‘റാപിഡ് മോണ്‍ടി കാര്‍ലോ’യുമായി സ്‌കോഡ ഇന്ത്യയില്‍

ചെക്ക് റിപ്പബ്ലിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹനനിര്‍മാതാക്കളായ സ്‌കോഡ തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ റാപിഡ് മോണ്‍ടി കാര്‍ലോ ഇന്ത്യയില്‍ പുറത്തിറക്കി.

സ്‌കോഡയുടെ മോട്ടോര്‍സ്‌പോര്‍ട് പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് റാപിഡ് മോണ്‍ടി കാര്‍ലോ.

നിലവിലുള്ള സ്‌കോഡ റാപിഡില്‍ നിന്നും കടമെടുത്തതാണ് പുതിയ മോഡലിന്റെ എഞ്ചിനും ഗിയര്‍ബോക്‌സും.

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ മോഡലില്‍ സ്‌കോഡ ലഭ്യമാക്കുന്നുണ്ട്.

103.5 bhp കരുത്തും 153 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് റാപിഡ് മോണ്‍ടി കാര്‍ലോയെ സ്‌കോഡ ഒരുക്കിയിരിക്കുന്നത്.

മാനുവല്‍ ഗിയര്‍ബോക്‌സില്‍ എത്തുന്ന റാപിഡ് മോണ്‍ടി കാര്‍ലോ പെട്രോള്‍ വേര്‍ഷന്‍ കാഴ്ചവെക്കുക 14.8 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ്‌.

15.41 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഓട്ടോമാറ്റിക് ഡിഎസ്ജി ഗിയര്‍ബോക്‌സോട് കൂടിയ റാപിഡ് മോണ്‍ടി കാര്‍ലോ പെട്രോള്‍ വേര്‍ഷനില്‍, സ്‌കോഡ നല്‍കുന്ന വാഗ്ദാനം.

1.5 ലിറ്റര്‍ എഞ്ചിനാണ് 2017 സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോ ഡീസല്‍ വേര്‍ഷന് ലഭിക്കുന്നത്.

108.4 bhp കരുത്തും 250 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഇടംപിടിക്കുന്നതും.

ഓട്ടോമാറ്റിക് ഡിഎസ്ജി ഗിയര്‍ബോക്‌സോട് കൂടിയ റാപിഡ് മോണ്‍ടി കാര്‍ലോ ഡീസല്‍ വേര്‍ഷന്‍, 21.72 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെക്കുമെന്നാണ് സ്‌കോഡയുടെ വാഗ്ദാനം.

സാധാരണ റാപിഡില്‍ നിന്നും ഒരല്‍പം ചമഞ്ഞ് ഒരുങ്ങിയാണ് പുതിയ റാപിഡ് മോണ്‍ടി കാര്‍ലോ എത്തിയിരിക്കുന്നത്.

ബ്ലാക് ഗ്രില്‍, സ്‌പോയിലര്‍, 16 ഇഞ്ച് ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകള്‍, റിയര്‍ ഫൊക്‌സ് ഡിഫ്യൂസര്‍ എന്നിവ പുതിയ ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഡ്യൂവല്‍ ടോണ്‍ റെഡ്, ബ്ലാക് ലെതര്‍ സീറ്റുകളുടെ പിന്തുണ നേടിയ ഓള്‍ബ്ലാക് തീമാണ് അകത്തളത്തെ പ്രധാന വിശേഷം.

സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പെഡലുകള്‍, മോണ്‍ടി കാര്‍ലോ ടാഗ് നേടിയ കസ്റ്റം ഡോര്‍ സില്ലുകള്‍, ബ്ലാക് ഫ്‌ളോര്‍ മാറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയര്‍ ഫീച്ചറുകള്‍.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക്, ബ്ലൂടൂത്ത്, AUX-in, യുഎസ്ബി, മൈക്രോ എസ്ഡി കാര്‍ഡ് കണക്ടിവിറ്റികളോടെയുള്ളതാണ് 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. സുരക്ഷാ മുഖത്തും വിട്ടുവീഴ്ചകള്‍ ഇല്ലാതെയാണ് പുതിയ മോഡല്‍ എത്തുന്നത്.

ഡ്യൂവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‌സി, ഹില്‍ഹോള്‍ഡ് (സ്റ്റാന്‍ഡേര്‍ഡ്), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സജ്ജീകരണങ്ങള്‍.

10.75 ലക്ഷം രൂപ ആരംഭവിലയിലാണ് റാപിഡ് മോണ്‍ടി കാര്‍ലോയെ സ്‌കോഡ അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, പുതിയ മാരുതി സിയാസ് എസ് മോഡലുകളോടാണ് വിപണിയില്‍ സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോ മത്സരിക്കുക.

ഫ്‌ളാഷ് റെഡ്, കാന്‍ഡി വൈറ്റ് നിറഭേദങ്ങളില്‍ ആണ് റാപിഡ് മോണ്‍ടി കാര്‍ലോ വരുന്നത്.

Top