പെണ്‍കുട്ടികളിലെ ചേലാ കര്‍മ്മം; സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശമിറക്കണമെന്ന് കേന്ദ്രം

cut

ന്യൂഡല്‍ഹി: പെണ്‍കുട്ടികളിലെ ചേലാ കര്‍മ്മം തടയാന്‍ മാര്‍ഗ നിര്‍ദേശമിറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു .ഇതു സംബന്ധിച്ചുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇക്കാര്യം കോടതിയോട് ആവശ്യപ്പെട്ടത്. കേസില്‍ കേരളത്തെയും തെലങ്കാനയെയും കക്ഷി ചേര്‍ത്തുകൊണ്ട് സുപ്രീംകോടതി ഇരുസംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജിയില്‍ കേന്ദ്രം മറുപടി നല്‍കിയിട്ടുണ്ട്.

നിലവിലെ നിയമങ്ങള്‍പ്രകാരം ഇത് ഏഴുവര്‍ഷം രെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നിവ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 319, 326 വകുപ്പുകള്‍പ്രകാരം കുറ്റകരമാണ്.

കൂടാതെ, മഹാരാഷ്ട്രയിലെ ഊരുവിലക്ക് നിരോധന നിയമപ്രകാരവും ഇത് കുറ്റകരമാകമെന്നും ഏതെങ്കിലും സമുദായങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന ചട്ടങ്ങള്‍ അനുസരിക്കാത്തവരെ ഊരുവിലക്കുന്നത് ഏഴുവര്‍ഷം വരെ തടവോ അഞ്ചുലക്ഷംരൂപവരെ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും ഈ നിയമത്തില്‍ പറയുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

പെണ്‍കുട്ടികളിലെ ചേലാകര്‍മം നിരോധിക്കണമെന്നും ഇത് ശിക്ഷാര്‍ഹവും ജാമ്യമില്ലാത്തതുമായ കുറ്റമാക്കണമെന്നും ആവശ്യവുമായി അഡ്വ. സുനിതാ തിവാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദാവൂദി ബോറ സമുദായത്തില്‍ നടന്നുവരുന്ന ഈ ആചാരത്തെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമൊന്നുമില്ലെന്നും വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. ദാവൂദി ബോറ സമുദായത്തിലെ പെണ്‍കുട്ടികളെ ചേലാകര്‍മത്തിന് വിധേയരാക്കുന്നതിനെക്കുറിച്ചുള്ള ‘എ പിഞ്ച് ഓഫ് സ്‌കിന്‍’ എന്ന ഡോക്യുമെന്ററിയെപ്പറ്റി ജസ്റ്റിസ് ചന്ദ്രചൂഡ് പരാമര്‍ശിച്ചു.

കേരളത്തിലും തെലങ്കാനയിലും സ്ത്രീകളിലെ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ അറിയിച്ചു. ഇതോടെ, ഹര്‍ജിയുടെ പകര്‍പ്പ് ഇരുസംസ്ഥാനങ്ങള്‍ക്കും നല്‍കാന്‍ ആവശ്യപ്പെട്ട കോടതി, കേസ് അന്തിമവാദത്തിനായി ജൂലൈ മാസത്തിലേക്ക് മാറ്റി.

Top