16 വയസ്സുള്ള കൗമാരക്കാരിയുടെ കണ്ണീരില്‍ എഴുതിയ എസ്.പിയുടെ പുസ്തകം ഹിറ്റ് !

തിരുവനന്തപുരം : ആത്മഹത്യ ചെയ്യാനുറച്ച് തന്റെ മുന്നിലെത്തിയ പത്തനംതിട്ട സ്വദേശിനിയായ 16 വയസുളള കൗമാരകാരിയെ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്ന യുവ ഐപിഎസ് ഓഫീസര്‍ ഒരിക്കലും മറക്കില്ല.

സൈബര്‍ ലോകത്തെ ചതിവലകള്‍ തിരിച്ചറിയും മുന്‍പ് ‘അദൃശ്യനായ’ കാമുകന് മുന്നില്‍ സ്വന്തം നഗ്‌നത അനാവരണം ചെയ്യാന്‍ വിധിക്കപ്പെട്ടവളുടെ കണ്ണീരിന് കേവലം നടപടികള്‍ക്കപ്പുറം സമൂഹത്തിന് കൂടി മുന്നറിയിപ്പ് നല്‍കുകയാണ് തന്റെ പുസ്തകത്തിലൂടെ സഞ്ജയ്.

സൈബര്‍ വല കഴുത്തില്‍ കുടുങ്ങി മരണം കാത്തിരിക്കുന്ന ഇത്തരം നൂറ് കണക്കിന് കൗമാരകാരുടെ ജീവിതവും, അതിന്റെ പ്രതിവിധിയുമാണ് ‘നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ’ എന്ന പുസ്തകത്തിലൂടെ സഞ്ജയ് കുമാര്‍ ചോദിക്കുന്നത്.

എത് വ്യക്തിയേയും വഴിതെറ്റിക്കാന്‍ പ്രാപ്തിയുളള സൈബര്‍ ലോകത്തിന്റെ പിന്നാമ്പുറ കഥകളിലേക്ക് വെളിച്ചം വീശുന്ന ഈ പുസ്തകത്തിന് പ്രകാശനത്തിന് മുമ്പ് തന്നെ 5000 ലേറെ കോപ്പികള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചിരുന്നത്.

നിറം പിടിപ്പിച്ച സൈബര്‍ ലോകത്തിന് ചതിയും കാപട്യവും നിറഞ്ഞ മറ്റൊരു മുഖമുണ്ടെന്ന് പുസ്തകം ഓര്‍മ്മപ്പെടുത്തുന്നു.

ബ്‌ളൂവെയില്‍ അടക്കമുളള ഓണ്‍ലൈന്‍ മരണകളികളുടെ കാലത്ത് അതിനിരയാക്കപ്പെടുന്ന കൗമാരക്കാരെകൂടിയാണ് പുസ്തകം അഭിസംബോധന ചെയ്യുന്നത്.

21919397_2006243459611518_942572219_n

21 നൂറ്റാണ്ടിന്റെ ശാപവും, ശക്തിയുമായ സൈബര്‍ എന്ന മായലോകത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ പ്രയാണം ചെയ്യുന്ന ഈ പുസ്തകം കുട്ടികള്‍ വായിച്ചില്ലെങ്കിലും, അദ്ധ്യാപകരും ,രക്ഷിതാക്കളും വായിക്കാതിരിക്കരുത്. അക്ഷരം കൂട്ടിവായിക്കും മുന്‍പേ മൊബൈല്‍ ഫോണിനെ പരിചയപെടുന്ന ആധുനിക ലോകത്തെ പുതിയ തലമുറയ്ക്കുള്ള വലിയ മുന്നറിയിപ്പ് കൂടിയുണ്ടിതില്‍.

ആളെ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിം മുതല്‍ ഓണ്‍ലൈന്‍ മോഷ്ടാക്കള്‍ വരെയുളള നല്ലതും ചീത്തയുമായ കഥാപാത്രങ്ങള്‍ പുസ്തകത്തിന്റെ ഇതിവൃത്തമാണ്. കണക്കും സാമൂഹ്യശാസ്ത്രവും, ഒക്കെ പോലെ സിലബസിന്റെ ഭാഗമായി മാറെണ്ടതാണ് സൈബര്‍ ലോകവും ,അതിന്റെ നിയമവും എന്നതാണ് ഈ ഐപിഎസ് ഓഫീസറുടെ അഭിപ്രായം.

സൈബര്‍ ലോകത്ത് ഇടപഴകുന്ന ഒരോ വ്യക്തിയും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം രചിച്ച സഞ്ജയ് കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ എസ്പിയായും തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ കെ.എ.പി നാലാം ബറ്റാലിയല്‍ കമാന്ററാണ്‌.

ഒലീവ് പബ്ലിക്കേഷന്‍സ് ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിക്കിയ പുസ്‌കത്തിന്റെ ഔദ്യോഗികമായ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചത്.

 

Top