കഴിഞ്ഞ യുഡിഎഫ് സർക്കാറിനെ ‘വിറപ്പിച്ച’ സാമുദായിക നേതാക്കൾക്കിത് ‘കഷ്ടകാലം’

യുഡിഎഫ് സര്‍ക്കാറുകളുടെ ഭരണകാലത്ത് ‘പത്തി’ ഉയര്‍ത്തി ആടിയിരുന്ന എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇപ്പോഴെവിടെ ?

എക്കാലത്തും സമ്മര്‍ദ്ദ ശക്തിയായിരുന്ന ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ എവിടെ പോയി ?

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാറിന് രാഷ്ട്രീയ കേരളം നൂറില്‍ നൂറ് മാര്‍ക്കും ഏതെങ്കിലും കാര്യത്തില്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ചങ്കുറപ്പിനാണ് . .ജാതിമത ശക്തികളെ വരച്ച വരയില്‍ നിര്‍ത്തുന്ന കരുത്തിനാണ് ആ സല്യൂട്ട് . .

സര്‍ക്കാറിന് മാര്‍ക്കിടാന്‍ മത്സരിച്ചവരും എതിര്‍ക്കാന്‍ കുറ്റങ്ങള്‍ കണ്ട് പിടിച്ചവരും മനപ്പൂര്‍വ്വം ആയാലും അല്ലെങ്കിലും വിട്ടു പോയ കാര്യമാണിത്.

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് പിന്നാലെ പോയ സമൂഹത്തെ തിരികെ കൊണ്ടുവരാന്‍ സാധിച്ചു എന്നത് ഇടതു സര്‍ക്കാറിന്റെ എടുത്ത് പറയേണ്ട നേട്ടം തന്നെയാണ്.

ഈ പോക്ക് പോകുകയാണെങ്കില്‍ അധികം താമസിയാതെ വിദ്യാഭ്യാസ ‘കച്ചവട’ ക്കാര്‍ക്ക് ‘കട’ പൂട്ടി വീട്ടിലിരിക്കേണ്ട സാഹചര്യമാണുണ്ടാകുക.

സംസ്ഥാനത്തെ പൊതുവിദ്യാഭാസ മേഖലയുടെ വളര്‍ച്ചക്ക് സ്വകാര്യ മേഖല നല്‍കിയ പങ്ക് അംഗീകരിക്കുമ്പോള്‍ തന്നെ രണ്ട് തരം പൗരന്മാരെ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ വരവ് കാരണമായി എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

ഇത്തരം സ്ഥാപനങ്ങളെ ഏറ്റവും അധികം പോത്സാഹിപ്പിച്ചതും യു ഡി എഫ് സര്‍ക്കാറുകള്‍ തന്നെയായിരുന്നു.

ജാതി-മത ശക്തികളുടെ വോട്ട് ബാങ്ക് മുന്നില്‍ കണ്ട് ചോദിക്കുന്ന സ്ഥലങ്ങളിലെല്ലാം സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍-എന്‍ജിനിയറിംങ്ങ് കോളേജുകള്‍ മുതല്‍ സ്‌കൂളുകള്‍ വരെ യാതൊരു മാനദണ്ഡവുമില്ലാതെ യഥേഷ്ടം അനുവദിക്കപ്പെട്ടു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ‘പടിയടച്ച’ കാമ്പസിനകത്ത് വിദ്യാഭ്യാസകച്ചവടം മാത്രമല്ല, സകല നിയമവിരുദ്ധ പ്രവര്‍ത്തികളും അരങ്ങേറി. മാനേജുമെന്റുകളുടെ ഈ ധിക്കാരത്തിന്റെയും തെമ്മാടിത്തരത്തിന്റെയും രക്തസാക്ഷിയാണ് ജിഷ്ണു പ്രണോയ് എന്ന എഞ്ചിനിയറിംങ് കോളേജ് വിദ്യാര്‍ത്ഥി.

സ്വാശ്രയ മാനേജുമെന്റുകളുടെ ‘മുഖമായി’ സര്‍ക്കാറുകളുമായി കാലങ്ങളായി വിലപേശിയിരുന്നത് ഇവിടുത്തെ ജാതി-മത സംഘടനകളിലെ പ്രമുഖര്‍ തന്നെയാണ്. അതില്‍ പ്രധാനികളായിരുന്നു വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നായരെന്നും, ഈഴവനെന്നും ‘ക്വാട്ടയുണ്ടാക്കി’ അവിടെ തങ്ങള്‍ക്ക് വിധേയരായവരെ പ്രതിഷ്ടിക്കാന്‍ വരെ ഈ അധികാര കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

എന്തിനേറെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പല യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിച്ചത് തന്നെ സാമുദായിക സംഘടനകളുടെ കൂടി ശുപാര്‍ശയിലാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ന്യൂനപക്ഷ സംഘടനാ നേതൃത്ത്വങ്ങളും ഇക്കാര്യത്തില്‍ തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.

