വി.എസിന്റെ ‘പണി’ ഏറ്റു, സി.പി.എം ഓഫീസ് കണ്ടപ്പോൾ അകത്തേക്കോടി കേന്ദ്ര മന്ത്രി !

പൊന്‍കുന്നം: ‘ എന്നാലും വി.എസേ . .ഞങ്ങളോടിത് വേണ്ടായിരുന്നു ‘

ബി.ജെ.പി സംസ്ഥാന നേതാക്കളുടെ ഇടയിലെ ഇപ്പോഴത്തെ പരിഭവമാണിത്.

കേന്ദ്രമന്ത്രിയായി തങ്ങളുടെ തലക്ക് മീതെ കേന്ദ്ര നേതൃത്വം കെട്ടിയിറക്കിയ മുന്‍ ഐ.എ.എസുകാരനായ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വി എസ് അച്ചുതാനന്ദന്‍ കൊടുത്ത ‘പണി’ പാര്‍ട്ടിക്കുള്ള എട്ടിന്റെ പണിയായി മാറുമെന്ന് അവര്‍ കരുതിയിരുന്നില്ല.

കേന്ദ്ര നേതൃത്വം മുഖം കടുപ്പിച്ചതോടെയാണ് സംസ്ഥാനത്ത് സ്വീകരണമൊരുക്കാന്‍ മനസ്സിലാ മനസ്സോടെയാണെങ്കിലും നേതൃത്വം തയ്യാറായിരുന്നത്.

1

ഡല്‍ഹി സന്ദര്‍ശനവേളയില്‍ തന്നെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി ഔപചാരികതയുടെ പേരില്‍ ആശംസ നേര്‍ന്നതും സംസ്ഥാനത്തെ കാവിപ്പയുടെ പുനര്‍ വിചിന്തനത്തിന് കാരണമായ പ്രധാന ഘടകമാണ്.

കണ്ണന്താനത്തിന്റെ ജന്‍മനാട്ടില്‍ സ്വീകരണ ‘മാമാങ്കം’ കേമമാക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെയാണ് അപ്രതീക്ഷിതമായി വെടി പൊട്ടിച്ച് ഞായറാഴ്ച സാക്ഷാല്‍ വി.എസ് രഗത്ത് വന്നത്.

‘ ഒരു ഇടതു പക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതെന്ന് തുറന്നടിച്ച അദ്ദേഹം, ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണെന്നും ചൂണ്ടിക്കാട്ടി.

വ്യക്തിപരമായ സ്ഥാനലബ്ധിയേക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലായിരുന്നു കണ്ണന്താനത്തിന്റെ കൂട് മാറ്റം എന്നതിനാല്‍ അതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്നും വിഎസ് വ്യക്തമാക്കി.

കേന്ദ്ര മന്ത്രി കണ്ണന്താനത്തെ അഭിനന്ദിക്കാന്‍ തന്നെ കിട്ടില്ലന്ന കൃത്യമായ സന്ദേശം കാരണങ്ങള്‍ സഹിതം നല്‍കുന്ന പ്രതികരണമായിരുന്നു ആ മുതിര്‍ന്ന കമ്യൂണിസ്റ്റിന്റെ.

മേലില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ഉപദേശവും ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം സി.പി.എമ്മിനു നല്‍കുകയുണ്ടായി.

തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ഫാസിസത്തോട് സന്ധി ചെയ്യുകയാണ് കണ്ണന്താനം ചെയ്തിരിക്കുന്നതെന്ന് കൂടി പറഞ്ഞ് കൊണ്ടാണ് വി.എസ് പ്രതികരണം അവസാനിപ്പിച്ചിരുന്നത്.

വി.എസിന്റെ പ്രതികരണം കൊള്ളേണ്ടടത്ത് കൊണ്ടതോടെ ഉടന്‍ തന്നെ മറുപടിയും വന്നു ‘വി.എസിന്റെ പ്രായം സൂചിപ്പിച്ചായിരുന്നു ‘വിവര’മുള്ള മുന്‍ ഐ.എ.എസുകാരനായ മന്ത്രിയുടെ പരിഹാസം.

‘വി എസിന് പ്രായമായില്ലേ, ഇനി എന്തും പറയാം’ എന്നായിരുന്നു മറുപടി.

ഇത് വേണ്ടത്ര ഏശിയില്ലന്ന് തോന്നിയതോടെ താന്‍ നന്ദികേട് കാട്ടിയിട്ടില്ലെന്നും ചെങ്കൊടിയെ മറന്നിട്ടില്ലന്നും ബോധ്യപ്പെടുത്താനുള്ള ശ്രമമായി കണ്ണന്താനത്തിന്റേത്.

പിന്നെ മടിച്ചില്ല, ജന്മനാട്ടില്‍ സ്വീകരണത്തിന് അലങ്കരിച്ച വാഹനത്തില്‍ സി.പി.എം എന്ന് കേട്ടാല്‍ ചോര തിളക്കുന്ന കുമ്മനവും സംഘവും കൂടെ ഉള്ളതൊന്നും കേന്ദ്രമന്ത്രി നോക്കിയില്ല വണ്ടിയില്‍ നിന്നിറങ്ങി ഒറ്റ ഓട്ടമായിരുന്നു വഴിയരികിലെ സി.പി.എം എലിക്കുളം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക്.

കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘികളുടെ ‘കടന്നാക്രമണമാണെന്ന് കണ്ട് പ്രതിരോധത്തിന് മുണ്ടും കയറ്റി കുത്തി തയ്യാറെടുത്ത ലോക്കല്‍ സെക്രട്ടറി എസ്.ഷാജിയെ കണ്ണന്താനം ഒറ്റക്കെട്ടിപിടുത്തമായിരുന്നു.

പിന്നെ പൊട്ടി ചിരിയും താമശയുമായി. ഓഫീസിലുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കും മാറി മാറി കൈ കൊടുക്കാന്‍ കണ്ണന്താനം തന്നെ മത്സരിച്ചു.

പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിയുടെ ‘ചെങ്കോട്ടയിലെ’ പ്രകടനം കണ്ട് അമ്പരന്ന് നില്‍ക്കുകയായിരുന്നു ഈ സമയം കുമ്മനം രാജശേഖരന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളും അനുഗമിച്ച് വന്ന പ്രവര്‍ത്തകരും.

തങ്ങളുടെ മന്ത്രി തങ്ങള്‍ക്ക് പോലും കൈ തന്നില്ലല്ലോ എന്ന പരിഭവം കൂടെ ഉണ്ടായിരുന്ന പല ബി.ജെ.പി പ്രവര്‍ത്തകരുടെയും മുഖഭാവത്തില്‍ തന്നെ പ്രകടമായിരുന്നു.

എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ സി.പി.എം ഓഫീസിലെ സന്ദര്‍ശനം ‘ആഘോഷമാക്കി’ വി.എസിന് മറുപടി നല്‍കുകയായിരുന്നു കണ്ണന്താനം.

‘ഫാസിസ്റ്റ് ‘കൂടാരത്തില്‍ നിന്നും പഴയ ചെങ്കൊടിയുടെ കൂടാരത്തിലേക്ക് അല്പസമയം മടങ്ങി നല്‍കിയ ഒരു മറുപടി ‘

നന്ദികെട്ടവനല്ല താന്‍, എല്ലാം ഓര്‍മ്മയുണ്ടെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ . . !

പഴയ സഹപ്രവര്‍ത്തകരെ കണ്ടപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നാണ് കേന്ദ്രമന്ത്രി സി.പി.എം ഓഫീസിലെ സന്ദര്‍ശനത്തെ പറ്റി പിന്നീട് പ്രതികരിച്ചത്.

സി.പി.എം സ്വതന്ത്രനായി ഇടത് സ്ഥാനാര്‍ത്ഥിയായി വിജയിച്ച അല്‍ഫോണ്‍സ് കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നതിലുള്ള അരിശമാണ് ഞായറാഴ്ച ശക്തമായ പ്രതികരണത്തിലൂടെ വി.എസ് തീര്‍ത്തിരുന്നത്.

2

വി.എസ് ഇങ്ങനെ രൂക്ഷമായി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ കണ്ണന്താനം ഒരിക്കലും സി.പി.എം ഓഫീസില്‍ ഓടി കയറുകയേ ഇല്ലായിരുന്നുവെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

‘ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കണ്ടു, കേരളത്തിലെത്തിയപ്പോള്‍ സി.പി.എം ഓഫീസില്‍ ചാടി കയറി . . ഇനി എന്തെല്ലാം കാണേണ്ടി വരുമെന്നാണ് ‘ ബി.ജെ.പി നേതാക്കള്‍ പരസ്പരം ചോദിക്കുന്നത്.

ചെങ്കൊടികണ്ടാല്‍ തന്നെ കലിയിളകുന്ന അണികളുടെ ചോദ്യത്തിന് എങ്ങനെ മറുപടി പറയുമെന്നറിയാതെ ശരിക്കും വട്ടം ചുറ്റിയിരിക്കുകയാണിപ്പോള്‍ ബി.ജെ.പി നേതൃത്വം.

ബീഫ് വിഷയത്തിലെ കണ്ണന്താനത്തിന്റെ പ്രതികരണവും സംഘപരിവാര്‍ അണികളെ ചൊടിപ്പിച്ചിരുന്നു.

യഥാര്‍ത്ഥത്തില്‍ കണ്ണന്താനം ആരുടെ മന്ത്രിയാണെന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ പോലും ഇപ്പോള്‍ ആശയ കുഴപ്പമുണ്ടത്രെ.

അതേസമയം മന്ത്രി സ്ഥാനം ഏറ്റെടുത്ത കണ്ണന്താനത്തിന്റെ തുടക്കത്തിലെ പോക്കില്‍ തന്നെ കടുത്ത അതൃപ്തിയിലാണ് ആര്‍.എസ്.എസ് നേതൃത്വമെന്നാണ് സൂചന.

സി.പി.എമ്മുമായി സഹകരിക്കുന്ന മാനസികാവസ്ഥയിലല്ല കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എന്ന് കണ്ണന്താനം ഓര്‍മ്മിക്കുന്നത് നല്ലതാണെന്നാണ് പ്രമുഖ നേതാവ് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി.

Top