ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണം; ആധാറിനെതിരെ വീണ്ടും സ്‌നോഡന്‍

SNWODEN

ന്യൂഡല്‍ഹി: ആധാറിനെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി സാങ്കേതിക വിദഗ്ധന്‍ എഡ്വേഡ് സ്നോഡന്‍ രംഗത്ത്. വിവിധ സേവനങ്ങളിലേക്ക് തികച്ചും അനുയോജ്യമല്ലാത്ത വിധം തയാറാക്കിയ പ്രവേശന കവാടമാണ് ആധാര്‍ എന്നാണ് സ്നോഡന്റെ വിമര്‍ശനം. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സ്നോഡന്റെ ആരോപണം.

ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും അല്ലാതെ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കാനുള്ളതല്ലെന്നുമുള്ള യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ ട്വീറ്റിനെയും സ്നോഡന്‍ വിമര്‍ശിച്ചു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍, ഓഹരി വിവരങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സ്വത്തുവിവരങ്ങള്‍, ആരോഗ്യവിവരങ്ങള്‍, കുടുംബവിവരങ്ങള്‍, മതം, ജാതി, വിദ്യാഭ്യാസം ഇതിനെപ്പറ്റിയൊന്നും ഒരു വിവരവും ഡേറ്റാബേസിലില്ലെന്നും ട്വീറ്റില്‍ യുഐഡിഎഐ പറഞ്ഞിരുന്നു. ആധാറിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റാനുള്ളതെന്ന ഹാഷ്ടാഗോടെയായിരുന്നു വിശദീകരണം. ഇന്ത്യന്‍ ചാര സംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ(റോ) മുന്‍ തലവന്‍ കെ.സി.വര്‍മ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്നോഡന്‍ തന്റെ വിശദീകരണം നല്‍കിയിരിക്കുന്നത്. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബാങ്കുകളെയും ഭൂഉടമകളെയും ആശുപത്രികളെയും സ്‌കൂളുകളെയും ഫോണ്‍-ഇന്റര്‍നെറ്റ് കമ്പനികളെയും ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്ന് നിയമം മൂലം മാറ്റിനിര്‍ത്തിയാല്‍ മാത്രമേ അത്തരമൊരു കാര്യം സാധ്യമാകൂ എന്നായിരുന്നു സ്നോഡന്റെ മറുപടി.

സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമല്ല ഇന്ത്യയില്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ആരോടു ചോദിച്ചാലും മനസ്സിലാകും. അത്തരം കമ്പനികളുടെ കയ്യിലും ആധാര്‍ ഡേറ്റാബേസ് ഉണ്ടാകുമെന്നോര്‍ക്കണമെന്നും സ്നോഡന്‍ ചൂണ്ടിക്കാട്ടി.

Top