ഷുഹൈബിന്റെ കൊലപാതകം ആസൂത്രിതം; അറസ്റ്റിലാകാനുള്ളത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

Shuhaib1

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചതായി പോലീസിന്റെ വെളിപ്പെടുത്തല്‍. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ശുഹൈബിനെ ആക്രമിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

അതേസമയം, ഷുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല്‍ വെട്ടാന്‍ മാത്രമായിരുന്നു തീരുമാനമെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കൊലയാളി സംഘത്തില്‍ ആകെ അഞ്ച് പേരാണുള്ളത്. അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണ്. കഴിഞ്ഞ ദിവസം കീഴടങ്ങിയ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നതായും പോലീസ് വ്യക്തമാക്കി. കേസില്‍ ഇനി അറസ്റ്റിലാകാനുള്ളത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും പൊലീസ് വെളിപ്പെടുത്തി.

കൊലയാളി സംഘത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കേസില്‍ ഇനിയും പിടിയിലാകാനുള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഷുഹൈബ് (30) കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.

Top