സൊമാലിയ സഹായ ഉച്ചകോടിക്ക് കുവൈറ്റ് വേദിയാവുമെന്ന് അംബാസഡര്‍

കുവൈറ്റ്: സൊമാലിയയെ സാമ്പത്തികമായി സഹായിക്കാന്‍ വിളിച്ചു ചേര്‍ക്കുന്ന വിവിധ രാജ്യങ്ങളുടെ സമ്മേളനത്തിന് കുവൈറ്റ് വേദിയാവും. കുവൈറ്റ് അംബാസഡര്‍ ജാസിം അല്‍ ബുദൈവിയാണ് ഇക്കാര്യം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്.

ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിനാണ് ഉച്ചകോടി ചേരുന്നത്. തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും, ദാരിദ്ര്യം, തീവ്രവാദം തുടങ്ങിയവ തടയുന്നതിനും, സാമൂഹിക വികസനം സാധ്യമാക്കുന്നതിനുമുള്ള പ്രധാന അടിസ്ഥാനം വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു. സൊമാലിയയുടെ ഭദ്രമായ ഭാവിക്ക് നിര്‍ദിഷ്ട ഉച്ചകോടി അടിത്തറയിടുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ലഭിക്കുന്ന അവസരമായി കണ്ട് എല്ലാ രാജ്യങ്ങളും ഉച്ചകോടിയുമായി സഹകരിക്കണമെന്നും, കഴിഞ്ഞ വര്‍ഷം മാത്രം കുവൈറ്റ് 50 ദശലക്ഷം ഡോളര്‍ സോമാലിയയിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയെന്നും ബുദൈവി വ്യക്തമാക്കി. ഇതിന് പുറമെ ഒന്നര ദശലക്ഷം ഡോളര്‍ കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യ നവീകരണത്തിനും 28 ദശലക്ഷം ഡോളര്‍ വിമാനത്താവള വികസനത്തിനും നല്‍കി. പ്രതിസന്ധികളുടെ ഘട്ടത്തില്‍നിന്ന് നിക്ഷേപത്തിന്റെ ഘട്ടത്തിലേക്ക് മാറാന്‍ ഇപ്പോള്‍ സമയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top