ഇടതുമുന്നണിയിലെത്താൻ മുസ്ലീം ലീഗിലെ ഒരു വിഭാഗം, യു.ഡി.എഫ് ടൈറ്റാനിക്കെന്ന് !

മലപ്പുറം: ഇടതുമുന്നണിയിലെത്താന്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിനും താല്‍പര്യം !

സി.പി.എം ഉന്നത നേതാക്കളുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ലീഗ് എം.പിയും അനുയായികളുമാണ് യു.ഡി.എഫില്‍ തുടരുന്നതിനോട് അതൃപ്തി രേഖപ്പെടുത്തുന്നത്.

നിലവിലെ യു.ഡി.എഫ് സംവിധാനം മുങ്ങുന്ന ടൈറ്റാനിക്കാണെന്നും, കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതാണ് പാര്‍ട്ടിയുടെ ‘ഭാവിക്ക് ‘ നല്ലതെന്നുമാണ് അവരുടെ അഭിപ്രായം.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വോട്ട് വര്‍ദ്ധിപ്പിച്ചത് മലപ്പുറത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പോലും കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം മാറി വരുന്നതിന്റെ സൂചനയായിട്ടാണ് ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തിലും കടുത്ത അതൃപ്തി ലീഗിലെ ഒരു വിഭാഗത്തിനുണ്ട്. കൊട്ടിഘോഷിച്ച് നടന്ന ‘പടയൊരുക്ക’വും പരാജയമായിരുന്നത്രേ.

ഉമ്മന്‍ ചാണ്ടി സോളാറില്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഇതിന്റെ അന്വേഷണങ്ങള്‍ നീളുമെന്നാണ് നിഗമനം.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും എത്ര എം.പിമാരെ തിരഞ്ഞെടുക്കാന്‍ യു.ഡി.എഫിന് കഴിയും എന്നു വിലയിരുത്തിയ ശേഷം നിലപാട് പ്രഖ്യാപിക്കാനാണ് ഈ വിഭാഗത്തിന്റെ തീരുമാനം.

മലപ്പുറത്തിനും പൊന്നാനിക്കും പുറമെ വയനാട് മണ്ഡലം കൂടി ആവശ്യപ്പെട്ട് യു ഡി.എഫില്‍ ഭിന്നതക്ക് തിരികൊളുത്താനും ആലോചനയുണ്ട്.

ലീഗിന്റെ ശക്തിക്ക് അനുസരിച്ചുള്ള ലോക്‌സഭ സീറ്റുകള്‍ കോണ്‍ഗ്രസ്സ് നല്‍കാത്തതില്‍ കഴിഞ്ഞ തവണയും പാര്‍ട്ടിക്കകത്ത് മുറുമുറിപ്പ് ഉയര്‍ന്നിരുന്നു.

നിലവില്‍ പതിനൊന്ന് ലോക്‌സഭാ അംഗങ്ങളാണ് യു.ഡി.എഫിന് ഉള്ളത്. യു.ഡി.എഫ് ടിക്കറ്റില്‍ കോട്ടയത്ത് നിന്നും വിജയിച്ച ജോസ്.കെ.മാണിക്ക് പുറമെയാണിത്.

ഇടതുപക്ഷത്തിന് എട്ട് അംഗങ്ങളാണ് ആകെയുള്ളത്. അതാകട്ടെ ആറ്റിങ്ങള്‍, ഇടുക്കി, ചാലക്കുടി, തൃശൂര്‍,പാലക്കാട്, ആലത്തൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒതുങ്ങും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ 15 സീറ്റാണ് സി.പി.എം ലക്ഷ്യമിടുന്നത്.

പ്രതിപക്ഷമെന്ന ‘ആനുകൂല്യം’ പ്രയോജനപ്പെടുത്തി കഴിഞ്ഞ തവണത്തെ സീറ്റുകളെങ്കിലും യു.ഡി.എഫിന് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലങ്കില്‍ ലീഗ് പിളര്‍പ്പിലേക്ക് നീങ്ങാനാണ് സാധ്യത.

