ചരക്കുസേവന നികുതി നടപ്പിലാകുന്നതോടെ ചെറു കാറുകള്‍ക്ക് വില വര്‍ധിക്കും

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി നടപ്പിലാകുന്നതോടെ ചെറുകാറുകള്‍ക്ക് വില വര്‍ധിക്കുമെന്ന്‌ ധനമന്ത്രാലയം.

വിവിധ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നാലു സ്ലാബ് നികുതി നിരക്ക് നിശ്ചയിച്ചിട്ടുള്ള ജി.എസ്.ടി. സംവിധാനം ജൂലായില്‍ നടപ്പിലാകുന്നതോടെ 10 കേന്ദ്ര നികുതികള്‍ക്കും സംസ്ഥാന നികുതികള്‍ക്കും പകരം ഒറ്റ നികുതി സമ്പ്രദായമാണ് വരുന്നത്.

ചെറു കാറുകള്‍ക്ക് നിലവില്‍ 12.5 ശതമാനം കേന്ദ്ര എക്‌സൈസ് നികുതിയും സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന, 14.515 ശതമാനം മൂല്യവര്‍ധിത നികുതിയും നല്‍കേണ്ടത്. അതായത് ആകെ 27-27.5 ശതമാനം നികുതി. ജി.എസ്.ടി. വരുമ്പോള്‍ 28 ശതമാനം സ്ലാബിലാണ് ചെറു കാറുകള്‍ വരിക. ഈ വ്യത്യാസം വിലയില്‍ പ്രതിഫലിക്കുമെന്നാണ് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്.

5, 12, 18, 28 ശതമാനം നികുതി നിരക്കുകളാണ് പുതിയ ചരക്കുസേവന നികുതിയില്‍ സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള നിരക്കിനോട് തൊട്ടടുത്തുള്ള നിരക്കായിരിക്കും ഓരോന്നിനും വരിക.

Top