സിമി ഏറ്റുമുട്ടല്‍ ; കേന്ദ്രത്തിനും മധ്യപ്രദേശിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ഏറ്റുമുട്ടലിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനും മധ്യപ്രദേശ് സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

നാലു ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടാതിരുന്നതെന്നും കോടതി ചോദിച്ചു.

2016 ഒക്‌ടോബറിലാണ് ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റു മുട്ടലില്‍ കൊല്ലപ്പെട്ടത്. പ്രതികള്‍ ജയില്‍ ചാടിയതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നും ഏറ്റുമുട്ടലിനിടെ അവര്‍ കൊല്ലെപ്പടുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.

നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍ ഒക്ടോബര്‍ 31 ന് ഭോപ്പാലില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.

കൂട്ടത്തില്‍ മരിച്ച ഒരു പ്രവര്‍ത്തകന്റെ അമ്മ കേസ് സി ബി ഐക്ക് വിടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.

Top