എടിഎമ്മുകള്‍ കാലി, കറന്‍സിക്ഷാമം രൂക്ഷം! വീഴ്ച പറ്റിയത് ആര്‍ക്ക്?

നോട്ടുനിരോധനം, കറന്‍സി ക്ഷാമം എന്നൊക്കെ ഒരു പേടിയോടെയല്ലാതെ നമുക്ക് കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ല. ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും എടിഎമ്മുകള്‍ കാലിയായി എന്ന വാര്‍ത്ത നോട്ടുനിരോധനത്തിന്റെ ഓട്ടപ്പാച്ചിലിലും ദുരിതവുമാണ് ഓര്‍മിപ്പിക്കുന്നത്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നടത്തിവരുന്നുണ്ട്. എന്നാല്‍ എവിടെയാണ് വീഴ്ച പറ്റിയത്? പെട്ടെന്നെങ്ങനെയാണ് ഇത്തരമൊരു കറന്‍സിക്ഷാമം പൊട്ടിമുളച്ചത്?

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നോട്ടുകളുടെ ആവശ്യകതയില്‍ അസാമാന്യവര്‍ധനവുണ്ടായെന്ന് ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് കൂടുതല്‍ കറന്‍സി വിതരണം ഉറപ്പുവരുത്താന്‍ സര്‍ക്കാരും ആര്‍ബിഐയും പ്രതിജ്ഞാബദ്ധമാകേണ്ടിയിരുന്നു, അതുണ്ടായില്ല.

പുതിയ നോട്ടുകള്‍ക്കനുസരിച്ച് എടിഎമ്മുകള്‍ പുനക്രമീകരിക്കേണ്ടി വരുന്നതും ആസൂത്രണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളുമാണ് നോട്ടുക്ഷാമത്തിന് പിന്നിലെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കുമെന്നും ആര്‍ബിഐ ഉറപ്പുനല്‍കുന്നു. എന്നാല്‍ സംസ്ഥാനങ്ങളില്‍ കറന്‍സിയുടെ ആവശ്യകതയും വിതരണവും തമ്മിലെ പൊരുത്തക്കേട് ആണ് ക്ഷാമത്തിന് പിന്നിലെങ്കില്‍ കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമോ?

നോട്ടുനിരോധനത്തിന് ശേഷം കറന്‍സി-ജിഡിപി അനുപാതം ഗണ്യമായി കുറഞ്ഞു. ഇതേത്തുടര്‍ന്നാണ് കാഷ്‌ലെസ് മാര്‍ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നാം തീരുമാനിച്ചത്. നോട്ടുനിരോധനത്തിന് ശേഷം കറന്‍സിയുടെ പ്രചാരണം പഴയപടിയായത് ഈ വര്‍ഷമാദ്യം മാത്രമാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ കുറയുകയും കറന്‍സി ഇടപാടുകള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കാഷ്‌ലെസ് എന്നതുമാറി കറന്‍സിയുടെ നേരിട്ടുള്ള ഉപയോഗം വര്‍ധിച്ചിട്ടുണ്ടെങ്കില്‍ പ്രചാരണവും അതേ തോതില്‍ വര്‍ധിക്കേണ്ടതാണ്. എന്നാല്‍ ഈ വര്‍ധനവ് മുന്നില്‍ക്കാണുന്നതില്‍ ആര്‍ബിഐക്ക് വീഴ്ച പറ്റി എന്നുവേണം മനസ്സിലാക്കാന്‍?

കറന്‍സിക്ഷാമത്തിന് പിന്നില്‍ മറ്റ് പല കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍, സാമ്പത്തികവളര്‍ച്ച എന്നിവയാണ് ഇതില്‍ പ്രധാനം. നോട്ടുനിരോധനത്തിന്റെ ഓര്‍മയില്‍ മുന്‍കരുതലെന്നോണം വലിയ തോതില്‍ കറന്‍സി കൈവശം വെക്കുന്ന പ്രവണതയും നിലവിലുണ്ട്.

കാരണമെന്ത് തന്നെയായാലും എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം ആര്‍ബിഐക്കും സര്‍ക്കാരിനുമുണ്ട്. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമായിരുന്നു നോട്ടുനിരോധനം എന്നായിരുന്നല്ലോ വിശദീകരണം. അപ്രതീക്ഷിതമായ ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒരുതവണ രാജ്യം അനുഭവിച്ചതാണ്. നോട്ടുനിരോധനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം നാം ചര്‍ച്ച ചെയ്തുകഴിഞ്ഞതുമാണ്.

ഇനിയൊരിക്കല്‍ കൂടി അത്തരമൊരു ദുരിതത്തിലേക്ക് ജനങ്ങളെ തള്ളിവിടരുത്. ക്ഷാമത്തിന്റെ തീവ്രത മുന്നില്‍ക്കണ്ട് മതിയായ കറന്‍സി എത്തിക്കുക എന്നതാണ് ആര്‍ബിഐയും സര്‍ക്കാരും അടിയന്തരമായി ചെയ്യേണ്ടത്.

Top