ആപ്പിനെ ആപ്പിലാക്കുന്നത് ബി ജെ പിയെന്ന്, കുമാര്‍ വിശ്വാസ് കാട്ടുന്നത് വിശ്വാസ വഞ്ചന ?

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ എന്ന രാഷ്ട്രിയ നേതാവ് ഇപ്പോള്‍ നേരിടുന്നത് ജീവിതത്തിലെ കടുത്ത അഗ്‌നിപരീക്ഷണം.

മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കപില്‍ മിശ്ര ഉന്നയിച്ച ആരോപണത്തേക്കാള്‍ അതിനു പിന്നില്‍ നടന്ന ‘ഇടപെടലാണ് ‘ ഡല്‍ഹി മുഖ്യമന്ത്രിയെ ഏറെ വേദനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ ഉയര്‍ന്ന് വന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഡല്‍ഹി ഭരണം പിടിക്കുകയും ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ നാല് അംഗങ്ങളെ വിജയിപ്പിക്കുകയും ചെയ്ത കെജ്‌രിവാളിന്റെ പ്രതിച്ഛായ തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് ആക്ഷേപം.

മോദിയുടെ മൂക്കിന് താഴെയുള്ള കെജ്‌രിവാളിന്റെ ഡല്‍ഹി ഭരണം തകര്‍ക്കാന്‍ ‘ഭിന്നിപ്പിച്ച് ഭരിക്കുക’എന്ന തന്ത്രം ബിജെപി പയറ്റുന്നതായാണ് ഭൂരിപക്ഷം ആപ് പ്രവര്‍ത്തകരും നേതാക്കളും സംശയിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതേ നിരീക്ഷണം തന്നെയാണുള്ളത്.

രാഷ്ട്രപതി-ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയുടെ നിലപാടും നിര്‍ണ്ണായകമായതിനാല്‍ ബിജെപിയുടെ ‘തന്ത്രങ്ങള്‍ക്ക് ‘ഇനി വേഗത കൈവരാനാണ് സാധ്യത.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി അകാലി ദള്‍ മുന്നണിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്താനും ആപിന് കഴിഞ്ഞിരുന്നു.

ഡല്‍ഹി നിയമസഭാ ഉപതിരഞ്ഞെടുപ്പിലും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി സര്‍ക്കാറിനെ പുകച്ച് ചാടിക്കാന്‍ ബിജെപി ശ്രമം തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുമാര്‍ വിശ്വാസിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെജ്‌രിവാളിനെ പുറത്താക്കുക എന്നതാണ് തന്ത്രമത്രെ.

ശനിയാഴ്ചത്തെ മന്ത്രിസഭാ പുന:സംഘടനയില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട കപില്‍ മിശ്ര ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ രണ്ട് കോടി രൂപ കെജ്‌രിവാളിന് നല്‍കുന്നത് കണ്ടുവെന്ന് ആരോപിച്ചത് ഗൂന്ധാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം.

ഈ ആരോപണം ശരിയാണെന്ന് വിശ്വസിക്കുന്നില്ലന്ന് ഒഴുക്കന്‍ മട്ടില്‍ കുമാര്‍ വിശ്വാസ് പ്രതികരിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ കുമാര്‍ വിശ്വാസ് പക്ഷക്കാരനായാണ് കപില്‍ മിശ്ര അറിയപ്പെടുന്നത് എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്

ബിജെപി നേതാവും മുന്‍ മേയറുമായ അന്നപൂര്‍ണ്ണ മിശ്രയുടെ മകനാണ് കപില്‍ മിശ്ര എന്നതും ശ്രദ്ധേയമാണ്.

അഴിമതി വിരുദ്ധ പോരാളിയായ കെജ്‌രിവാള്‍ അഴിമതി ആരോപണത്തില്‍ കുടുങ്ങി രാജിവച്ചാല്‍ ആപിന്റെ കഥ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി, കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍.

ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി തിരുത്തലിനുള്ള സന്ദേശമാക്കി വീണ്ടും കെജ്‌രിവാള്‍ ശക്തനായി തിരിച്ചുവരുമെന്ന് ഇരുവിഭാഗവും ഭയപ്പെടുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെജ്‌രിവാളിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സ് ഇതര മതേതര സഖ്യമെന്ന ആശയം ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം ഉയര്‍ന്നു വരുന്നതും ബിജെപിയും കോണ്‍ഗ്രസ്സും നല്ല സിഗ്‌നലായിട്ടല്ല കാണുന്നത്.

കഴിഞ്ഞ ഡല്‍ഹി സന്ദര്‍ശനവേളയില്‍ കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ്സ് ബിജെപി ഇതര പാര്‍ട്ടികളുടെ സഖ്യം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷമുള്ള യോജിപ്പ് എന്നത് മാറി തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യമെന്ന നിലയിലേക്ക് മതേതര സഖ്യം എത്തണമെന്നതാണ് ഇടത് കാഴ്ചപ്പാട്.

അതേ സമയം കെജ്‌രിവാളിനെതിരായ ആരോപണം മറുപടി പോലും അര്‍ഹിക്കാത്തതാണെന്ന് പറഞ്ഞ് രംഗത്ത് വന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പാര്‍ട്ടി ഒറ്റക്കെട്ടായി പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്‌നക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ആപിനുള്ളത്.

Top