special-BJP to monitoring the actions of pinarayi vijayan and arvind kejriwal

ന്യൂഡല്‍ഹി: കേരള-ഡല്‍ഹി മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയെ ഗൗരവമായി കണ്ട് ബി ജെ പി.

രാജ്യത്ത് ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും ഏറ്റവും കടുത്ത എതിരാളികളായ രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച്ച വരാനിരിക്കുന്ന പുതിയ കൂട്ടുകെട്ടിന്റെ മുന്നോടിയായാണ് ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് അടുത്ത് തന്നെ നടക്കാനിരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പു നിര്‍ണ്ണായകമാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്കുള്ള പ്രതികരണം കൂടിയായിരിക്കും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു.

ഇവിടെ ബി ജെ പിയുടെ തന്ത്രങ്ങള്‍ കേന്ദ്ര നേതൃത്വവും കോണ്‍ഗ്രസ്സിന്റേത് ഹൈക്കമാന്‍ണ്ടും നേരിട്ടാണ് തയ്യാറാക്കുന്നത് എന്നതില്‍ തന്നെ എത്രമാത്രം പ്രാധാന്യം രാജ്യ തലസ്ഥാനത്തെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍ നല്‍കുന്നുണ്ടെന്നതിന്റെ സൂചനകളാണ്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ മുന്നോടിയായുള്ള തുടക്കമായാണ് പിണറായി-കെജ് രിവാള്‍ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

ദേശീയ തലത്തില്‍ ഇത്തരമൊരു സഖ്യത്തിന് കെജ് രിവാളും പിണറായിയും നേതൃത്വം നല്‍കിയാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെയടക്കം വിശ്വാസ്യത നേടാന്‍ ഒരു പരിധി വരെ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ ഒന്നിക്കാനും സാധ്യത കൂടുതലാണ്.

ആം ആദ്മി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ്സുമായും ഏറ്റുമുട്ടേണ്ടി വരുമെന്നതിനാല്‍ അവരുമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് ബുദ്ധിമുട്ടാണ്. സിപിഎമ്മിനാകട്ടെ ശക്തികേന്ദ്രമായ കേരളത്തിലും ത്രിപുരയിലും കോണ്‍ഗ്രസ്സാണ് പ്രധാന എതിരാളി.

ഈ ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ്-ബി ജെ പി വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ തന്നെയാണ് ഇടതുപക്ഷവും തയ്യാറാവുക.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്നിട്ട് കാര്യമില്ലന്ന് പിണറായി കെജ് രിവാളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ചൂണ്ടിക്കാണിച്ചിരുന്നു.

സൗഹൃദ സന്ദര്‍ശനമായിരുന്നു എന്ന് പറഞ്ഞ പിണറായി ചില കാര്യങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

പിണറായി വിജയനുമായി പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും അതില്‍ രാഷ്ട്രീയം ഉണ്ടായിരുന്നുവെന്നും കേജ്‌രിവാള്‍ പ്രതികരിച്ചു. സൗഹൃദ കൂടിക്കാഴ്ചയായിരുന്നു, യോജിക്കാവുന്ന മേഖലകളില്‍ സഹകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത് ഈ രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും വ്യവസായികളും, മാധ്യമ പ്രവര്‍ത്തകരും ഒരുപോലെ ഭയചകിതരാണെന്നും കേജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Top