Special- After the party election cpm to take over the NCP minister position

തിരുവനന്തപുരം: എൻസിപിക്ക് മന്ത്രി സ്ഥാനം നൽകാനുള്ള സാധ്യത മങ്ങുന്നു.

ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച കാര്യങ്ങൾ വ്യക്തമായിട്ടുമതി പുതിയ മന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തു തന്നെ സ്വയം മന്ത്രി പ്രഖ്യാപനവും വകുപ്പും പ്രഖ്യാപിച്ചു കളഞ്ഞ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയാണ് ശശീന്ദ്രന് പുറമെ എൻസിപിയുടേതായ മറ്റൊരു എംഎൽഎ.

സർക്കാർ രൂപീകരണ സമയത്ത് തന്നെ മന്ത്രി സ്ഥാനത്തിനു വേണ്ടി തോമസ് ചാണ്ടി ശ്രമം നടത്തിയിരുന്നെങ്കിലും കേരളത്തിലെ എൻസിപി നേതാക്കളിൽ ഭൂരിപക്ഷവും ശശീന്ദ്രനൊപ്പമായിരുന്നു.

കൂടാതെ മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും താൽപര്യവും അദ്ദേഹത്തിന് അനുകൂലമായതോടെ സ്ഥാനാരോഹണം എളുപ്പവുമായി.

എന്നാൽ ഒരു അഴിമതി ആരോപണങ്ങളിൽ പോലും ഇതുവരെ കുടുങ്ങാത്ത ശശീന്ദ്രൻ സത്രീ വിഷയത്തിൽ കുടുങ്ങി പുറത്തു പോവേണ്ടി വന്നത് ഇടതു മുന്നണിക്കാകെ ഇപ്പോൾ നാണക്കേടായിരിക്കുകയാണ്.

വിവാദം കത്തിപ്പടരും മുൻപ് അദ്ദേഹം രാജിവച്ചതും പൊതു സമൂഹത്തിനിടയിൽ മാത്രമല്ല മാധ്യമ പ്രവർത്തകർക്കിടയിൽ പോലും ശശീന്ദ്രനെതിരായ വാർത്തക്കെതിരെ വിമർശനമുയർന്നതുമാണ് ഇടതു മുന്നണിയുടെ ഏക ആശ്വാസം.

അതേസമയം പ്രതിപക്ഷം മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വിഷയം സജീവമാക്കുന്നത് ഇടതിന് തലവേദനയാകുന്നുണ്ട്. പെട്ടന്നുള്ള രാജി തന്നെയാണ് ഇവിടെ പെട്ടന്നുള്ള മറുപടിയായി ഇടതുപക്ഷം ചൂണ്ടി കാണിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് സ്ത്രീകളുടെ പരാതിയുണ്ടായിട്ടുപോലും രാജി വയ്ക്കാതെ കടിച്ചു തൂങ്ങിയ മന്ത്രിമാർ പരാതിക്കാരി ഇല്ലാതിരുന്നിട്ടും ആരോപണം വന്ന ഉടനെ രാജിവെച്ച ശശീന്ദ്രന്റെ ധാർമ്മികത കണ്ട് പഠിക്കണമെന്നാണ് ഇടത് മുന്നണി ആവശ്യപ്പെടുന്നത്.

പുതിയ മന്ത്രി സ്ഥാനത്തെ കുറിച്ച് മലപ്പുറം ഉപതിരഞ്ഞെടുപ്പിനു ശേഷം മാത്രമേ ചർച്ച നടത്തുകയുള്ളൂ എന്ന തീരുമാനത്തിലാണ് പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയും.

തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം കൊടുക്കാതെ പാർട്ടി മന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നതാണ് സിപിഎം നേതൃത്യത്തിലെ പൊതു വികാരം. മുഖ്യമന്ത്രിയും ഈ നിലപാടിനൊപ്പമാണ്. പ്രത്യേകിച്ച് ശശീന്ദ്രനെതിരെ ഗൂഢാലോചന നടന്നുവെന്ന എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ തന്നെ ആരോപണമുന്നയിച്ച പശ്ചാത്തലത്തിൽ.

ശശീന്ദ്രനെ അനുകൂലിക്കുന്ന എൻസിപിയിലെ വിഭാഗമാവട്ടെ അഗ്നിശുദ്ധി വരുത്തി മന്ത്രിസ്ഥാനത്ത് ശശീന്ദ്രന് തിരികെ വരാനുള്ള സാഹചര്യമുണ്ടാക്കണമെന്ന ആവശ്യമാണ് ഉയർത്തുന്നത്.

പരാതിക്കാരി ഇല്ലാത്ത സ്ഥിതിക്ക് ഗൂഢാലോചന കണ്ടു പിടിച്ച് അതിനുള്ള അവസരമൊരുക്കണമെന്നതാണ് അവരുടെ ആവശ്യം.

തന്നെ ഉദ്ഘാടകനാക്കിയ ചാനൽ തന്നെ ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതിനാൽ അന്വേഷണത്തിനു ശേഷം ഗൂഢാലോചന പുറത്തു കൊണ്ടുവന്ന് ശശീന്ദ്രനെ തിരികെ മന്ത്രിസഭയിലെടുത്ത് മുഖ്യമന്ത്രി മറുപടി നൽകാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.

അല്ലാത്തപക്ഷം സിപിഎമ്മിൽ നിന്ന് സുരേഷ് കുറുപ്പ്, എ.പ്രദീപ് കുമാർ, രാജു എബ്രഹാം എന്നിവരിൽ ആർക്കെങ്കിലും മന്ത്രി സ്ഥാനത്തേക്ക് നറുക്ക് വീണേക്കും..

Top