Sonia takes charge of seat negotiations in UP

sonia gandhi

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സീറ്റു തര്‍ക്കത്തെ തുടര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ്സ്-എസ്പി സഖ്യം യാഥാര്‍ഥ്യമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഇടപെടുന്നു.

സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ സോണിയ എസ്.പി നേതൃത്വവുമായി ചര്‍ച്ചകള്‍ക്ക് നിയോഗിച്ചു.

സഖ്യമായി മല്‍സരിച്ചാല്‍ പരമാവധി 99-100 സീറ്റ്, അതല്ലെങ്കില്‍ പോരാട്ടം ഒറ്റയ്ക്ക്’ എന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്തമായ സന്ദേശം നല്‍കിയ സാഹചര്യത്തിലാണ് സീറ്റു വിഭജന ചര്‍ച്ചകളിലേക്ക് സോണിയ ഗാന്ധിയുടെ കടന്ന് വരവ്. തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ പ്രശാന്ത് കിഷോര്‍ മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ചര്‍ച്ച തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ആദ്യം കോണ്‍ഗ്രസിന് 141 സീറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ എസ്.പി പിന്നീട് നിലപാട് മാറ്റുകയായിരുന്നു. പിതാവ് മുലായം സിങുമായുള്ള തര്‍ക്കത്തില്‍ സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവിന് ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച് നല്‍കിയതോടെയാണ് ഈ മാറ്റം.

എസ്.പിക്കും ബിഎസ്പിക്കും ബിജെപിക്കും പിന്നില്‍ നാലാമതുള്ള കോണ്‍ഗ്രസിന് 110 സീറ്റു നല്‍കേണ്ടെന്ന ഉറച്ച നിലപാടിലാണ് എസ്.പി നേതൃത്വം.

റായ്ബറേലിയും അമേഠിയുമടക്കമുള്ള കോണ്‍ഗ്രസിന്റെ ഒമ്പത് സിറ്റിങ് സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ വിട്ടുവീഴ്ചയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയായിരുന്നുവെങ്കിലും 300 ല്‍ കുറഞ്ഞ സീറ്റുകളില്‍ മത്സരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് എസ്.പി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് ശുഭകരമായി എല്ലാം പര്യവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജ് ബബ്ബറും ഗുലാം നബി ആസാദും ചര്‍ച്ചകള്‍ക്കായി ലക്‌നൗവില്‍ തന്നെയുണ്ട്. സഖ്യത്തില്‍ ഇന്ന് അവസാന തീരുമുണ്ടാകുമെന്ന് ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 11 നാണ് ആരംഭിക്കുന്നത്.

Top