ദുശ്യ മാധ്യമങ്ങളില്‍ വന്ന് സര്‍ക്കാറിനെ ഉപദേശിക്കാനും വിറപ്പിക്കാനും വെള്ളാപ്പള്ളിയും, സുകുമാരന്‍ നായരും കാണിക്കുന്ന മിടുക്ക് ന്യൂനപക്ഷ സമുദായിക നേതാക്കള്‍ കാണിച്ചില്ല എന്നത് മാത്രമാണ് ഇവരുടെ ‘പോരായ്മ’.

കേരളത്തില്‍ എത് മുന്നണിക്ക് അധികാരത്തില്‍ വരണമെങ്കിലും തങ്ങളുടെ പിന്തുണ വേണമെന്ന് അഹങ്കരിക്കുന്ന എസ്എന്‍ഡിപിക്കും, എന്‍ എസ് എസിനും കനത്ത പ്രഹരമേല്‍പ്പിച്ചാണ് തകര്‍പ്പന്‍ ഭൂരിപക്ഷത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.

അന്നുവരെ ‘വടിയെടുത്ത്’ യുഡിഎഫ് സര്‍ക്കാറിനെ വിറപ്പിച്ച് നിര്‍ത്തിയവര്‍ ഓടിമാളത്തിലൊളിക്കുന്ന കാഴ്ചയാണ് പിന്നെ കേരളം കണ്ടത്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതും, സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുനഃരന്വേഷണം നടത്താനുള്ള തീരുമാനവും വെള്ളാപ്പള്ളിയുടെ പിന്‍മാറ്റത്തിന് പ്രധാന കാരണവുമായി.

ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയുണ്ടാക്കി മകനെ അതിന്റെ തലപ്പത്ത് പ്രതിഷ്ടിച്ച വെള്ളാപ്പള്ളിക്ക് ബിജെപി പാളയത്തില്‍ നിന്നും അകലം പാലിക്കേണ്ട സാഹചര്യവും ഇതുമൂലമുണ്ടായി. തത്രപരമായ സമീപനമാണ് ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും സ്വീകരിച്ചത്.

കണിച്ചുക്കുളങ്ങരയിലെ നടേശവസതിയില്‍ യുഡിഎഫ് മന്ത്രിമാരും, മുഖ്യമന്ത്രിയുമെല്ലാം ‘ദര്‍ശനം’ നടത്തി മടങ്ങുന്ന കാഴ്ചകളും ഇപ്പോള്‍ ഓര്‍മ്മള്‍ മാത്രമാണ്.

മുഖ്യമന്ത്രി പിണറായിയെ കാണാന്‍ മുന്‍കൂട്ടി അനുമതി വാങ്ങി അങ്ങോട്ട് പോയി കാണേണ്ടി വന്നു വെള്ളാപ്പള്ളിക്ക്. അതും പത്ത് മിനുട്ട് മാത്രം നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് വേണ്ടി. .

എന്‍.എസ്.എസിന്റെ അവസ്ഥയും ഏതാണ്ട് ഇതൊക്കെ തന്നെയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള യുഡിഎഫ് മന്ത്രിമാര്‍ അടിക്കടി സന്ദര്‍ശനം നടത്തുന്ന ചങ്ങനാശ്ശേരി ‘പെരുന്ന’ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യം ‘കൊതിക്കുന്ന’ അവസ്ഥയിലാണിപ്പോള്‍. മുന്നോക്ക കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് എന്‍.എസ്.എസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ നിയമിച്ചതുപോലും കേരള കോണ്‍ഗ്രസ്സ് ബി-യുടെ അക്കൗണ്ടിലായിരുന്നു.

പിണറായി സര്‍ക്കാറിനോട് ‘വിലപേശല്‍’ നടത്തിയിട്ട് കാര്യമില്ല എന്ന തിരിച്ചറിവാണ് സാമുദായിക സംഘടനാ നേതാക്കളെ പിറകോട്ടടിപ്പിച്ചിരിക്കുന്നത്. ഇതിന് കാരണമാകട്ടെ മുഖ്യമന്ത്രി പിണറായിയുടെ കര്‍ക്കശ നിലപാടും. ഈ നിലപാടിനെയാണ് എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാഷ്ട്രീയ കേരളം അംഗീകരിക്കേണ്ടത്.

വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന് പേടിച്ച് സാമുദായിക നേതാക്കന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന രാഷ്ട്രീയക്കാരും കണ്ടുപഠിക്കേണ്ട പാഠമാണിത്.

Team Express Kerala

Top