സി.ബി.ഐ വന്നാൽ പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും ചോദ്യം ചെയ്യും

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചതാണെന്ന ദിലീപിന്റെ പരാതിയില്‍ പുന:രന്വേഷണം വന്നാല്‍ പ്രമുഖരെ ചോദ്യം ചെയ്യും.

അന്വേഷണം സി.ബി.ഐ ഏറ്റെടുത്താല്‍ പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും പുറമെ യുവ നടന്‍ പൃഥ്വിരാജ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നടി പൂര്‍ണ്ണിമ എന്നിവരെ ചോദ്യം ചെയ്യാതെ മുന്നോട്ട് പോകാന്‍ പറ്റില്ലന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടിയ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യര്‍, സംവിധായകന്‍ ശ്രീകുമാരമേനോന്‍ തുടങ്ങിയവരെയും ചോദ്യം ചെയ്യുകയും ഇവരുടെയെല്ലാം മൊബൈല്‍ ഫോണ്‍, ഇ മെയില്‍ വിശദാംശങ്ങള്‍ ശേഖരിക്കേണ്ടതായും വരും.

ഈ അന്വേഷണത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ, എ.ഡി.ജി.പി ബി.സന്ധ്യ തുടങ്ങിയവരും സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ട അസാധാരണ സാഹചര്യമുണ്ടാകുമെന്ന് മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥരും വ്യക്തമാക്കി.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ തീരുമാനം അനുകൂലമല്ലങ്കില്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.

പ്രമുഖ അഭിഭാഷകരുമായും റിട്ട.ഐ.പി.എസ് ഉദ്യോഗസ്ഥരുമായും ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇക്കാര്യം ഇതിനകം തന്നെ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തി കഴിഞ്ഞിട്ടുണ്ട്.

ഡി.ജി.പിക്കെതിരെ ഗുരുതര ആരോപണം ഉള്ളതിനാല്‍ ഇനി സംസ്ഥാന പൊലീസിന് കീഴില്‍ ഒരു അന്വേഷണത്തിനുള്ള സാധ്യതയും വളരെ കുറവാണ്.

ഇത് അനുകൂലമാക്കി മാറ്റി സി.ബി.ഐയെ കൊണ്ടുവരാനാണ് ഇപ്പോഴത്തെ താരത്തിന്റെ നീക്കം.

സി.ബി.ഐ വന്നാല്‍ പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും പൂര്‍ണ്ണിമയേയും ചോദ്യം ചെയ്യും

പള്‍സര്‍ സുനി സഹതടവുകാരന്‍ വിഷ്ണുവിന്റെ പേരില്‍ സംവിധായകന്‍ നാദിര്‍ഷയെ വിളിച്ച കോളിലാണ് ഒന്നര കോടി തന്നില്ലെങ്കില്‍ ദിലീപിന്റെ പേര് പറയാന്‍ രണ്ടര കോടി നല്‍കാന്‍ സിനിമാരംഗത്ത് തന്നെ ആളുകളുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചുള്ള ഈ ഭീഷണി കോളിന്റെ റെക്കോര്‍ഡ് ചെയ്ത വിശദാംശമടക്കമാണ് പിന്നീട് ദിലീപ് ഡിജിപിക്ക് അന്വേഷണത്തിനായി നല്‍കിയിരുന്നത്.

എന്നാല്‍ ഇതു സംബന്ധമായി ആരോപണ വിധേയരായ സിനിമാ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും ഇതുവരെ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇതാണിപ്പോള്‍ ദിലീപ് പരാതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

ദിലീപിന്റെ പരാതി അവഗണിച്ച അന്വേഷണ സംഘത്തിന് തൃപ്തികരമായ മറുപടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ആരോപണ വിധേയരായ ഈ മൂന്ന് പേരുമായും ദിലീപിന് നല്ല ബന്ധമല്ല ഉള്ളതെന്നാണ് സിനിമാരംഗത്ത് നിന്നും ലഭിക്കുന്ന സൂചന.

ഇതില്‍ നടന്‍ പൃഥ്വിരാജ് വാശി പിടിച്ചതാണ് താര സംഘടനയായ ‘അമ്മ’ യില്‍ നിന്നും ദിലീപിനെ പുറത്താക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്.

കുറ്റം തെളിയുന്നതുവരെ ട്രഷറര്‍ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തുക, അതല്ലെങ്കില്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്തുക എന്നതായിരുന്നു ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തിനു മുന്‍പ് മമ്മുട്ടിക്കും മോഹന്‍ലാലിനുമടക്കം ഉണ്ടായിരുന്ന ധാരണ.

എന്നാല്‍ പൃഥ്വിരാജിന്റെ കൂടെ നടി രമ്യാ നമ്പീശനും ആസിഫ് അലിയും കൂടി നിലയുറപ്പിച്ച് പുറത്താക്കണമെന്ന് ശക്തമായി വാദിച്ചതോടെ സൂപ്പര്‍ താരങ്ങള്‍ വഴങ്ങുകയായിരുന്നു.

Top