ആദിത്യനാഥും എസ്.എഫ്.ഐ ആയിരുന്നു ! വെളിപ്പെടുത്തലുമായി ജീവചരിത്ര പുസ്തകം

ന്യൂഡല്‍ഹി: എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെ എതിര്‍ക്കുന്നവര്‍ പോലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്.

മാതൃ പ്രസ്ഥാനമായ സി.പി.എം മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങിയാലും എസ്.എഫ്.ഐ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സജീവമാണെന്ന കാര്യം.

സിനിമാ താരങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍ തുടങ്ങി ന്യൂ ജനറേഷന്‍ വിഭാഗത്തില്‍ പോലും ഈ എസ്.എഫ്.ഐ സ്വാധീനം പ്രകടമാണ്.

പഠിക്കുന്ന സമയത്ത് എസ്.എഫ്.ഐ ക്കാരനായി പിന്നീട് ഐ.പി.എസ് നേടി എസ്.എഫ്.ഐ സമരത്തെ തന്നെ നേരിടാന്‍ രംഗത്തിറങ്ങേണ്ടി വന്ന ഐ.പി.എസുകാരും ഐ.എ.എസുകാരും ഉള്‍പ്പെടെ ഉദ്യോഗസ്ഥ തലത്തിലും അനവധി ‘തലകള്‍’ എണ്ണാന്‍ നോക്കിയാല്‍ എളുപ്പത്തില്‍ കിട്ടും.

കൂലി പണിക്കാരന്‍ മുതല്‍ ഉന്നത സിവില്‍ സര്‍വീസ് മേഖലകളില്‍ വരെ എത്തുന്നതാണ് ഈ എസ്.എഫ്.ഐ പെരുമ.

കാമ്പസുകളില്‍ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതും തെരുവില്‍ ചോര ചിന്തുന്ന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതുമൊക്കെ യുവതലമുറയെ എസ്.എഫ്.ഐ യിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

ഇത്തരമൊരു ആകര്‍ഷണത്തില്‍പ്പെട്ട് എസ്.എഫ്.ഐ അനുഭാവിയായ വ്യക്തിയാണ് സാക്ഷാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വെളിപ്പെടുത്തല്‍.

പഠിക്കുന്ന കാലത്തെ തീപ്പൊരി പ്രാസംഗികനായ സഖാവ് അജയ് ബിഷ്ട് എന്ന യോഗി ആദിത്യനാഥ് എസ്.എഫ്.ഐ അനുഭാവിയായിരുന്നുവെന്ന് സഹപാഠിയായ ശന്തനു ഗുപ്ത എന്നയാളുടെ ജീവചരിത്ര പുസ്തകത്തിലാണ് രേഖപ്പെടുത്തായിരിക്കുന്നത്.

ശന്തനു ഗുപ്ത എഴുതിയ ‘ദ മൊങ്ക് ഹൂ ബികെയിം ചീഫ് മിനിസ്റ്റര്‍’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

അജയ് ബിഷ്ട് എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പൂര്‍വ്വാശ്രമത്തിലെ ആദ്യ പേര്.

പഠിക്കുന്ന കാലത്ത് ജയപ്രകാശ് എന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുവഴിയാണ് എസ്.എഫ്.ഐ ചേരിയില്‍ എത്തുന്നത്..കോളജിലെ എസ്.എഫ്.ഐയുടെ മുഖമായിരുന്നു ജയപ്രകാശ്.

എസ്.എഫ്.ഐയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി അനുഭാവിയായ അജയ് എന്ന യോഗി സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവത്രെ

എന്നാല്‍ വിവരമറിഞ്ഞെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ അവസാന നിമിഷത്തില്‍ അജയ് ബിഷ്ടിനെ റാഞ്ചുകയായിരുന്നു.

പ്രമോദ് റാവത്ത് എന്ന എ.ബി.വി.പി നേതാവിന്റെ സമ്മര്‍ദ്ദഫലമായാണ് അജയ് എന്ന ആദിത്യനാഥ് ശുഭ്ര പതാകക്ക് പകരം കാവിക്കൊടി പിടിച്ചതെന്നാണ് ശന്തനു ഗുപ്ത വെളിപ്പെടുത്തുന്നത്.

പിന്നീട് രാമ ജന്മഭൂമി പ്രക്ഷോഭകാലത്ത് മഹന്ത് ആദിത്യനാഥ് എന്നയാളെ പരിചയപ്പെട്ടതാണ് അജയ് യുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

മഹന്ത് ആദിത്യനാഥ് യോഗിയെ തന്റെ പിന്‍ഗാമിയാക്കി. തുടര്‍ന്ന് യോഗി ഗൊരഖ്പൂര്‍ മഠത്തിന്റെ അധിപനുമായി.1998- മുതല്‍ ഗൊരഖ്പൂര്‍ എം.പിയാണ്. വന്‍ ഭൂരിപക്ഷത്തിനാണ് ഓരോ തിരഞ്ഞെടുപ്പിലും വിജയിച്ചു കയറിയത്.

ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനവും മിനി ഇന്ത്യ എന്ന് അറിയപ്പെടുകയും ചെയ്യുന്ന ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാവാനും ഭാഗ്യമുണ്ടായി.

പിന്നിട്ട ജീവിത പാതയില്‍ ചുവപ്പ് സ്വപ്നത്തെ പ്രണയിക്കുകയും പിന്നീട് മനസ്സ് കാവിവല്‍ക്കരിക്കപ്പെടുകയും ചെയ്ത രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ് യോഗി ആദിത്യനാഥ്.

Top