രാഷ്ട്രീയ സൂചന നൽകി രജനിക്ക് പിന്നാലെ വിജയ്, ഇനി മുതൽ ഇളയദളപതി ‘ദളപതി’ !

ചെന്നൈ: തമിഴകത്തെ ഇളയദളപതിയെ ദളപതിയാക്കി പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ്.

ഇതുവരെ ഇളയദളപതിയായി അറിയപ്പെട്ടിരുന്ന വിജയ്ക്ക് ദളപതി പട്ടം കൊടുത്തിരിക്കുന്നത് ചിത്രീകരണം പുരോഗമിക്കുന്ന ‘മെര്‍സല്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റിനാണ്.

തമിഴകത്ത് ദളപതി എന്ന് എല്ലാവരും വിളിക്കുന്നത് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെയാണ്. മുഖ്യമന്ത്രി മോഹവുമായി നില്‍ക്കുന്ന സ്റ്റാലിന് സാക്ഷാല്‍ രജനി രാഷ്ട്രീയത്തില്‍ എതിരാളിയായി വരാനിരിക്കെയാണ് പുതിയ എതിരാളി രംഗ പ്രവേശനം ചെയ്തിരിക്കുന്നത്.

‘ഇളയ’ എന്ന വാക്ക് ഒഴിവാക്കി ദളപതി വിജയ് എന്ന പേര് സ്വീകരിച്ചതോടെ തമിഴക രാഷ്ട്രീയത്തിലേക്ക് വിജയ് അധികം താമസിയാതെ തന്നെ കടന്നു വരുമെന്നാണ് തമിഴകം പ്രതീക്ഷിക്കുന്നത്.

രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുന്‍പ് ഇത്തരം ചില സൂചനകള്‍ മുന്‍പ് പല താരങ്ങളും കൊടുത്തിട്ടുണ്ട് എന്നതിനാല്‍ ദളപതി മാറ്റത്തിലും രാഷ്ട്രീയ ലക്ഷ്യം ഒരു വിഭാഗം ദര്‍ശിക്കുന്നുണ്ട്.

അടുത്തയിടെ ഒരു അഭിമുഖത്തില്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ച് വിജയ് തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ പിതാവും അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് തൊട്ടുപിന്നാലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെ കര്‍ഷകരെ കുറിച്ച് വിജയ് വാചാലനായിരുന്നു.

‘നമ്മള്‍ സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ സന്തോഷത്തോടെയല്ല ഇപ്പോള്‍ കഴിയുന്നതെന്ന് ‘ പറഞ്ഞ വിജയ് ഏറെ വികാരാധീതനായാണ് സംസാരിച്ചിരുന്നത്.

മുന്‍പ് റിലീസായ വിജയ് യുടെ സൂപ്പര്‍ ഹിറ്റ് സിനിമ ‘കത്തി’യും കര്‍ഷകരുടെ ദയനീയ ജീവിതം തുറന്നു കാട്ടുന്നതായിരുന്നു.

പാവപ്പെട്ടവരെ ഏറ്റവും അധികം സഹായിക്കുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിജയ് താമസിയാതെ രാഷ്ട്രീയത്തില്‍ വരണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ആഗ്രഹിക്കുന്നത്.

പുതിയ സിനിമയുടെ പോസ്റ്റില്‍ സ്‌റ്റൈലിഷായി നില്‍ക്കുന്ന വിജയ്ക്ക് പിന്നാലെ കാളക്കൂട്ടം നില്‍ക്കുന്നതും ഇപ്പോള്‍ തമിഴകത്ത് സംസാരവിഷയമാണ്.

ലക്ഷങ്ങള്‍ തെരുവിലിറങ്ങിയ ജെല്ലിക്കെട്ട് സമരം കൊടുമ്പിരി കൊണ്ടിരിക്കെ മറീന ബീച്ചില്‍ മുഖം മറച്ച് ചെന്ന് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച വിജയ് യുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

vijay 1

ആരാധകര്‍ തിരിച്ചറിഞ്ഞ് കൂട്ടമായി എത്തിയതോടെ അദ്ദേഹത്തിന് പെട്ടെന്ന് തന്നെ തിരിച്ച് മടങ്ങിപോകേണ്ടി വന്നെങ്കിലും സമരത്തിലെ താരം ഇളയദളപതി തന്നെയായിരുന്നു.

തമിഴകത്തിന്റെ വികാരമായ ജെല്ലിക്കെട്ടിനെ സമര്‍ത്ഥമായി തന്നെ പുതിയ സിനിമയില്‍ സംവിധായകന്‍ അറ്റ്‌ലി ഉപയോഗിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന ഈ പോസ്റ്ററും രാഷ്ട്രീയ കേന്ദ്രങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണിപ്പോള്‍.

രജനിക്ക് പിന്നാലെ വിജയ് കൂടി ഇനി രാഷ്ട്രീയത്തിലിറങ്ങിയാല്‍ പ്രതിപക്ഷത്ത് പോലും സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍.

സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴകത്ത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ പോലെ തന്നെ വന്‍ ആരാധകപടയുള്ള താരമാണ് വിജയ്.

vijay 2

രജനിക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ പട്ടം വിജയ്ക്ക് ആണെന്ന് അടുത്തയിടെ പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരുന്നു.

സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ഇനി രജനിയുടെ പിന്‍ഗാമി വിജയ് തന്നെ ആയിരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണിപ്പോള്‍ തമിഴകം.

Top