രജനിക്കും അമിതാഭ് ബച്ചനും മോഹന്‍ലാല്‍ ‘വിദ്യ’ പഠിക്കണം, വിദഗ്ധര്‍ കേരളത്തിലേക്ക്

ലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ ചെറുപ്പമാക്കിയ രഹസ്യം തേടി പ്രമുഖ ബോളിവുഡ്-കോളിവുഡ് താരങ്ങള്‍.

ലാലിന്റെ ഏറ്റവും പുതിയ സിനിമയില്‍ ചെറുപ്പക്കാരനായ ഒടിയന്‍ മാണിക്യത്തെ യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കുന്ന പുതിയ ടീസര്‍ കണ്ടാണ് ഇന്ത്യന്‍ സിനിമാ ലോകം ഞെട്ടിയത്.

60 ദിവസം നീണ്ടു നിന്ന കഠിനമായ പരിശീലനമായിരുന്നു വിദേശത്ത് നിന്നും വന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ നിരീക്ഷണത്തില്‍ ലാല്‍ നടത്തിയിരുന്നത്.

20 മുതല്‍ 25 കിലോവരെ ഭാരം കുറക്കുവാനും താരം തയ്യാറായി. ദിവസവും ആറു മണിക്കൂര്‍ ഇതിനായി ജിമ്മില്‍ മാത്രം ചിലവഴിച്ചു.

സംവിധായകന്‍ വി.ശ്രീകുമാരമേനോന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഈ സാഹസത്തിന് മലയാളത്തിന്റെ മഹാനടന്‍ തയ്യാറായത്.

ഡയറ്റും വര്‍ക്കൗട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമിനെയാണ് നിയോഗിച്ചിരുന്നത്.

ഒരു കഥാപാത്രമാവാന്‍ ഇത്രയും കഠിനമായ ശാരീരിക പ്രയത്‌നം ഇന്ത്യയിലെ മറ്റൊരു താരവും ഇതുവരെ നടത്തിയിട്ടില്ലന്നാണ് ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

യുവാവായി ക്ലീന്‍ ഷേവ് ചെയ്ത മുഖത്തോടെ വെറ്റിലയും മുറുക്കി ഗംഭീരമായ ശബ്ദത്തോടെ ടീസറില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാല്‍ തന്നെ ഞെട്ടിച്ചു കളഞ്ഞതായി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പറഞ്ഞു.

ലാലിനെ വിളിച്ച് അഭിനന്ദിക്കാനും രജനി മറന്നില്ല.

‘രജനി സാര്‍ ഇതുപോലെ ആയാല്‍ കൊള്ളാമെന്ന’ അഭിപ്രായം ടീസര്‍ കണ്ട പ്രമുഖ സംവിധായകന്‍ ശങ്കറും പ്രകടിപ്പിച്ചു.

രജനിയുടെ ഏറ്റവും പുതിയ ചിത്രമായ ‘2.0’ യുടെ സംവിധായകനാണ് ശങ്കര്‍.

ചെറുപ്പക്കാരനായി ‘രജനിയെ’ നിലനിര്‍ത്തി ഇനിയും സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന നിലപാടിലാണ് അദ്ദേഹം.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ ,സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങി തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി വരെ ഇനി ആവശ്യമെങ്കില്‍ ‘ചികിത്സയില്‍’ഒരു കൈ നോക്കാമെന്ന നിലപാടിലാണത്രെ.

ഇവരില്‍ എത്ര പേര്‍ കഠിനമായ ചികിത്സ പിന്‍തുടരാന്‍ തയ്യാറാവും എന്നാണ് ഇനി കണ്ടറിയേണ്ടത്.

ലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം മനസ്സിലാക്കാന്‍ ഒരു സംഘം ഉടനെ കേരളത്തിലെത്തുമെന്നാണ് സൂചന.

അതേസമയം പ്രായവും തടിയുമെന്നും യുവത്വത്തിലേക്ക് മടങ്ങാന്‍ തടസ്സമല്ലന്ന് ലാല്‍ തെളിയിച്ചതിനാല്‍ ബോളിവുഡ്-കോളിവുഡ് സൂപ്പര്‍സ്റ്റാറുകളെ വച്ച് ഇനിയും കൂടുതല്‍ കാലം സിനിമകള്‍ ഒരുക്കാമെന്ന ആത്മവിശ്വാസത്തിലാണ് നിര്‍മ്മാതാക്കള്‍.

ഇതിനിടെ ഒടിയനിലൂടെ മോഹന്‍ലാല്‍ ലക്ഷ്യമിടുന്നത് ദേശീയ അവാര്‍ഡല്ല, ഓസ്‌ക്കര്‍ തന്നെയാണെന്ന അഭ്യൂഹവും സിനിമാലോകത്ത് ശക്തമായിട്ടുണ്ട്.

മികച്ച നടനായി രാജ്യത്ത് ഇതുവരെ ആരും ഓസ്‌ക്കര്‍ അവാര്‍ഡ് വാങ്ങിയിട്ടില്ല.

സ്ലംഡോഗ് മില്യണേര്‍ സിനിമയിലെ സംഗീതത്തിന് എ.ആര്‍.റഹ്മാനും, സ്ലംഡോഗ് മില്യണേറിലെ തന്നെ ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടിയുമാണ് ഇതിന് മുന്‍പ് ഓസ്‌ക്കര്‍ വാങ്ങിയ ഇന്ത്യക്കാര്‍.

Top