South Indian Maoist leaders meeting held at Nilambur forest

നിലമ്പൂര്‍: നാലു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കള്‍ പങ്കെടുത്ത എട്ടാമത് സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റി യോഗം നടന്നത് നിലമ്പൂര്‍ കാട്ടിലെ ട്രൈ ജംങ്ഷനിലെന്ന് മാവോയിസ്റ്റ് രേഖ.

സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജും അജിതയും വെടിയേറ്റു കൊല്ലപ്പെട്ട വരയന്‍മലയിലെ മാവോയിസ്റ്റ് ക്യാമ്പിലാണ് 2016 ജൂലൈ അഞ്ചിന് യോഗം നടന്നതെന്നാണ് വിവരം. മേഖലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിവരിക്കുകയും സ്വയം വിലയിരുത്തലുകളും പിഴവുകളും ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പോലീസിനു ലഭിച്ചത്.

PicsArt_01-14-05.23.08

പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രൈ ജംങ്ഷനില്‍ ആശയ പ്രചരണത്തിനുള്ള പി.എം.സി (പൊളിറ്റിക്കോ മിലിറ്ററി കാമ്പയിന്‍) വിജയകരമായി പൂര്‍ത്തിയാക്കി സായുധപോരാട്ടത്തിന് തയ്യാറെടുക്കാനുള്ള ഒരുക്കത്തോടുകൂടിയായിരുന്നു യോഗം.

കേന്ദ്ര കമ്മിറ്റി അംഗമായ രൂപേഷിന്റെയും സോണല്‍ കമ്മിറ്റി അംഗങ്ങളായ നാലു പേരുടെയും അറസ്റ്റോടെ 2015ല്‍ സ്‌പെഷല്‍ സോണ്‍ കമ്മിറ്റി യോഗം ചേരാനായില്ല. എന്നാല്‍ ഈവര്‍ഷം ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്തി ട്രൈ ജംങ്ഷനില്‍ സ്‌പെഷല്‍ സോണ്‍ കമ്മിറ്റി യോഗം ചേരാനായത് വിജയകരമാണെന്നാണ് രേഖയിലെ വിലയിരുത്തല്‍.

ജനപങ്കാളിത്തത്തോടെയും പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (പി.എല്‍.ജി.എ) അംഗങ്ങളുെട കാവലോടെയുമാണ് യോഗം നടത്തിയത്. വിമോചന പോരാട്ടത്തില്‍ കൊല്ലപ്പെട്ട സഖാക്കളായ ജെ.എം കൃഷ്ണ, സിനിക്, സിനോജ് യെല്ലപ്പ എന്നിവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും അവരുടെ വിമോചന സ്വപ്നം പൂവണിയിക്കാന്‍ പോരാടാനും നേതൃയോഗം പ്രതിജ്ഞയെടുത്തു.

രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പ്രധാനമായും പി.എം.സി ആശയ പ്രചരണവും രൂപേഷ് അടക്കമുള്ളവരുടെ അറസ്റ്റും അടക്കമുള്ളവ. രാഷ്ട്രീയമായും സൈനികമായും വിമോചനപോരാട്ടത്തിനു അനുകൂല സമയമായെന്നും വിലയിരുത്തി.

കേരളം പിന്നോക്ക സംസ്ഥാനമല്ലെന്നും മാവോയിസ്റ്റു പ്രസ്ഥാനത്തിന് ജനങ്ങളുടെ പിന്തുണലഭിക്കില്ലെന്നുമുള്ള ശത്രുക്കളുടെ പ്രചരണം ശരിയല്ലെന്നു പ്രവര്‍ത്തനത്തിലൂടെ ബോധ്യപ്പെട്ടതായും രേഖയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. അധികാരി വര്‍ഗവും രാാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ഏജന്റുമാരും 1980കളില്‍ നക്‌സല്‍ പ്രസ്ഥാനത്തെ പിളര്‍ത്തിയ സിവിക് ചന്ദ്രനും കെ. വേണുവും അടക്കമുള്ളവര്‍ക്കൊഴികെ വിപ്ലവം ആവശ്യമാണ്.

