കോണ്‍ഗ്രസിന്റെ തലയില്‍ വെക്കണ്ട ; ഭണ്ഡാരിയുമായി ബന്ധമുള്ളത് ബിജെപിക്കെന്ന് അഭിഷേക് സിങ്വി

ന്യൂഡല്‍ഹി: ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായി ബിജെപിക്കാണ് ബന്ധമുള്ളതെന്ന് കോണ്‍ഗ്രസ്.

ഇന്ത്യയില്‍ നിന്നും ഭണ്ഡാരിയെ രക്ഷപ്പെടാന്‍ സഹായിച്ചത് എന്‍ഡിഎ സര്‍ക്കാരാണെന്നും, കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജപതി രാജുവുമായി ഭണ്ഡാരിക്ക് അടുത്ത ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ആരോപിച്ചു.

റോബര്‍ട്ട് വദ്രയുമായി ഭണ്ഡാരിക്ക് ബന്ധമുണ്ടെന്ന ബിജെപി വാദം തട്ടിക്കൂട്ട് കഥയാണെന്നും, തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാരും ബിജെപിയും ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും അഭിഷേക് സിങ്വി ചോദിച്ചു.

ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയും സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെപ്പറ്റി കോണ്‍ഗ്രസ് വിശദീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തിയിരുന്നു.

യു.കെയിലേക്ക് കടന്ന ആയുധ വ്യാപാരിയുമായി വദ്രയ്ക്ക് ബന്ധമുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെപ്പറ്റി കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് നിര്‍മ്മല സീതാരാമന്‍ ആരാഞ്ഞു.

ആയുധ ഇടപാടുമായി ബന്ധപ്പെട്ട് സ്വിസ് കമ്പനിയില്‍നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ഭണ്ഡാരിയുടെ കമ്പനി അന്വേഷണം നേരിടുകയാണ്. അതിനിടെയാണ് ഭണ്ഡാരി യു.കെയിലേക്ക് കടന്നത്.

ഭണ്ഡാരിയും വദ്രയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഇമെയില്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2012 ഓഗസ്റ്റില്‍ വദ്രയ്ക്കുവേണ്ടി ഭണ്ഡാരി എട്ട് ലക്ഷംരൂപയുടെ വിമാന ടിക്കറ്റുകള്‍ വാങ്ങിയെന്നും ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എമിറേറ്റ്‌സ് വിമാന ടിക്കറ്റുകളാണ് വാങ്ങിയതെന്നും ചാനല്‍ അവകാശപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇക്കാര്യങ്ങളെല്ലാം അറിയാം എന്നതാണോ അവരുടെ മൗനം വ്യക്തമാക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഭണ്ഡാരിയും വദ്രയും തമ്മില്‍ ബന്ധമുണ്ടോയെന്ന് കണ്ടെത്തേണ്ടത് സി.ബി.ഐ പോലെയുള്ള ഏജന്‍സികളാണെന്നും, ബന്ധമുണ്ടെന്ന വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും സി.ബി.ഐയോടും വിവരങ്ങള്‍ തേടേണ്ടിവരുംമെന്നും, എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിശബ്ദത പാലിക്കരുതെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

Top