Soumya murder case-kerala government-review petition- Supreme Court

ന്യൂഡല്‍ഹി :സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രീം കോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയാണ് സംസ്ഥാനത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരേ കൊലപാതകത്തിനു വ്യക്തമായ തെളിവുകളുണ്ടെന്നും കൊലക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നല്‍കണമെന്നുമാണു സംസ്ഥാനത്തിന്റെ ആവശ്യം. ഐപിസി 300-ാം വകുപ്പിന്റെ സാധ്യത കേസില്‍ സുപ്രീം കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയിലുണ്ട്.

കൊലക്കുറ്റം ചുമത്തിയിരുന്ന 302-ാം വകുപ്പ് ഒഴിവാക്കി 325-ാം വകുപ്പ് ചുമത്തിയ സുപ്രീം കോടതിയുടെ വീഴ്ചയാണിതെന്നാണു പുനഃപരിശോധനാ ഹര്‍ജിയില്‍ സംസ്ഥാനത്തിന്റെ വാദം.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ശരീരത്തില്‍ മുറിവേല്‍പിക്കുകയെന്ന കുറ്റമാണ് ഐപിസി 300 പ്രകാരം ചുമത്തേണ്ടത്.

വിചാരണക്കോടതിയും കേരള ഹൈക്കോടതിയും ഗോവിന്ദച്ചാമിക്കു വിധിച്ച വധശിക്ഷ സുപ്രീം കോടതി ഒഴിവാക്കുകയും ബലാത്സംഗത്തിനു വിധിച്ച ജീവപര്യന്തം നിലനിര്‍ത്തുകയുമായിരുന്നു.

ഐപിസി 302 ഒഴിവാക്കിയ സുപ്രീം കോടതി ഐപിസി 325 ചുമത്തിയതോടെ ഏഴുവര്‍ഷം തടവുശിക്ഷയും ലഭിച്ചു. ഇതിനെതിരേയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി.

Top