രണ്ടാമൂഴത്തിന് ‘കര്‍മ്മ’ പദ്ധതി തയ്യാറാക്കി ബി.ജെ.പി, പ്രതിപക്ഷ ‘നിരയും’ ടാര്‍ഗറ്റാകും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അസംതൃപ്തരായ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും എന്‍ഡിഎയിലേക്ക് അടുപ്പിക്കാന്‍ ബിജെപി കര്‍മ്മ പദ്ധതി തയ്യാറാക്കും.

ഇതോടൊപ്പം വിവിധ ജാതി-മത സംഘടനാ നേതൃത്വങ്ങളുമായി കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തി ആശങ്കകള്‍ ദുരീകരിക്കാനും നടപടികളുണ്ടാകും.

ബംഗാള്‍, കേരള, ത്രിപുര സംസ്ഥാനങ്ങളില്‍ സിപിഎം വിട്ടവര്‍, അസംതൃപ്തരായ പാര്‍ട്ടിയിലെ വിഭാഗങ്ങള്‍, നടപടിക്ക് വിധേയരായവര്‍ എന്നിവരെയാണ് ബിജെപി ലക്ഷ്യമിടുന്നത്.

സിപിഎം നേതാക്കള്‍ ബിജെപിയോട് സഹകരിക്കാനുള്ള സാധ്യത കുറവായതിനാല്‍ പ്രവര്‍ത്തകരെയും സിപിഎം വോട്ട് ബാങ്കുമാണ് ലക്ഷ്യം.

കേരളത്തില്‍ സിപിഎം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് സിപിഎം അണികളില്‍ ബിജെപി- ആര്‍എസ്എസ് വിരോധം ആളിക്കത്തിക്കുന്നതിനു വേണ്ടിയാണെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് മുതല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ കാലയളവില്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കടന്നാക്രമണം കുറവായിരുന്നു എന്നാണ് ഉദാഹരണ സഹിതം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

അടുത്തയിടെ നടന്ന യുപി ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടിയ പശ്ചാത്തലത്തില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ മഹാസഖ്യം തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ദേശീയ തലത്തില്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം കണക്ക് കൂട്ടുന്നത്.

ഈ സാഹചര്യം കൂടി മുന്‍കൂട്ടി കണ്ടാണ് ഇപ്പോള്‍ പ്രതിരോധം തീര്‍ക്കുന്നത്.

കോണ്‍ഗ്രസ്സ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ജെഡിയു ,ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ ജനകീയ നേതാക്കളെ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി പാളയത്തിലെത്തിക്കാനും ‘കര്‍മ്മ പദ്ധതിയില്‍’ ബിജെപി ലക്ഷ്യമിടുന്നുണ്ട്.

നരേന്ദ്ര മോഡിയുടെ രണ്ടാമൂഴം നടക്കാതെ വന്നാല്‍ പിന്നെ വലിയ പ്രതിസന്ധി തന്നെ നേരിടേണ്ടി വരുമെന്ന തിരിച്ചറിവിലാണ് തന്ത്രപരമായ കരുനീക്കം.

ജനക്ഷേമകരമായ പദ്ധതികള്‍, സൈനിക – സാമ്പത്തിക ശക്തിയാകുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, പാക്കിസ്ഥാനോടും ചൈനയോടുമുള്ള കടുത്ത നിലപാടുകള്‍ എന്നിവ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണ വിഷയമാക്കാനാണ് ബിജെപി നീക്കം. ഇതിന് സഹായകരമാകുന്ന തരത്തിലുള്ള ‘നിര്‍ണ്ണായക’ ഇടപെടലുകള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെയുണ്ടാകും.

അടുത്ത് നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഒഴിവാക്കാന്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തിറക്കാനാണ് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ തീരുമാനം.

പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും സ്വന്തം തട്ടകമായ ഗുജറാത്തില്‍ അടിതെറ്റിയാല്‍ മൊത്തം കണക്ക് കൂട്ടലുകളും പാളുമെന്നതിനാല്‍ വിജയത്തില്‍ കറഞ്ഞൊന്നും ഇവിടെ ബിജെപി നേതാക്കള്‍ സ്വപ്നത്തില്‍ പോലും ആഗ്രഹിക്കുന്നില്ല.

പട്ടേല്‍ സംവരണ സമര നായകനും സര്‍ക്കാറിന്റെ ‘കണ്ണിലെ കരടുമായ’ ഹാര്‍ദിക് പട്ടേലിനെ അനുനയിപ്പിക്കാന്‍ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ രംഗത്തിറക്കാന്‍ ആര്‍എസ്എസ് നേതൃത്വം തന്നെ നേരിട്ട് ഇടപെടുമെന്നാണ് സൂചന.

അതേസമയം മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 27 പരിപാടികളാണ് ബി.ജെ.പി. ദേശീയ നേതൃത്വം കേരളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ലക്ഷ്യം വയ്ക്കുന്ന കേരളം, ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലാണ് വാര്‍ഷികാഘോഷ പരിപാടികളില്‍ ഏറെയും നടത്തുന്നത്.

കേരളത്തിലേക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിനെക്കൂടാതെ നാല് കേന്ദ്രമന്ത്രിമാരും വിവിധ ദേശീയ നേതാക്കളും 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷകാലത്ത് എത്തും. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, നിര്‍മലാ സീതാരാമന്‍ എന്നിവര്‍ കേരളത്തിലെ പരിപാടികളില്‍ മുഖ്യാതിഥികളായിരിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി കൊച്ചിയിലായിരിക്കും പങ്കെടുക്കുക.

Top