ക്വട്ടേഷന്‍ നല്‍കിയത് ഡിവൈഎഫ്‌ഐ നേതാവ്, രക്ഷിക്കുമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കി; ആകാശ്

Shuhaib murder

കണ്ണൂര്‍ : ഷുഹൈബ് വധക്കേസില്‍ സിപിഐഎമ്മിനും നേതാക്കള്‍ക്കുമെതിരെ അറസ്റ്റിലായ പ്രതി ആകാശിന്റെ മൊഴി. ഷുഹൈബിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവെന്ന് ആകാശ് തില്ലങ്കേരി പറഞ്ഞു. ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നു, അടിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും പറഞ്ഞു. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായമുണ്ടാകുമെന്നും ഉറപ്പ് കിട്ടിയെന്നും പ്രതി ആകാശ് മൊഴി നല്‍കി.

കൃത്യം നടത്തിയ ശേഷം നാട്ടിലേക്ക് തിരിച്ചു. ഒരു ക്ഷേത്രോത്സവത്തില്‍ രാത്രി ഒരു മണിവരെ പങ്കെടുക്കുകയും ചെയ്തു. ഷുഹൈബ് മരിച്ചെന്ന് അറിഞ്ഞ ശേഷമാണ് ഒളിവില്‍ പോയത്. ഒളിവില്‍ കഴിയാന്‍ ചില പ്രാദേശിക നേതാക്കളുടെ സഹായം ലഭിച്ചു. ഷുഹൈബിനെ ആക്രമിച്ച ശേഷം രണ്ട് വാഹനങ്ങളിലാണ് തില്ലങ്കേരിയിലേക്ക് തിരിച്ചത്. ആദ്യ വാഹനം പിന്നീട് മാറിയിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളാണ് ആയുധങ്ങള്‍ കൊണ്ടുപോയതെന്നും ഇത് എവിടെയാണെന്ന് അറിയില്ലെന്നും ആകാശ് പൊലീസിനോട് വെളിപ്പെടുത്തി.

Top