സോഷ്യല്‍മീഡിയ ഹര്‍ത്താല്‍; കസ്റ്റഡിയിലെടുത്ത രണ്ടു പേര്‍ക്ക് സംഘവരിവാര്‍ ബന്ധം

kathuva

കൊല്ലം: കത്തുവ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സന്ദേശം അയച്ചെന്നു കരുതുന്ന മുഖ്യസൂത്രധാരനെ അടക്കം അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മഞ്ചേരി പൊലീസാണ് ഇവരെ കസ്റ്റഡയിലെടുത്തത്.

കസ്റ്റഡിയില്‍ എടുത്തവരെല്ലാം ഗ്രൂപ്പിന്റെ അഡ്മിന്‍മാരാണ്. ഇതില്‍ ആദ്യം സന്ദേശം അയച്ചുവെന്ന് കരുതുന്നത് പത്തൊന്‍പതുകാരനായ കൊല്ലം തെന്‍മല സ്വദേശിയാണ്. ബാക്കി നാലുപേരും കിളിമാനൂര്‍ സ്വദേശികളാണ്.

ഇവരില്‍ രണ്ടുപേര്‍ക്ക് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് സൂചന. ഒരാള്‍ നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. അടുത്തിടെ ഇയാളെ പാര്‍ട്ടി പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ശിവസേനയിലേക്ക് ചേര്‍ന്നത്.

വോയ്‌സ് ഓഫ് ട്രൂത്ത്, വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്നീ പേരിലുള്ള രണ്ടു വാട്‌സാപ്പ് ഗ്രൂപ്പുകളുടെ മുഖ്യ അഡ്മിനാണു യുവാവെന്നു പൊലീസ് പറയുന്നു. കത്തുവ പെണ്‍കുട്ടിയുടെ പേരില്‍ രൂപീകരിച്ച ഒരു ഗ്രൂപ്പാണു പിന്നീടു വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്ന പേരിലേക്കു മാറ്റിയതെന്നു പൊലീസ് കണ്ടെത്തി.

ഈ യുവാവിനൊപ്പം തിരുവനന്തപുരം സ്വദേശികളായ നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെന്മല ഉറുകുന്ന് സ്വദേശി അമര്‍ നാഥ് ബൈജു, പത്തനാപുരം സ്വദേശിയായ യുവാവ് തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തെന്മലക്കാരന്‍ പിന്നീടു മറ്റു പല ഗ്രൂപ്പുകളിലേക്കും സന്ദേശം കൈമാറി. കസ്റ്റഡിയിലുള്ള മറ്റുള്ളവരെല്ലാം വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരാണ്.

Top