ആപ്പിള്‍ ഓഫീസുകളില്‍ ദക്ഷിണ കൊറിയന്‍ അധികൃതരുടെ പരിശോധന

സ്മാര്‍ട്ട് ഫോണ്‍ രംഗത്തു ഏറ്റവും മികച്ച കമ്പനിയായ ആപ്പിളിന്റെ ഐഫോണ്‍ ടെന്‍ പുറത്തിറക്കുന്നതിനു മുന്‍പ് സിയോളിലെ ആപ്പിള്‍ ഓഫീസുകളില്‍ ദക്ഷിണ കൊറിയന്‍ അധികൃതര്‍ പരിശോധന നടത്തിയതായി റിപ്പോര്‍ട്ട്.

ഐഫോണ്‍ ടെന്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ദക്ഷിണകൊറിയന്‍ അന്വേഷണ സംഘം ആപ്പിള്‍ ആസ്ഥാനം സന്ദര്‍ശിക്കുകയും ആപ്പിളിന്റെ പ്രവര്‍ത്തന രീതികളെകുറിച്ചു അന്വേഷിക്കുകയും ചെയ്തിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോഴുണ്ടായ പരിശോധന വിജയകരമായി വില്‍പന നടന്നുകൊണ്ടിരിക്കുന്ന ഐഫോണ്‍ ടെന്നിനെ തരം താഴ്ത്താനുള്ള ദക്ഷിണകൊറിയന്‍ അധികൃതരുടെ ശ്രമമാണെന്നാണു ആരോപണം.

അതേസമയം കൊറിയന്‍ പ്രാദേശിക ഫോണ്‍ നെറ്റ് വര്‍ക്കുകളുമായി ചേര്‍ന്നു ക്രമവിരുദ്ധ ഇടപാടുകള്‍ നടത്തുന്നുണ്ടെന്നാരോപിച്ചു ആപ്പിളിനെതിരെ കൊറിയ അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാല്‍ സാംസങ്, എല്‍ജി പോലുള്ള പ്രാദേശിക സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് കൊറിയ ഫെയര്‍ ട്രേഡ് കമ്മീഷന്‍ നടത്തുന്നതെന്നും ആരോപണമുയരുന്നുണ്ട്.

മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ആസ്ഥാനമായിട്ടും ദക്ഷിണകൊറിയയില്‍ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യതായാണുള്ളത്. ഇതിന്റെ ഭാഗമായാണു പുതിയ നടപടിയെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വെള്ളിയാഴച മുതലാണ് ദക്ഷിണകൊറിയയില്‍ ഐഫോണ്‍ ടെന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പനയാരംഭിച്ചത്.

Top