സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; സൂത്രധാരന്‍മാര്‍ അറസ്റ്റില്‍, 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്താലില്‍ പ്രധാന സൂത്രധാരന്‍മാര്‍ അറസ്റ്റില്‍
കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു (20), നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ് (22), നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍(21), നെല്ലിവിള കുന്നുവിളവീട്ടില്‍ അഖില്‍(23), തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എം.ജെ. സിറില്‍ എന്നിവരാണ് അറസ്റ്റിലായത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കി ആദ്യ സന്ദേശം അയച്ചവരും ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയവരുമാണിവര്‍.

വ്യാഴാഴ്ച ,വെള്ളിയാഴ്ച തുടങ്ങിയ ദിവസങ്ങളിലാണ് അഞ്ചുപേരെയും പിടികൂടിയത്. അമര്‍നാഥിനെ കൊല്ലത്തുനിന്നും മറ്റുള്ളവരെ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്. മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അറസ്റ്റിലായവര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കൊപ്പം ആയിരത്തോളം അംഗങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞദിവസം തിരൂര്‍ കൂട്ടായിയില്‍നിന്ന്, മലപ്പുറത്തുള്ള വോയ്സ് ഓഫ് യൂത്ത്-നാല് ഗ്രൂപ്പിന്റെ അഡ്മിനായ പത്താംക്ലാസുകാരനെ പൊലീസ് പിടികൂടിയിരുന്നു. അമര്‍നാഥാണ് സംഘത്തലവനെന്ന് പൊലീസ് പറഞ്ഞു. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന ഇയാളെ മൂന്നുമാസം മുമ്പാണ് സംഘടനയില്‍നിന്ന് പുറത്താക്കിയത്. അന്നുമുതല്‍ ആര്‍.എസ്.എസിനെതിരേ പ്രചാരണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

ഹര്‍ത്താലെന്ന ആശയം അമര്‍നാഥിന്റേതാണ്. ഇത് മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. സുധീഷും അഖിലും അയല്‍വാസികളാണ്. മറ്റുള്ളവര്‍ തമ്മില്‍ നേരിട്ട് ബന്ധമില്ല. പ്ലസ് ടു തോറ്റ ഇവര്‍ സേ പരീക്ഷയ്ക്കുള്ള കേന്ദ്രത്തിലെ കൂട്ടുകാരുടെ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. അഖിലും സുധീഷും ഒഴിച്ചുള്ളവര്‍ പരസ്പരം നേരില്‍ കാണുന്നത് അറസ്റ്റിലായി മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ്.

കത്തുവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരേ പൊരുതണമെന്ന ആഹ്വാനമായി അഞ്ചുപേരും വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. ലിങ്ക് ഫെയ്സ്ബുക്കില്‍ ഇട്ടു. സമാനമായി ചിന്തിക്കുന്നവര്‍ക്ക് ഗ്രൂപ്പില്‍ ചേരാമെന്ന് നിര്‍ദേശവും നല്‍കി. വോയ്സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്സ് എന്നീ പേരിലുള്ള ഗ്രൂപ്പുകളായിരുന്നു അത്. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ സജീവമായവരോട് ജില്ലാതലത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ നിര്‍ദേശം നല്‍കി.

ഈ ഗ്രൂപ്പുകളിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ അഡ്മിന്‍മാര്‍ നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 11 തിങ്കളാഴ്ച നടന്ന ഹര്‍ത്താലിന് വെറും 48 മണിക്കൂര്‍ മുന്‍പായിരുന്നു തീരുമാനം.

ഹര്‍ത്താലിനു ശേഷവും കലാപം നടത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തു. പൊലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം.

അഞ്ചുമുതല്‍ പത്തുവരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
കലാപമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ലഹള കൂട്ടല്‍, ഗതാഗത തടസ്സം, കുട്ടികളുെട നേരെയുള്ള അതിക്രമം തടയല്‍ നിയമം ലംഘിച്ചു (കത്തുവയില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിന്) തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തുക.

സ്വന്തം പ്രൊഫൈലുകള്‍ ഉപയോഗിച്ചുതന്നെയാണ് ഇവര്‍ വാട്സാപ്പ് ഗ്രൂപ്പ് നടത്തിയത്. അത് പൊലീസിന് അന്വേഷണത്തില്‍ ഗുണകരമായി. അഡ്മിന്‍മാരെ പൊലീസ് തിരയുന്നത് മനസ്സിലാക്കിയ അഞ്ചുപേരും അറസ്റ്റ് ഉറപ്പിച്ചിരുന്നു. ജില്ലാ ഗ്രൂപ്പുകളില്‍പ്പെട്ടവരാകട്ടെ പലരും അറസ്റ്റ് ഭയന്ന് അഡ്മിന്‍ സ്ഥാനം ഒഴിഞ്ഞു. ചിലര്‍ ഗ്രൂപ്പുകള്‍ വിട്ടു.

Top