കര്‍ഷകരും കര്‍ഷകതൊഴിലാളികളും ആദിവാസികളും ചൂഷണത്തിനും അസമത്വത്തിനും ഇരയാകുന്നുണ്ട്. മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് ഇവരുടെ ഇടയില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഒന്നര വര്‍ഷമായി നൂറോളം ഗ്രാമങ്ങളില്‍ മാവോയിസ്റ്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം നടത്തി. ഗ്രാമീണ മേഖലയിലും നഗരങ്ങളിലും മികച്ച പിന്തുണയും സഹായങ്ങളും ലഭിച്ചു.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം കാരണം വനംവകുപ്പും പോലീസും ആദിവാസികളെ അടിച്ചമര്‍ത്തുന്നതില്‍ നിന്നും പിന്‍വലിഞ്ഞു. കേരളത്തിലെ നഗരങ്ങളില്‍ ഡസന്‍ കണക്കിന് യുവാക്കളും വിദ്യാര്‍ത്ഥികളും പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. തമിഴ്‌നാട്ടിലും വിദ്യാര്‍ത്ഥികളും സാമൂഹ്യ പ്രവര്‍ത്തകരായ യുവാക്കളും പാര്‍ട്ടിയിലേക്കു വന്നു.

എന്നാല്‍ ജനാധിപത്യവാദികളും ബുദ്ധിജീവികളും ഇത് എതിര്‍ക്കുകയാണ്. കാവി ഗുണ്ടകളും ഭരണവര്‍ഗവും പറയുന്ന വികസനം കൊണ്ട് ഇന്ത്യ സൂപ്പര്‍ പവര്‍ ആവുകയോ അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് ഗുണം ലഭിക്കുകയോയില്ലന്നും രേഖയില്‍ വ്യക്തമാക്കുന്നു.

രൂപേഷ് അടക്കമുള്ളവരുടെ അറസ്റ്റില്‍ കബനീ ദളവും മറ്റു ദളങ്ങളുടെയും ഗ്രാമ, നഗര സെല്ലുകളുമായുള്ള ബന്ധവും സംഘാടനത്തിലും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ വീഴ്ച മറികടന്ന് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കണം.

സഖാക്കളുടെ സുരക്ഷാ പിഴവും സ്വതന്ത്ര പ്രവര്‍ത്തനവുമാണ് അറസ്റ്റിന് വഴിവെച്ചതെന്ന കുറ്റപ്പെടുത്തലുമുണ്ട്. പ്രവര്‍ത്തനത്തില്‍ രഹസ്യാത്മക ഉറപ്പുവരുത്തണമെന്നും ഫോണ്‍, ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മതിയായ രഹസ്യ സ്വഭാവം നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ പാര്‍ട്ടിക്ക് ഗുരുതരമായ തിരിച്ചടികളുണ്ടാകുമെന്നും മാവോയിസ്റ്റ് നേതൃയോഗം വിലയിരുത്തി.

ചെറിയ പിഴവുകള്‍ പോലും എതിരാളിക്ക് വിജയം നല്‍കും. പോലീസിന്റെ തന്ത്രങ്ങളും അവയെ നേരിടാനുള്ള മറു തന്ത്രങ്ങളും രേഖയില്‍ വിശദീകരിക്കുന്നുണ്ട്. ആശയങ്ങളില്‍ പുലിയും തന്ത്രങ്ങളില്‍ കടലാസുപുലിയും ആകരുതെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. എല്ലാ പാര്‍ട്ടി അംഗങ്ങളും സോണല്‍ കമ്മിറ്റി അംഗങ്ങളും റിപ്പോര്‍ട്ട് സൂക്ഷ്മമായി വിലയിരുത്തണമെന്നും എട്ടാമത് സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലമ്പൂര്‍ കാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് ഒറ്റപ്പെട്ട വാര്‍ത്തകള്‍ വരുന്നതിനിടെ ദക്ഷിണേന്ത്യയിലെ സുപ്രധാന മാവോയിസ്റ്റ് നേതാക്കള്‍ പങ്കെടുത്ത സോണല്‍ കമ്മിറ്റി യോഗം ഇവിടെ ചേര്‍ന്നുവെന്ന വിവരം സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തെ ഞെട്ടിച്ചിരിക്കുകയാണ്.

സായുധ സമരത്തിന് സമയമായെന്നെ രേഖയിലെ പരാമര്‍ശത്തേയും അതീവ ഗൗരവമായാണ് പൊലീസും സര്‍ക്കാരും കാണുന്നത്.

Top