നടനെതിരായ വെളിപ്പെടുത്തൽ ; ‘പ്രമുഖ നടി’ സംശയത്തിന്റെ മുൾമുനയിൽ, കുടിപ്പകയും . .

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന വെളിപ്പെടുത്തലില്‍ പ്രമുഖ നടിക്ക് വല്ല ബന്ധവുമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും.

വ്യക്തിപരമായ കുടിപ്പക സിനിമാ മേഖലയിലും കടന്നു കയറിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് അടിസ്ഥാന കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഗൂഢാലോചന വിവരം സംബന്ധിച്ച് പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ കിടന്ന സഹതടവുകാരനോട് പറഞ്ഞത് സംബന്ധമായി മൊഴി രേഖപ്പെടുത്തിയ പൊലീസ്, പ്രധാനമായും നടന്റെ സുഹൃത്തായ സംവിധായകന് സുനി കത്തെഴുതാനുണ്ടായ സാഹചര്യമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ‘ക്യാംപ് ‘ തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതു സംബന്ധമായി വിശദമായ അന്വേഷണം നടത്തണമെന്നുമാണ് നടനുമായി ബന്ധപ്പെട്ടവരുടെ ആവശ്യം.

ഇടനിലക്കാര്‍ വഴി പ്രതികള്‍ നടത്തിയ കത്ത് നാടകവും ‘വിലപേശലും’ നടനെ കേസിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ഇവരുടെ ആരോപണം.

അതേ സമയം പ്രതികളുമായി നടനെയോ സുഹൃത്തുക്കളേയോ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ചോദ്യം ചെയ്യലില്‍ പോലും പ്രതികള്‍ പറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പായുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ‘വ്യക്തമായ’ കാരണമുണ്ടാകുമെന്ന് തന്നെയാണ് പൊലീസ് സംശയിക്കുന്നത്.

അത് ഇനി സംഭവത്തില്‍ നടന് ഏതെങ്കിലും തരത്തില്‍ പങ്കുള്ളത് സംബന്ധിച്ചാണെങ്കില്‍ പോലും ഇപ്പോള്‍ പുറത്തു പറയുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല.

അത് ഇനി പണം തട്ടാന്‍ വേണ്ടിയാണോ അതോ ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണോ എന്നതാണ് പൊലീസ് കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നത്.

ഗൂഢാലോചന നടനു നേരെ ചുമത്താന്‍ പ്രതികളുടെയോ ജയിലിലെ സഹതടവുകാരുടെയോ മൊഴിമാത്രം മതിയാകില്ല. ഇവരെ പരസ്പരം കണക്ട് ചെയ്യാന്‍ പറ്റുന്ന തെളിവുകള്‍ അനിവാര്യമാണ്. തെളിവ് ലഭിച്ചാല്‍ നടനെതിരെ കേസെടുക്കും.

എന്നാല്‍ കോടതിയുടെ അനുമതിയോടെ പുനഃരന്വേഷണം നടത്തിയിട്ടും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍ നടനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന് പ്രതികള്‍ക്കും ‘ഇടനില’ കാര്‍ക്കും എതിരെയായിരിക്കും കേസെടുക്കുക.

ഇപ്പോള്‍ ഇത്തരം വെളിപ്പെടുത്തല്‍ നടത്താനുണ്ടായ സാഹചര്യം പ്രതികള്‍ കോടതിക്കു മുന്‍പില്‍ വെളിപ്പെടുത്തേണ്ടിയും വരും.

ഇടനിലക്കാര്‍ സംസാരിക്കുന്നത് നടന്റെ സുഹൃത്തും ഡ്രൈവറും റെക്കേര്‍ഡ് ചെയ്തത് പ്രതികളെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.

ഈ സംഭാഷണത്തില്‍ നടിയുടെയും യുവനടന്റെയുമെല്ലാം പേര് പറയുന്നതിനാല്‍ ആന്റി ക്ലൈമാക്ലിലേക്കാണ് കേസ് ഇപ്പോള്‍ നീങ്ങുന്നത്.

നടനുമായി ബന്ധപ്പെട്ടവരോട് ഇടനിലക്കാര്‍ സംസാരിച്ചത് പണത്തിന് വേണ്ടിയല്ല, മറിച്ച് പേരു പറയുമെന്ന് ഭയപ്പെടുത്തി വരുതിയിലാക്കി ട്രാപ്പിലാക്കാനാണെന്നാണ് നടന്റെ സുഹൃത്തുക്കള്‍ സംശയിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതികള്‍ എന്ത് പറഞ്ഞാലും പൊതു സമൂഹം വിശ്വസിക്കുമെന്നതിനാലാണ് ‘നാടകം’ അരങ്ങേറിയതെന്നും ഇതാണ് യഥാര്‍ത്ഥ ഗൂഢാലോചനയെന്നുമാണ് ആരോപണം.

റിപ്പോര്‍ട്ട്: എം വിനോദ്

Top