പിഴയടച്ച വിദ്യാര്‍ത്ഥി രസീത് ചോദിച്ചതിനെ തുടര്‍ന്ന് എസ്‌ഐയുടെ ക്രൂരമര്‍ദനം

ചെന്നൈ:ട്രാഫിക്ക് നിയമം തെറ്റിച്ചതിന് പിഴയടച്ച വിദ്യാര്‍ത്ഥി രസീത് ചോദിച്ചതിനെ തുടര്‍ന്ന് എസ്‌ഐയുടെ ക്രൂരമര്‍ദനം. ചെന്നൈ ചെത്‌പെട്ട് സ്പര്‍ടാങ്ക് റോഡിലാണ് സംഭവം നടന്നത്. ചൂളൈമേട് സ്വദേശി ഹാരൂണ്‍ സേട്ടാണ് (22) എസ്‌ഐയുടെ ക്രൂരമര്‍ദനത്തിന് ഇരയായത്.

പിഴ അടച്ചതിന്റെ രസീത് ചോദിച്ചപ്പോള്‍ ചെത്‌പെട്ട് ട്രാഫിക് എസ്‌ഐ ഇളയരാജ ഹാരൂണിനെ ലാത്തി കൊണ്ട് മര്‍ദിച്ചുവെന്നാണ് പരാതി.

ഇരുചക്ര വാഹനത്തില്‍ സുഹൃത്തിന് ഒപ്പം യാത്ര ചെയ്തിരുന്ന ഇവരുടെ വണ്ടി തടഞ്ഞ് ട്രാഫിക് ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുഹൃത്തിന്റെ കൈയില്‍ ലൈസന്‍സ് ഇല്ലായിരുന്നതു കൊണ്ട് 300 രൂപ ട്രാഫിക് ഉദ്യോഗസ്ഥര്‍ പിഴയായി ഈടാക്കി. പക്ഷേ രസീത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

എസ്‌ഐ ഇളയരാജയോട് രസീത് ചോദിച്ച ഹാരൂണിനോട് രേഖകള്‍ ആവശ്യപ്പെട്ടങ്കിലും ഹാരൂണിന്റെ കൈവശം രേഖകള്‍ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ക്ഷുഭിതനായ എസ്‌ഐ മുഖത്തടിക്കുകയും ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയും ചെയുകയായിരുന്നു. മാപ്പ് പറഞ്ഞതിന് ശേഷമാണ് മര്‍ദനം അവസാനിപ്പിച്ചത്.

രാത്രി ഒന്നരയോടെ ബന്ധുക്കള്‍ എത്തിയതിനു ശേഷമാണ് ഹാരൂണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം പൊലീസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

എന്നാല്‍ ഹാരൂണിന്റെ കൈയില്‍ യഥാര്‍ത്ഥ രേഖകള്‍ ഇല്ലായിരുന്നെന്നും ഹാരൂണ്‍ നല്‍കിയ ഫോട്ടോ കോപ്പിയിലെ പേരും പറഞ്ഞപേരും വ്യത്യസ്തമായിരുന്നു പൊലിസ് പറഞ്ഞു. എസ്‌ഐയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവിനെ തടയാനാണ് ലാത്തി വീശിയത്. ഹാരൂണിന് കാര്യമായ പരിക്കില്ലന്നും പൊലിസ് പറഞ്ഞു.

Top