മലക്കം മറിഞ്ഞ് ആതിര . . ! മതം മാറിയതും തിരിച്ച് മടങ്ങുന്നതും ഉത്തരം കിട്ടാത്ത ചോദ്യം

കൊച്ചി: ഏതൊരു വ്യക്തിക്കും താന്‍ ഏത് മതത്തില്‍ ജീവിക്കണമെന്ന് തീരുമാനിക്കുന്നതിന് അവകാശമുണ്ട്.

അത് മൗലിക അവകാശം കൂടിയാണ്.

എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചില മതം മാറല്‍ സംഭവങ്ങള്‍ നാട്ടിലെ സമാധാന അന്തരീക്ഷത്തിന് തന്നെ ഭീഷണി എന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

വിവാദമായ ഹാദിയ കേസിന് തൊട്ടുപിന്നാലെ ഇപ്പോള്‍ ആതിരയുടെ മതം മാറ്റവും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

ഇതില്‍ അഖിലയില്‍ നിന്നും ഹാദിയ ആയി മാറിയ പെണ്‍കുട്ടി ഇപ്പോള്‍ പൊലീസ് സംരക്ഷണയില്‍ വൈക്കത്തെ വസതിയിലാണ്. അവര്‍ ഇപ്പോഴും ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നു.

കാസര്‍ഗോഡ് ഉദുമ സ്വദേശി ആതിരയാവട്ടെ ഇപ്പോള്‍ തിരിച്ച് ഹിന്ദു മതത്തിലേക്ക് തന്നെ മടങ്ങിയിരിക്കുകയാണ്.

തന്നെ നിര്‍ബന്ധിച്ചാണ് മതം മാറ്റി ആയിഷയാക്കിയതെന്ന ആതിരയുടെ നിലപാട് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ വീണ്ടും നിലപാട് മാറ്റി തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലന്നും ഹിന്ദു മതത്തിലേക്ക് തിരിച്ചു മടങ്ങുകയാണെന്നുമാണ് പുതിയ നിലപാട്.

ഇങ്ങനെ പല നിലപാടുകള്‍ മാറ്റി പറയുന്നത് ഇത്തരം സെന്‍സിറ്റീവ് വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കാതെയാണെന്ന അഭിപ്രായം വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

ആരും നിര്‍ബന്ധിച്ചിട്ടല്ല മതം മാറ്റിയതെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങളുടെ ഉദ്ദേശം എന്താണെന്ന ചോദ്യവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ഇരു സംഭവങ്ങളിലും ഇരു വിഭാഗങ്ങളിലെയും ഒരു വിഭാഗം തീവ്രനിലപാടുകാര്‍ പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നതില്‍ പൊലീസും ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്.

സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ കേസെടുക്കുമെന്ന് കര്‍ക്കശ നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.

മതം മാറാന്നോ മുസ്ലിമിനെ വിവാഹം കഴിക്കാനോ ആരും നിര്‍ബന്ധിച്ചിട്ടില്ലന്ന് ആതിര വ്യക്തമാക്കി.

തീവ്രവാദ സംഘടനകളില്‍ അംഗമാകാനോ ഏതെങ്കിലും സ്ഥലത്തേക്ക് പോകാനോ ആരും ആവശ്യപ്പെട്ടിട്ടില്ല. മതം മാറിയശേഷം പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ചിലര്‍ സഹായം ചെയ്തിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നിരവധി മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കണ്ടാണ് ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.

ഖുര്‍ആന്‍ കൂടുതല്‍ പഠിച്ചപ്പോള്‍ ഇസ്‌ലാമാണ് ശരിയെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് മതം മാറാന്‍ തീരുമാനിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയശേഷം ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്താല്‍ സനാതന ധര്‍മത്തെക്കുറിച്ച് വിശദമായി പഠിച്ചതോടെ ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതായും ആതിര പറഞ്ഞു.

ഇസ്‌ലാമില്‍ ചേരാന്‍ പോകുന്നു എന്ന് മാതാപിതാക്കള്‍ക്ക് കത്തെഴുതിവെച്ച ശേഷം ജൂലൈ 10നാണ് ആതിര ഉദുമയില്‍ നിന്ന് വീടുവിട്ടത്. രണ്ടാഴ്ചക്കുശേഷം കണ്ണൂരില്‍ കണ്ടെത്തുമ്പോള്‍ മതം മാറി ആയിഷ എന്ന പേര് സ്വീകരിച്ചിരുന്നു. വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈകോടതി ഉത്തരവിട്ടത്. ആതിരയുടെ മാതാപിതാക്കളും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Top