അതേസമയം ലീഗിലെ പാരമ്പര്യവാദികള്‍ എന്തുവന്നാലും യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന നിലപാടിലാണ്.

എന്നാല്‍ മറുവിഭാഗമാകട്ടെ സാഹചര്യത്തിന് അനുസരിച്ച് നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് പ്രകടിപ്പിക്കുന്നത്.

മുസ്ലീം ലീഗായി ഇടതു പക്ഷത്ത് ഒരു ഘടകകക്ഷിയാകുക എന്നത് ‘പ്രയാസകരമായ’ സാഹചര്യമായാല്‍ നല്ലൊരു വിഭാഗം പിളര്‍ന്ന് മാറാന്‍ സാധ്യത കൂടുതലാണ്.

സി.പി.എം നേതൃത്വത്തിന്റെ നിലപാടാകട്ടെ ലീഗിലെ പുരോഗമനവാദികള്‍ക്ക് അനുകൂലവുമാണ്.

തോളിലിരുന്ന് ചെവി തിന്നുന്ന സി.പി.ഐയെ ഏത് വിധേയനേയും ഒതുക്കണമെന്ന് ആഗ്രഹിക്കുന്ന സി.പി.എം, ലീഗിലെ ഒരു വിഭാഗം പിളര്‍ന്ന് വന്നാല്‍ മുന്നണിയിലേക്ക് സ്വീകരിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

ഏറെ കാലമായി ഇടതു മുന്നണിയിലെടുക്കാതെ സഹകരണത്തില്‍ മാത്രം ബന്ധം നിലനിര്‍ത്തുന്ന ഐ.എന്‍.എല്ലിനെ കൂടി ഈ വിഭാഗത്തോടൊപ്പം ലയിപ്പിച്ച് ഒറ്റ പാര്‍ട്ടിയാക്കി ഇടതു പക്ഷത്ത് നിലനിര്‍ത്താനും കഴിയും.

കാര്യമായ ജനസ്വാധീനമില്ലാത്ത സി.പി.ഐക്ക് ലീഗിനേക്കാള്‍ കൂടുതല്‍ നിയമസഭാംഗങ്ങള്‍ ഉണ്ടായത് സി.പി.എമ്മിന്റെ സ്വാധീനത്തിന്റെ ഭാഗമായാണ്.

ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ഒറ്റക്ക് ജയിക്കാന്‍ ശേഷിയില്ലാത്ത എന്‍.സി.പി, ജനതാദള്‍ (എസ്) കോണ്‍ഗ്രസ്സ്(എസ്സ്) എന്നിവയാണ് ഇടതു പക്ഷത്തെ മറ്റു ഘടകകക്ഷികള്‍.

ജനസ്വാധീനമില്ലാത്ത ഘടകകക്ഷികളിലെ മന്ത്രിമാര്‍ ഇടതുപക്ഷത്തിന് സൃഷ്ടിച്ച തലവേദനയും ചെറുതല്ല.

പെണ്‍കെണിയിലും, കയ്യേറ്റ ആരോപണത്തിലും പെട്ട് മാറിവന്ന രണ്ട് എന്‍.സി.പി മന്ത്രിമാര്‍ക്കും രാജിവയ്‌ക്കേണ്ടിയും വന്നു.

ആളില്ലാ പാര്‍ട്ടികളെ ഒഴിവാക്കണമെന്നും സി.പി.ഐയെ നിലക്ക് നിര്‍ത്തണമെന്നും പാര്‍ട്ടിക്കകത്ത് ശക്തമായ ആവശ്യം ഉയരുന്നതിനാല്‍ ‘പ്രായോഗിക’ നിലപാടിലേക്ക് ഇനി സി.പി.എമ്മിന് കടക്കേണ്ടി വരും.

മുസ്ലീം ലീഗിലെയും കേരള കോണ്‍ഗ്രസ്സിലെയും ഒരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ സി.പി.എം തീരുമാനിച്ചാല്‍ അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റി മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top