സോളാർ കമ്മിഷൻ റിപ്പോർട്ട് മുൻനിർത്തി മാത്രം നടപടി സ്വീകരിച്ചാൽ ‘പണി’ പാളുമെന്ന്

കൊച്ചി: സോളാർ അന്വേഷണ റിപ്പോർട്ട് മുൻനിർത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച സർക്കാറിനെ പിന്നോട്ടടിപ്പിച്ച നിയമോപദേശം പുറത്ത്.

മനോരമ ന്യൂസ് ചീഫ് റിപ്പോർട്ടർ അനിൽ ഇമാനുവലാണ് സുപ്രീം കോടതി മുൻ ജസ്റ്റിസ് അരിജിത് പസായത് നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് പുറത്തുവിട്ടത്.

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം പുതിയ കേസോ നടപടിയോ പാടില്ലന്നതാണ് മുൻ ജസ്റ്റിസ് സർക്കാറിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

അന്വേഷണ കമ്മിഷൻ എന്നത് കോടതിയല്ലെന്നും തലപ്പത്തുള്ളയാൾ ജഡ്ജിയല്ലന്നും അങ്ങനെ ഒരിക്കലും പ്രവർത്തിക്കാൻ പാടില്ലെന്നുമെല്ലാം ഓർമ്മപ്പെടുത്തുന്നതാണ് നിയമോപദേശം.

കമ്മിഷനുകൾക്ക് ജുഡീഷ്യൽ സ്വഭാവമില്ലാത്തതിനാൽ അവയുടെ ശുപാർശകൾ അപ്പാടെ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് സർക്കാറിന് വെളിപാടുണ്ടായത് മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുകൂടിയായിരുന്ന ഡോ.അരിജിത് പസായതിന്റെ ഈ വിലപ്പെട്ട നിയമോപദേശത്തെ തുടർന്നായിരുന്നു.

‘ഈ റിപ്പോർട്ട് സ്വീകരിക്കണോ എന്ന കാര്യം സർക്കാറിനു തീരുമാനിക്കാമെന്നും സ്വീകരിക്കുന്നുവെങ്കിൽ നിയമപ്രകാരം രൂപീകരിക്കുന്ന അന്വേഷണ സംഘത്തിന് കൈമാറി നടപടിയെടുക്കാൻ മതിയായ വിവരങ്ങളുണ്ടോയെന്ന് അവരോട് പരിശോധിക്കാൻ ആവശ്യപ്പെടാമെന്നും ജസ്റ്റിസ് നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അത്തരം ഒരു അന്വേഷണ ഏജൻസിക്കല്ലാതെ മറ്റാർക്കും ഇക്കാര്യത്തിൽ നിയമപരമായി തുടർ നടപടി സ്വീകരിക്കാൻ യാതൊരു അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോളാർ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളുടെ പരിഗണനയിലുള്ള നാൽപ്പതോളം കേസുകളുമായി ബന്ധപ്പെട്ടാണ് ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശകൾ എന്നതിനാൽ കൂടുതലായി നടപടികൾ സ്വീകരിക്കാൻ സർക്കാറിന് മുന്നിൽ മറ്റു വഴികളില്ലന്നും നിയപോപദേശത്തിൽ എടുത്ത് പറയുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പെട്ടന്ന് തന്നെ ഉമ്മൻചാണ്ടിയടക്കുള്ളവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയത്.

ദക്ഷിണമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ സോളാർ റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു തുടർ നടപടിയും അവരും സ്വീകരിച്ചിട്ടില്ല.

ചുരുക്കി പറഞ്ഞാൽ ആദ്യ രണ്ടു ദിവസത്തെ ‘മാധ്യമ വിചാരണ’യിൽ പൊതു സമൂഹത്തിന് മുന്നിൽ തലകുനിക്കേണ്ട സാഹചര്യം യു.ഡി.എഫ് നേതാക്കൾക്കുണ്ടാക്കിയത് മാത്രമാണ് സോളാറിൽ ഭരണപക്ഷത്തിന്റെ ‘നേട്ടം’

Top