇടതുപക്ഷത്തെ സംബന്ധിച്ചും വലിയ വെല്ലുവിളിയാകും.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം നടന്ന മലപ്പുറം ലോക് സഭ മണ്ഡലം, വേങ്ങര മണ്ഡലം ഉപതിരഞ്ഞെടുപ്പുകള്‍ പോലെ ‘നിസാര’മായി സര്‍ക്കാറിനും ഇടതുപക്ഷത്തിനും ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ല.

കാരണം ഭരണപക്ഷ സീറ്റില്‍ വിജയത്തില്‍ കുറഞ്ഞൊന്നും സര്‍ക്കാറിനെ സംബന്ധിച്ച് സ്വപ്നം പോലും കാണാന്‍ കഴിയില്ല.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് വലിയ തോതില്‍ ലീഗ് കോട്ടയില്‍ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷത്തിന് വിജയ സമാനമായ നേട്ടമാണ് സമ്മാനിച്ചിരുന്നത്.

പിണറായി സര്‍ക്കാര്‍ ശരിയായ രൂപത്തിലാണ് പോവുന്നത് എന്നതിന്റെ സൂചന ആയാണ് വോട്ട് വര്‍ദ്ധനവിനെ സി.പി.എം ചൂണ്ടിക്കാണിച്ചിരുന്നത്.

ഈ സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റായ ചെങ്ങന്നൂരില്‍ ആറ് മാസത്തിനകം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് പിണറായി സര്‍ക്കാറിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ തെളിവായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുമെന്ന കാര്യവും ഉറപ്പാണ്.

സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും സകല സംവിധാനങ്ങളും ഉപയോഗിച്ച് ചെങ്ങന്നൂര്‍ നിലനിര്‍ത്താനാകും ഇനി ഇടതു പക്ഷത്തിന്റെ ശ്രമം.

യു.ഡി.എഫിനാകട്ടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പാണ് യഥാര്‍ത്ഥ കരുത്ത് കാണിക്കാനുള്ള സുവര്‍ണ്ണാവസരം. രാമചന്ദ്രന്‍ നായര്‍ക്കെതിര മത്സരിച്ച പി.സി.വിഷ്ണുനാഥ് തന്നെയാകും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്ന കാര്യം ഏകദേശം ഉറപ്പാണ്.

സരിത വിവാദത്തില്‍ കുരുങ്ങിയ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് പ്രത്യേകിച്ച് എ വിഭാഗത്തെ സംബന്ധിച്ച് നിലനില്‍പ്പിനായുള്ള പോരാട്ടം കൂടിയായിരിക്കും ചെങ്ങന്നൂര്‍. കഴിഞ്ഞ തവണ റിബലായി മത്സരിച്ച ശോഭനാ ജോര്‍ജിനേയും ‘മെരുക്കേണ്ടി വരും’

ബി.ജെ.പിയെ സംബന്ധിച്ച് കഴിഞ്ഞതവണ പി.എസ് ശ്രീധരന്‍പിള്ളയെ ഇറക്കി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലമാണ് എന്നതിനാല്‍ അരയും തലയും മുറുക്കി സംഘ പരിവാര്‍ ഇവിടെ സജീവമായുണ്ടാകും.

വോട്ട് വര്‍ദ്ധിപ്പിക്കേണ്ടത് മാത്രമല്ല, പറ്റുമെങ്കില്‍ ഒരു അട്ടിമറി വിജയം തന്നെ നായര്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി പ്രതീക്ഷിക്കും.

കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍ :

പോള്‍ ചെയ്തത് : 1,44, 915

കെ.കെ.രാമചന്ദ്രന്‍ നായര്‍ ( സി.പി.എം) 52,880 ഭൂരിപക്ഷം7983

പി.സി.വിഷ്ണുനാഥ് ( കോണ്‍ഗ്രസ്റ്റ്) 44,897

പി.എസ് ശ്രീധരന്‍ പിള്ള ( ബി.ജെ.പി) 42,682

ശോഭനാ ജോര്‍ജ് (സ്വ) 3966

അലക്‌സ് (ബി.എസ്.പി) 483

Top