തെഹ്രീക് ഇ-ഹുറിയത്ത് അധ്യക്ഷന്റെ മകന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി വിവരം

hisbul

ശ്രീനഗര്‍: തെഹ്രീക് ഇ-ഹുറിയത്ത് അധ്യക്ഷന്റെ മകന്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി വിവരം. മുഹമ്മദ് അഷ്റഫ് സെഹ്റായിയുടെ മകന്‍ ജുനൈദ് അഷ്റഫണാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതായി വിവരം ലഭിച്ചത്. ജമ്മു കശ്മീര്‍ പോലീസിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

ജുനൈദ് ഭീകര സംഘടനയില്‍ ചേര്‍ന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. എ.കെ. 47 റൈഫിളുമായി ജുനൈദ് നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സയ്യിദ് അലി ഷാ ഗീലാനി അധ്യക്ഷ പദവി ഒഴിഞ്ഞശേഷം ആ സ്ഥാനത്തെത്തിയ നേതാവാണ് സെഹ്റായി. വിഘടനവാദ ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറുപാര്‍ട്ടികളുടെ കൂട്ടായ്മയായ ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സിലെ കക്ഷിയാണ് തെഹ്രീക് ഇ ഹുറീയത്ത്.

യുവാവിനെ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തൊട്ടു പിന്നാലെയാണ് എ.കെ. 47 റൈഫിളുമായി നില്‍ക്കുന്ന ജുനൈദിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

അതേസമയം, ജുനൈദ് ഭീകര സംഘടനയില്‍ ചേര്‍ന്ന കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കാന്‍ ജമ്മു കശ്മീര്‍ ഡി.ജി.പി ഡോ. എസ്.പി വൈദ് തയ്യാറായില്ല.യുവാവിനോട് വീട്ടിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെടാന്‍ മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചതായി വൈദ് മാധ്യമങ്ങളോട് പറഞ്ഞു.

Top