സിന്‍ഹ കോണ്‍ഗ്രസ്സുകാരെ പോലെ; പാര്‍ട്ടി വിട്ടതില്‍ അത്ഭുതമില്ലെന്ന് ബിജെപി

Yashwant Sinha

ന്യൂഡല്‍ഹി: യശ്വന്ത് സിന്‍ഹയുടെ പെരുമാറ്റവും പ്രവൃത്തിയും കോണ്‍ഗ്രസ്സുകാരനെപോലെയായിരുന്നുവെന്നും അദ്ദേഹം പാര്‍ട്ടി വിട്ടതില്‍ അത്ഭുതമില്ലെന്നും ബിജെപി വക്താവ് അനില്‍ ബലൂനി. അദ്ദേഹത്തിന്റെ പ്രതികരണങ്ങളും എഴുത്തും കോണ്‍ഗ്രസിനോട് സമാനമായിരുന്നുവെന്നും ബലൂനി ആരോപിച്ചു

ബിജെപി സിന്‍ഹയ്ക്ക് ഒട്ടേറെ പദവികളും ബഹുമാനവും നല്‍കിയിരുന്നു, എന്നാല്‍ അദ്ദേഹം അതിന് അര്‍ഹനല്ലെന്നും ബലൂനി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്ന നേതാവിനെ പോലെ ആയിരുന്നു യശ്വന്ത് സിന്‍ഹയെന്നും അനില്‍ ബലൂനി കുറ്റപ്പെടുത്തി.

ബിജെപി വിടുന്നതായും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശനിയാഴ്ചയാണ് യശ്വന്ത് സിന്‍ഹ അറിയിച്ചത്. സിന്‍ഹയും ബിജെപി എം പി ശത്രുഘ്നന്‍ സിന്‍ഹയും ചേര്‍ന്ന് രൂപീകരിച്ച ‘രാഷ്ട്ര മഞ്ച്’ ചര്‍ച്ചാവേദി സംഘടിപ്പിച്ച സമ്മേളന വേദിയില്‍ വച്ചായിരുന്നു പ്രഖ്യാപനം. കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കള്‍ കൂടി പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനം.

താന്‍ സ്വയം ബിജെപി വിടില്ലെന്നും പാര്‍ട്ടിക്കു വേണമെങ്കില്‍ പുറത്താക്കാമെന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. രാഷ്ട്ര മഞ്ച് എന്ന പേരില്‍ രാഷ്ട്രീയ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ദേശീയ പ്രസ്ഥാനമാണെന്നുമാണു യശ്വന്ത് സിന്‍ഹയുടെ അവകാശവാദം.

എ ബി വാജ്പേയി മന്ത്രിസഭയില്‍ ധനം, വിദേശകാര്യ വകുപ്പുകളാണ് സിന്‍ഹ കൈകാര്യം ചെയ്തിരുന്നത്. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിക്കെതിരെ ശക്തമായ നിലപാടുകള്‍ സിന്‍ഹ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ ജയന്ത് സിന്‍ഹ നിലവില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാണ്.

Top