‘തൊണ്ടി’ തേടി വിദേശത്തേക്ക് പറക്കുവാന്‍ . . കേരള പൊലീസിനോട് കേന്ദ്രം കനിയണം ! !

20136528_1975412966027901_1348974694_n

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ നടന്‍ ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആലോചന തുടങ്ങി.

നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ വിദേശത്തേക്ക് കടത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെ കേസ് രാജ്യത്തിന് പുറത്ത് കൂടുതല്‍ വിശാലമായി അന്വേഷിക്കാന്‍ സിബിഐക്ക് മാത്രമേ സാധിക്കൂ എന്നതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്താനാണ് പ്രതിഭാഗത്തിന്റെ നീക്കം.

ദൃശ്യം ചിത്രീകരിച്ച ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസിന് സൂചന ലഭിച്ചതായി സിപിഎം അനുകൂല ചാനലടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദിലീപിന്റെ സുഹൃത്തുക്കള്‍ വഴി ദൃശ്യം വിദേശത്തേക്ക് കടത്തിയതായാണ് ആരോപണം.

ഇക്കാര്യം പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയെ അറിയിച്ചാല്‍ ഇക്കാര്യം തന്നെ ഉയര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പറ്റുമോയെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ പരിശോധിക്കുന്നത്.

ജാമ്യാപേക്ഷയില്‍ തീരുമാനം അറിഞ്ഞ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ആലോചന.

അതേ സമയം പുതിയ ആക്ഷേപത്തിന്റെ വെളിച്ചത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതിക്ക് മുന്നില്‍ വരാനുള്ള സാധ്യതയും ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാറിന് അന്വേഷണത്തിന് സിബിഐയെ ശുപാര്‍ശ ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അതിന് തുനിയാനുള്ള സാധ്യത തന്നെ കുറവാണ്.

പ്രത്യേകിച്ച് വേണ്ടത്ര തെളിവില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന വിമര്‍ശനം ശക്തമായ പശ്ചാത്തലത്തില്‍.

സംഭവ ദിവസം നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ പി.ടി.തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആവശ്യപ്പെടുന്നതും സിബിഐ അന്വേഷണമാണ്. ബിജെപിയും ഈ ആവശ്യത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി ലഭിച്ചാല്‍ സിബിഐ സ്റ്റാന്റിംങ്ങ് കൗണ്‍സില്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും നിര്‍ണ്ണായകമാവുക.

പല കേസുകളും ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന സിബിഐ ദേശീയ തലത്തില്‍ തന്നെ വിവാദമായ ഈ കേസ് താല്‍പര്യപൂര്‍വ്വം ഏറ്റെടുക്കാനാണ് സാധ്യത.

അന്വേഷണ സംഘം പറയുന്നത് പോലെ ‘തൊണ്ടിമുതല്‍’ വിദേശത്ത് ഉണ്ടെങ്കില്‍ ‘റോ’യുടെ സഹായത്തോടെ അവ കണ്ടെത്താന്‍ സിബിഐക്ക് എളുപ്പം കഴിയും.

അതല്ല അന്വേഷണ സംഘം ദിലീപിനെ മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്തതാണെങ്കില്‍ അതിന്റെ പിന്നിലെ ഗൂഢാലോചനയും സിബിഐ പുറത്ത് കൊണ്ടുവരുമെന്ന് ഉറപ്പാണ്.

ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തി തെളിവ് കണ്ടെത്തേണ്ടത് കേസില്‍ നിര്‍ണ്ണായകമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ വിദേശത്തേക്ക് പോകാന്‍ പറ്റുമോയെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക അനുമതിയും അനിവാര്യമാണ്.

സാധാരണ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുന്ന ഈ അനുമതി സംസ്ഥാന പൊലീസിന് കേന്ദ്രം നല്‍കുവാന്‍ തയ്യാറാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെയും എംബസിയുടെയും ആവശ്യം പരിഗണിച്ചല്ലാതെ തൊണ്ടിമുതല്‍ പിടിച്ചെടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ഒരു വിദേശ രാജ്യവും തങ്ങളുടെ രാജ്യത്ത് ആര്‍ക്കും അനുമതി നല്‍കില്ലന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നത്.

ഇനി ഈ കടമ്പകളെല്ലാം കടന്ന് കേരളാ പൊലീസിലെ ‘ദാസനും വിജയ’നും വിദേശത്തേക്ക് പറന്ന് ‘സിഐഡി മൂസ’ ഒളിപ്പിച്ച തൊണ്ടിമുതല്‍ കണ്ടെത്തിയാല്‍ അതൊരു ‘മഹാ സംഭവ’മായിരിക്കും.Related posts

Back to top