എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് ഋതബ്രത എം.പിയെ ലക്ഷ്യമിട്ട് ബി.ജെ.പിയും

കൊല്‍ക്കത്ത: സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പൊരുതുന്ന നായകനായിരുന്ന ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പിയുടെ കരുനീക്കം.

പൊതു സമൂഹത്തിന് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാരണങ്ങള്‍ നിരത്തി ഋതബ്രതയെ പുറത്താക്കിയ സി.പി.എം നടപടിയാണ് ബി.ജെ.പി നേട്ടമാക്കാന്‍ ശ്രമിക്കുന്നത്.

ബംഗാളില്‍ ഭരണപക്ഷമായ ത്രിണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആക്രമണം ഭയന്ന് നിരവധി സി.പി.എം അണികള്‍ ബി.ജെ.പിയില്‍ ചേക്കേറിയിട്ടുണ്ടെങ്കിലും കാര്യമായി നേതാക്കള്‍ ഇതുവരെ ചേരിമാറിയിട്ടില്ല.

കമ്യൂണിസ്റ്റുകാരന്റെ നേതൃത്വപരമായ കഴിവിനെ പ്രാധാന്യത്തോടെ കാണുന്ന ബി.ജെ.പി ദേശീയ നേതൃത്വം തന്നെയാണ് ഋതബ്രതയെ കാവിക്കൊടിക്കു കീഴില്‍ അണിനിരത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

രാജ്യസഭയിലെ ഋതബ്രതയുടെ സഹപ്രവര്‍ത്തകരായ ബി.ജെ.പി എം.പിമാര്‍ വഴിയാണ് തന്ത്രപരമായ നീക്കം.

പ്രകാശ് കാരാട്ട് അടക്കമുള്ളവരെ വിമര്‍ശിച്ച് നല്‍കിയ അഭിമുഖമാണ് ഈ മുന്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റിനെ സി.പി.എമ്മില്‍ നിന്നും പുറത്താക്കുന്നതിന് ഇടയാക്കിയത്.
21769831_2004259549809909_671350995_n
വില കൂടിയ പേനയും ആപ്പിള്‍ വാച്ചും ധരിക്കുന്നത് എങ്ങനെ അഴിമതിയാകുമെന്ന ചോദ്യവും പാര്‍ട്ടി നേതൃത്വത്തോട് സി.പി.എം ലെ ഒരു വിഭാഗം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

ഇവ ധരിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതിനെ വിമര്‍ശിച്ച വ്യക്തിയുടെ ജോലി ഋതബ്രത ഇടപെട്ട് തെറിപ്പിച്ചു എന്ന പരാതിയില്‍ ആദ്യം സസ്‌പെന്റ് ചെയ്യുകയും പിന്നീട് വിവാദ അഭിമുഖത്തോടെ അത് പുറത്താക്കലില്‍ കലാശിക്കുകയുമായിരുന്നു.

‘അതിജീവനത്തിനു’ വേണ്ടി ബംഗാളില്‍ പൊരുതുന്ന സി.പി.എമ്മിനെ സംബന്ധിച്ച് പാര്‍ട്ടി അച്ചടക്കമാണ് പ്രധാനമെന്ന് തെളിയിക്കുന്നതായിരുന്നു പുറത്താക്കല്‍ നടപടി.

അതേസമയം അണികളുടെ ആവേശമായ ഋതബ്രതക്കെതിരായ നടപടി സി.പി.എമ്മിലെ ഒരു വിഭാഗം അണികളിലും വ്യാപകമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് ബി.ജെ.പിയും രംഗത്തിറങ്ങിയിരിക്കുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ അട്ടിമറി നടത്തി ഭരണം പിടിക്കുമെന്നാണ് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഋതബ്രതയെ ലഭിച്ചാല്‍ അത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ നേട്ടമാകാനാണ് സാധ്യത.

Top